'വെളുക്കാൻ വേണ്ടി പ്രത്യേക ചികിത്സ ചെയ്തു'; പരിഹാസത്തിന് ഉടൻ മറുപടി നൽകി ബിപാഷ
ബോളിവുഡിൽ തിളങ്ങിയ താരമാണ് നടി ബിപാഷ ബസു. മോഡലിംഗിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന ബിപാഷയ്ക്ക് കരിയറിൽ വിജയം നേടുക എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും കടുത്ത മത്സരം നടക്കുന്ന ഹിന്ദി സിനിമാ രംഗത്ത്. ബി ടൗണിലെ സെക്സ് സിംബലായി ഒരു കാലത്ത് അറിയപ്പെട്ട നടിയാണ് ബിപാഷ. റേസ് ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. എന്നാൽ പലപ്പോഴും സിനിമാ രംഗത്ത് നിന്ന് അവഗണനകളും നടിക്ക് നേരിടേണ്ടി വന്നു.
നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട സാഹചര്യം ബിപാഷയ്ക്കുണ്ടായി. വെളുത്ത നിറമുള്ള നായികമാർക്ക് മാത്രം സ്വീകാര്യത ലഭിച്ചിരുന്ന കാലഘട്ടത്തിലാണ് ഇരുനിറമുള്ള ബിപാഷയുടെ കടന്ന് വരവ്. 'ഡസ്കി ബ്യൂട്ടി' എന്നാണ് അന്ന് മാധ്യമങ്ങൾ ബിപാഷയെ വിശേഷിപ്പിച്ചത്. മുമ്പൊരിക്കൽ നിറത്തിന്റെ പേരിൽ വന്ന പരിഹാസത്തിന് തക്കതായ മറുപടി ബിപാഷ നൽകിയിട്ടുണ്ട്. വെളുത്ത നിറം ലഭിക്കാൻ വേണ്ടി 'സ്കിൻ ലൈറ്റനിംഗ് ട്രീറ്റ്മെന്റ്' ചെയ്തെന്നാണ് ബിപാഷയ്ക്ക് നേരെ വന്ന പരിഹാസം.

സോഷ്യൽ മീഡിയയിൽ വന്ന കമന്റ് ശ്രദ്ധയിൽ പെട്ട ബിപാഷ ഉടൻ മറുപടി. എനിക്ക് സെൻസിറ്റീവായ ചർമ്മമാണ്. അലർജിയുമുണ്ട്. ഇത് കാരണം ജീവിതത്തിൽ രണ്ട് തവണ മാത്രമേ ഫേഷ്യൽ ചെയ്തിട്ടുള്ളൂ. പക്ഷെ നിങ്ങൾ പറയുന്നത് ഞാൻ സ്കിൻ ലൈറ്റനിംഗ് തെറാപ്പി ചെയ്തെന്നാണ്. തീർത്തും അപരിചിതയായ ഒരാൾക്ക് എന്നെ പറ്റി അറിയാമെന്നത് അത്ഭുതം തന്നെയെന്ന് ബിപാഷ പരിഹസിച്ചു.
ചെറുപ്പകാലം മുതൽ തന്റെ നിറം ഒരു ചർച്ചാ വിഷയമായിരുന്നെന്ന് ബിപാഷ മുമ്പ് പറഞ്ഞിട്ടുണ്ട്. ബന്ധുക്കൾ വരെ മുന വെച്ച് സംസാരിച്ചു. പതിനാറാം വയസ്സിൽ ഞാൻ ഒരു സൂപ്പർമോഡൽ മത്സരത്തിൽ വിജയിച്ചപ്പോൾ പത്രങ്ങളിൽ വന്നത് 'കൊൽക്കത്തയിൽ നിന്നുള്ള ഇരുണ്ട സുന്ദരി' വിജയിച്ചെന്നാണ്. തന്നെ വിശേഷിപ്പിക്കുമ്പോൾ നിറം പരാമർശിക്കേണ്ട കാര്യമെന്തെന്ന് ബിപാഷ ഒരു അഭിമുഖത്തിൽ ചോദിച്ചു.
വിദേശത്ത് മോഡലിംഗ് ചെയ്യുന്ന കാലത്താണ് ബിപാഷയ്ക്ക് സ്വന്തം നിറത്തിൽ ആത്മവിശ്വാസം വരുന്നത്. ന്യൂയോർക്കിലും പാരീസിലും മോഡലിംഗ് ചെയ്തപ്പോൾ എന്റെ നിറത്തെ ആകർഷകമായാണ് അവിടെയുള്ളവർ കണ്ടത്. ഇന്ത്യയിൽ തിരിച്ച് വന്ന് സിനിമ ചെയ്തപ്പോൾ സ്വീകാര്യത ലഭിച്ചെങ്കിലും നിറം പലരും എടുത്ത് പറഞ്ഞെന്ന് അന്ന് ബിപാഷ തുറന്ന് പറഞ്ഞു.

പ്രതിസന്ധികൾ മറികടന്ന് ബോളിവുഡിൽ ആഗ്രഹിച്ച നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ബിപാഷ ബസുവിന് കഴിഞ്ഞു. കരിയറിനപ്പുറം ഇന്ന് കുടുംബ ജീവിതത്തിലെ തിരക്കുകളിലാണ് നടി. കഴിഞ്ഞ വർഷമാണ് ബിപാഷയ്ക്ക് പെൺകുഞ്ഞ് പിറന്നത്. ദേവി എന്നാണ് മകളുടെ പേര്. നടൻ കരൺ സിംഗ് ഗ്രോവറാണ് ബിപാഷയുടെ ഭർത്താവ്. 2016 ലാണ് ഇരുവരും വിവാഹിതരായത്. എലോൺ എന്ന സിനിമയ്ക്കിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
കരണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. 2008 ൽ നടി ശ്രദ്ധ നിഗമിനെ വിവാഹം ചെയ്ത കരൺ സിംഗ് പത്ത് മാസത്തിനുള്ളിൽ നടിയുമായി പിരിഞ്ഞു. 2012 ൽ നടി ജെന്നിഫർ വിൻഗെറ്റിനെ വിവാഹം ചെയ്തെങ്കിലും രണ്ട് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധവും അവസാനിച്ചു. 2014 ൽ ബിപാഷയെ പരിചയപ്പെട്ട കരൺ നടിയുമായി പ്രണയത്തിലാവുകയും വിവാഹിതനാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ ബിപാഷ പങ്കുവെക്കാറുണ്ട്.
2000 ത്തിന്റെ തുടക്ക വർഷങ്ങളിലാണ് ബിപാഷ കരിയറിൽ തിളങ്ങിയത്. അക്കാലത്ത് വൻ ആരാധക വൃന്ദം നടിക്ക് സൃഷ്ടിക്കാനായി. 2005 ലും 2007 ലും ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി യുകെയിൽ നിന്നുള്ള 'ഈസ്റ്റേൺ ഐ' എന്ന മാഗസിൻ ബിപാഷയെ തെരഞ്ഞെടുത്തു.


Click it and Unblock the Notifications