കാമുകന്റെ പേരിലുണ്ടായ വഴക്ക്; രണ്ട് പേരെയും വിട്ട് രൺബീർ പോയി; വിവാഹത്തിന് ക്ഷണിച്ചപ്പോൾ
ബോളിവുഡിലെ മുൻ നിര നടിമാരാണ് ദീപിക പദുകോണും കത്രീന കൈഫും. ഒരേ കാലഘട്ടത്തിൽ ബോളിവുഡിലേക്ക് കടന്ന് വന്ന ഇരുവരും താരമൂല്യത്തിലും ഹിറ്റ് സിനിമകളുടെ കാര്യത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്നവരാണ്. കരിയറിൽ കൂടുതലും സൂപ്പർസ്റ്റാർ സിനിമകളാണ് കത്രീന ചെയ്തത്. ബി ടൗണിലെ ഫിറ്റ്നെസ് ഐക്കണായ കത്രീനയ്ക്ക് ആരാധകർ ഏറെയാണ്. മറുവശത്ത് ദീപികയ്ക്ക് സൂപ്പർസ്റ്റാർ സിനിമകളിലും നായികാ പ്രാധാന്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങാൻ പറ്റി.
ഒരു കാലത്ത് കത്രീനയും ദീപികയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ബോളിവുഡ് മാധ്യമങ്ങളിൽ സ്ഥിരം ചർച്ചാ വിഷയമായിരുന്നു. രൺബീർ കപൂറുമായി ഇരുവർക്കുമുണ്ടായിരുന്ന പ്രണയമാണ് ഇതിന് കാരണമായത്. കരിയറിലെ തുടക്ക നാളുകളിലാണ് രൺബീർ കപൂർ ദീപിക പദുകോണുമായി അടുക്കുന്നത്. കുറച്ച് കാലം മാത്രമേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം നടൻ ബന്ധത്തിൽ ആത്മാർത്ഥത കാണിക്കാത്തതാണ് പ്രശ്നമായത്.

ഈ സമയത്താണ് കത്രീന കൈഫുമായി രൺബീർ അടുക്കുന്നത്. ഇരുവരും കടുത്ത പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. രൺബീർ തന്നെ വിട്ട് പോയത് ദീപികയെ മാനസികമായി ബാധിച്ചിരുന്നു. കത്രീനയും ദീപികയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങുന്നതും ഈ കാലത്താണ്. മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണെന്നാണ് രണ്ട് പേരും ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. 2018 ൽ ദീപികയുടെ വിവാഹത്തിന് കത്രീനയെ ക്ഷണിച്ചെന്നും നടി ക്ഷണം സ്വീകരിച്ച് വിവാഹത്തിൽ പങ്കെടുത്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പഴയ അസ്വാരസ്യങ്ങളെല്ലാം രണ്ട് പേരും മറന്നിട്ട് വർഷങ്ങളായി. രൺബീറുമായി ഏഴ് വർത്തോളം നീണ്ട ലിവ് ഇൻ റിലേഷനിലായിരുന്നു കത്രീന. എന്നാൽ ഈ ബന്ധം 2016 ൽ അവസാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം കത്രീനയ്ക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ രൺബീർ തയ്യാറായില്ല. നടന്റെ വീട്ടുകാർക്കും ഇതിൽ എതിർപ്പുണ്ടായിരുന്നു.

ഇതോടെയാണ് രണ്ട് പേരും പിരിഞ്ഞത്. ഈ ബന്ധം പിരിഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തലുകൾ കേട്ടത് രൺബീർ കപൂറാണ്. കാമുകിമാരെ വഞ്ചിക്കുന്ന നടനെന്ന പ്രതിച്ഛായ രൺബീറിന് ബോളിവുഡിൽ വന്നു. കത്രീനയ്ക്ക് ശേഷം ആലിയ ഭട്ടാണ് രൺബീറിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. പ്രണയത്തിലായി കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇരുവരും വിവാഹം ചെയ്തു. റാഹ എന്ന മകളും ദമ്പതികൾക്ക് പിറന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും രൺബീറിനെതിരെ വിമർശനം വരാറുണ്ട്.
ഭാര്യ ആലിയ ഭട്ടിനെ രൺബീർ നിയന്ത്രിക്കുന്നു എന്നാണ് വിമർശകർ ആരോപിച്ചത്. എന്നാൽ താരങ്ങളുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെട്ടതാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ദീപിക പദുകോണും കത്രീന കൈഫുമായും അടുത്ത സൗഹൃദമാണ് രൺബീർ കപൂറിന്റെ ഭാര്യ ആലിയ ഭട്ടിനുള്ളത്. രൺബീറുമായി അകന്ന ശേഷം നടൻ രൺവീർ സിംഗുമായാണ് ദീപിക പ്രണയത്തിലായത്.
2018 ൽ നടനെ വിവാഹവും ചെയ്തു. മറുവശത്ത് കത്രീന നടൻ വിക്കി കൗശലുമായി പ്രണയത്തിലാവുകയും 2021 ൽ വിവാഹിതയാവുകയും ചെയ്തു. മെറി ക്രിസ്മസ് ആണ് കത്രീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ദീപികയുടെ പുതിയ സിനിമ ഫൈറ്റർ പ്രദർശനം തുടരുകയാണ്. അനിമൽ എന്ന സിനിമയുടെ വിജയത്തിളക്കിലാണ് രൺബീർ കപൂർ.


Click it and Unblock the Notifications











