ഏത് പുരുഷനാണെങ്കിലും എനിക്ക് പകരം ഹേമയെ തെരഞ്ഞെടുക്കും; ധർമ്മേന്ദ്രയെ പിന്തുണച്ച ആദ്യ ഭാര്യ
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ധർമ്മേന്ദ്രയുടെ കൊച്ചുമകൻ കരൺ ഡിയോളിന്റെ വിവാഹം. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. എന്നാൽ വിവാഹച്ചടങ്ങളിൽ ഒരാളുടെ അസാന്നിധ്യം ചർച്ചയായി. ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യ ഹേമ മാലിനി ചടങ്ങിന് എത്തിയില്ല. ഹേമയുടെ മക്കളും മാറിനിന്നു. ധർമ്മേന്ദ്രയുമായി വിവാഹം കഴിഞ്ഞ നാൾ മുതൽ ഹേമ മാലിനി ഇത്തരം ചില തീരുമാനങ്ങൾ മുറുകെ പിടിക്കുന്നുണ്ട്.
ഭർത്താവിന്റെ തറവാട്ട് വീട്ടിലേക്കോ അവിടെ നടക്കുന്ന ചടങ്ങുകൾക്കോ ഹേമ മാലിനിയോ മക്കളോ പോകാറില്ല. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുമായുള്ള കണ്ടുമുട്ടലുകളും ഹേമ മാലിനി ഒഴിവാക്കും. ഭർത്താവിന്റെ ആദ്യ വിവാഹബന്ധം തകരാൻ താനാഗ്രഹിച്ചിട്ടില്ലെന്ന് ഹേമ മാലിനി മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹിതനായതിനാൽ ധർമ്മേന്ദ്രയുടെ പ്രണയാഭ്യർത്ഥന സ്വീകരിക്കാനും ഹേമ മാലിനി മടിച്ചിരുന്നു. ഒടുവിൽ പ്രണയം കടുത്തതോടെ നടന്റെ രണ്ടാം ഭാര്യയാവാൻ ഹേമ മാലിനി സമ്മതിച്ചു.

അന്ന് ഹേമയ്ക്കും ധർമ്മേന്ദ്രയ്ക്കും ഏറെ കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നു. ധർമ്മേന്ദ്ര സ്ത്രീലമ്പടനാണെന്ന് വരെ ആക്ഷേപം ഉയർന്നു. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകൾക്കെതിരെ നടന്റെ ആദ്യ ഭാര്യ പ്രകാശ് കൗർ രംഗത്ത് വന്നു. സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തെ ആദ്യ ഭാര്യ പിന്തുണച്ചത്. ധർമ്മേന്ദ്രയുടെ സ്ഥാനത്ത് ഏത് പുരുഷനായിരുന്നെങ്കിലും എനിക്ക് പകരം ഹേമ മാലിനിയെ തെരഞ്ഞെടുത്തേനെ. എന്റെ ഭർത്താവ് ഇങ്ങനെ ചെയ്തതിൽ എന്താണ് തെറ്റ്? എങ്ങനെയാണ് നിങ്ങൾക്ക് അദ്ദേഹത്തെ സ്ത്രീലമ്പടൻ എന്ന് വിളിക്കാൻ പറ്റുന്നതെന്നും അന്ന് പ്രകാശ് കൗർ ചോദിച്ചു.
ഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ സിനിമാ രംഗത്തെയാണ് പ്രകാശ് കൗർ അന്ന് കുറ്റപ്പെടുത്തിയത്. സിനിമാ രംഗത്തെ പകുതി പേരും ഇങ്ങനെയാണ് ചെയ്യുന്നത്. എല്ലാ ഹീറോകൾക്കും പ്രണയബന്ധങ്ങളുണ്ട്. ഇവർ രണ്ടാമത് വിവാഹം ചെയ്യുന്നെന്നും പ്രകാശ് കൗർ അഭിപ്രായപ്പെട്ടു.

1954 ലാണ് ധർമ്മേന്ദ്ര പ്രകാശ് കൗറിനെ വിവാഹം ചെയ്യുന്നത്. അന്ന് നടന് 19 വയസായിരുന്നു പ്രായം. ഇരുവർക്കും സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കൾ പിറന്നു. 1980 ലായിരുന്നു ഹേമ മാലിനി-ധർമ്മേന്ദ്ര വിവാഹം. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് താരദമ്പതികളുടെ മക്കൾ.
ധർമ്മേന്ദ്രയെ കുറ്റപ്പെടുത്തിയില്ലെങ്കിലും ഹേമ മാലിനിയോടുള്ള തന്റെ നീരസം പ്രകാശ് കൗർ പ്രകടിപ്പിച്ചിട്ടുണ്ട്. ഹേമ കടന്ന് പോയ സാഹചര്യം എനിക്ക് മനസ്സിലാക്കാം. അവൾക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. പക്ഷെ ഞാനായിരുന്നു ഹേമയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യില്ല. ഒരു സ്ത്രീയെന്ന നിലയിൽ ഹേമയെ മനസ്സിലാക്കാം. പക്ഷെ ഒരു ഭാര്യയെന്ന നിലയിൽ ഇതെനിക്ക് അംഗീകരിക്കാൻ പറ്റില്ലെന്ന് പ്രകാശ് കൗർ തുറന്ന് പറഞ്ഞു.
ധർമ്മേന്ദ്രയുമായുള്ള എന്റെ വിവാഹബന്ധം ലോകം എങ്ങനെ കാണുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. ഞങ്ങളെ അദ്ദേഹം സംരക്ഷിക്കുന്നു. എല്ലാ ദിവസവും വീട്ടിൽ വരുകയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്നെ കാണാൻ വേണ്ടിയാണ് വരുന്നതെന്ന് ഞാൻ പറയില്ല. പക്ഷെ അദ്ദേഹം വീട്ടിൽ വരുന്നു എന്നത് പ്രധാനമാണെന്നും അന്ന് പ്രകാശ് കൗർ പറഞ്ഞു. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു ധർമ്മേന്ദ്രയും ഹേമ മാലിനിയും. ഇരുവരും ഒരുമിച്ച് 42 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിംഗിനിടെയാണ് ഇരുവരും അടുക്കുന്നത്.


Click it and Unblock the Notifications