ബോളിവുഡിനെ വിശ്വസിക്കാത്ത ധർമേന്ദ്ര; സിനിമയില്ലെങ്കിൽ ഉപജീവനത്തിന് ടാക്സി കാർ
സീനിയർ ബോളിവുഡ് സൂപ്പർതാരം ധർമേന്ദ്ര കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്, ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷോലെ താരം, മരണപ്പെട്ടുവെന്ന് വരെ വ്യാജ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അതിന് പിന്നാലെ, ധർമേന്ദ്ര ജീവനോടെ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില പുരോഗമിക്കുന്നുണ്ടെന്നും, അദ്ധേഹത്തിന്റെ മൂത്ത മകനും നടനുമായ സണ്ണി ഡിയോളും, രണ്ടാം ഭാര്യയും നടിയുമായ ഹേമ മാലിനിയും വെളിപ്പെടുത്തിയിരുന്നു.
ലെജൻഡറി താരത്തിന്റെ കരിയറിലേക്ക് വരികയാണെങ്കിൽ, പരുക്കൻ സൗന്ദര്യവും ആഴത്തിലുള്ള ശബ്ദവുമായി 1960ൽ സിനിമയിലെത്തിയ പഞ്ചാബി പയ്യനെ ബോളിവുഡ് ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇൻഡസ്ട്രിയിൽ ഒരു യുവ നടനായി തുടങ്ങി, പിന്നീട് സീനിയർ താരമായി വളർന്ന ധര്മേന്ദ്രയെ ഓരോ ഘട്ടത്തിലും പ്രേക്ഷകർ ആരാധിച്ചിരുന്നു. എന്നിരുന്നാലും, താൻ എന്നെങ്കിലും ഹിന്ദി സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാകുമെന്ന് ആ ചെറിയ പട്ടണത്തിൽ നിന്ന് എത്തിയ പയ്യൻ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം.

ലുധിയാനയിലെ നസ്രാലിയിൽ ധർമ്മേന്ദ്ര കേവൽ കൃഷ്ണ ഡിയോൾ എന്ന പേരിൽ ജനിച്ച ധർമ്മേന്ദ്ര, 1948ൽ ഷഹീദ് എന്ന സിനിമ ആദ്യമായി കണ്ടപ്പോൾ ഒരു ഗ്രാമീണ ബാലനായിരുന്നു. ദിലീപ് കുമാറിനെപ്പോലെയാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. പഠനത്തിൽ ബുദ്ധിമുട്ടിയിരുന്ന ആ കുട്ടിക്ക് സിനിമയോട് മാത്രമായിരുന്നു അഭിനിവേശം. 13 വയസ്സുള്ളപ്പോൾ, തന്റെ ജീവിതകാലം മുഴുവൻ താൻ എന്താണ് ചെയ്യേണ്ടതെന്ന് ആ പയ്യന് അറിയാമായിരുന്നു. അങ്ങനെയാണ് ധർമേന്ദ്ര ലുധിയാനയിൽ നിന്നും, ബോളിവുഡിന്റെ ഈറ്റില്ലമായ ബോംബെ നഗരത്തിൽ എത്തുന്നത്.

ഇന്ത്യ ടിവിയുമായുള്ള ഒരു പഴയ സംഭാഷണത്തിനിടെ, ദിലീപ് കുമാറിനെയും മറ്റ് അഭിനേതാക്കളെയും കാണുമ്പോൾ, "ഈ സുന്ദരന്മാരായ മനുഷ്യർ വരുന്നത് എവിടെ നിന്നാണ്? ഞാനും അവർക്കിടയിൽ ഉണ്ടായിരിക്കണം. ഞാൻ ഇവിടെ ഉള്ളയാളാണ്" എന്ന് പലപ്പോഴും സ്വയം ചിന്തിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. പതുക്കെ തനിക്ക് അർഹമായ സ്ഥാനം കണ്ടെത്തുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി. എന്നിരുന്നാലും, ഒരു സ്വപ്നജീവിയാണെങ്കിലും, തന്റെ അഭിനയ ജീവിതം പരാജയപ്പെട്ടാൽ, ധർമ്മേന്ദ്രയ്ക്ക് അന്നും ജീവിക്കാൻ മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു. ഒരു ടാക്സി ഡ്രൈവർ ആവുക എന്നതായിരുന്നു അത്.
"ഞാൻ സിനിമ വ്യവസായത്തിൽ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയപ്പോൾ, നല്ല ശമ്പളം കിട്ടി തുടങ്ങി. അങ്ങനെ ഞാൻ എന്റെ ആദ്യത്തെ കാർ വാങ്ങി, ഒരു ഫിയറ്റ്. എന്നിരുന്നാലും, എന്റെ സഹോദരൻ അജിത്ത് എന്റെ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു, 'പാജി, നിങ്ങൾക്ക് കൂടുതൽ ഭംഗിയുള്ള ഒരു കാർ വാങ്ങാമായിരുന്നു, തുറന്ന മേൽക്കൂരയോടെ. എത്രയായാലും, നിങ്ങൾ ഒരു ഹീറോയാണ്.' അപ്പോൾ ഞാൻ പറഞ്ഞു, 'നമുക്ക് സിനിമയെ വിശ്വസിക്കാൻ കഴിയില്ല. നാളെ എനിക്ക് ജോലിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ, കാര്യങ്ങൾ തെക്കോട്ട് പോയാൽ, എനിക്ക് കുറഞ്ഞത് ഈ ഫിയറ്റ് എങ്കിലും ഉണ്ടാകും, അത് എനിക്ക് ഒരു ടാക്സിയാക്കി മാറ്റി ഉപജീവനം കണ്ടെത്താനാകും,'" ധർമേന്ദ്ര ഓർത്തെടുത്തു.


Click it and Unblock the Notifications











