അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് മനസിലാക്കിയപ്പോൾ; അദ്ദേഹം വീട്ടിൽ താമസിക്കില്ലായിരുന്നു; ഇഷ പറഞ്ഞത്
ബോളിവുഡിൽ ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു സൂപ്പർതാരം ധർമ്മേന്ദ്രയും ഡ്രീം ഗേൾ ഹേമ മാലിനിയും തമ്മിലുള്ള പ്രണയം. ജനലക്ഷങ്ങൾ ആരാധിച്ച ഹേമ മാലിനി ധർമ്മേന്ദ്രയുടെ ഭാര്യയായപ്പോൾ വ്യാപക വിമർശനം വന്നു. ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. ആദ്യ വിവാഹ ബന്ധം നിയമപരമായി നിലനിൽക്കെയാണ് നടൻ ഹേമ മാലിനിയെ വിവാഹം ചെയ്യുന്നത്. കുടുംബം തകർത്ത നടി എന്ന ആക്ഷേപം അന്ന് ഹേമ മാലിനിക്ക് കേൾക്കേണ്ടി വന്നു. 'തും ഹസീൻ മേം ജവാൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഹേമ മാലിനിയും ധർമ്മേന്ദ്രയും പ്രണയത്തിലായത്.
ഈ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ഹേമ മാലിനി ശ്രമിച്ചെങ്കിലും ധർമ്മേന്ദ്ര ഇതിന് തയ്യാറായില്ല. വീട്ടുകാരുടെ കടുത്ത എതിർപ്പ് മറി കടന്നാണ് ഹേമ ധർമ്മേന്ദ്രയെ വിവാഹം ചെയ്തത്. പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. പ്രകാശ് കൗറും ഹേമ മാലിനിയും രണ്ട് വീടുകളിലാണ് താമസിക്കുന്നത്. രണ്ട് ഭാര്യമാരിലായുള്ള ആറ് മക്കളാണ് ധർമ്മേന്ദ്രയ്ക്കുള്ളത്.

സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നിവരാണ് പ്രകാശ് കൗറിന്റെ മക്കൾ. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നീ പെൺമക്കൾ ഹേമ മാലിനിക്കും പിറന്നു. രണ്ട് ഭാര്യമാരിലെ മക്കളും പിൽക്കാലത്ത് സിനിമാ രംഗത്തേക്ക് കടന്ന് വന്നു. തുടക്ക കാലത്ത് ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും പിന്നീട് രണ്ട് കുടുംബങ്ങളും പരസ്പരം മനസിലാക്കി മുന്നോട്ട് നീങ്ങി.
ഹേമ മാലിനിയുടെ ജീവിത കഥ പറഞ്ഞ പുസ്തകമാണ് 'ഹേമ മാലിനി: ബിയോണ്ട് ദ ഡ്രീം ഗേൾ'. ഈ പുസ്തകത്തിൽ ധർമ്മേന്ദ്രയ്ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് മകൾ ഇഷ ഡിയോൾ മനസിലാക്കിയതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു ഇഷ. ഒരിക്കൽ ക്ലാസ്മേറ്റ് നിനക്ക് രണ്ട് അമ്മമാരുണ്ടല്ലേ എന്ന് ചോദിച്ചു. എന്ത് വിഡ്ഢിത്തമാണീ പറയുന്നത്, എനിക്ക് ഒരു അമ്മയേ ഉള്ളൂയെന്ന് ഇഷ മറുപടി നൽകി. എന്നാൽ വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം ഇക്കാര്യം അമ്മ ഹേമ മാലിനിയോട് പറഞ്ഞു.

അന്ന് നടന്നതിനെക്കുറിച്ച് ഇഷ ഈ പുസ്തകത്തിൽ ഓർത്തെടുക്കുന്നുണ്ട്. വീട്ടിലേക്ക് തിരിച്ചെത്തിയ നിമിഷം സുഹൃത്ത് ചോദിച്ച കാര്യം ഞാൻ അമ്മയോട് പറഞ്ഞു. അപ്പോഴാണ് സത്യം എന്നോട് തുറന്ന് പറയാൻ അമ്മ തീരുമാനിച്ചതെന്ന് തോന്നുന്നു. അച്ഛന് മറ്റൊരു കുടുംബമുണ്ടെന്ന് അമ്മ തന്നോട് തുറന്ന് പറഞ്ഞെന്നും ഇഷ ഡിയോൾ ഓർത്തു.
മറ്റൊരു ഭാര്യയും കുടുംബവുമുള്ള ആളെയാണ് അമ്മ വിവാഹം ചെയ്തതെന്ന് ഞാൻ മനസിലാക്കി. സത്യസന്ധമായി പറഞ്ഞാൽ എനിക്കതിൽ മോശമൊന്നും തോന്നിയില്ല. ഇന്നും അതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് ഇക്കാര്യത്തിൽ അലോസരം തോന്നിക്കാത്തതിന്റെ മുഴുവൻ ക്രെഡിറ്റും തന്റെ മാതാപിതാക്കൾക്കാണെന്നും ഇഷ ഡിയോൾ വ്യക്തമാക്കി. അച്ഛൻ വീട്ടിൽ വന്ന് എന്നും ഭക്ഷണം കഴിക്കുമായിരുന്നു. പക്ഷെ വീട്ടിൽ താമസിക്കില്ല. എന്നെങ്കിലും താമസിച്ചാൽ അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ എന്ന് താൻ അത്ഭുതപ്പെടുമായിരുന്നെന്നും ഇഷ ഡിയോൾ പുസ്തകത്തിൽ വ്യക്തമാക്കി.


Click it and Unblock the Notifications











