അച്ഛന്റെ ആദ്യ ഭാര്യയെ കാണുമ്പോൾ ചെയ്യേണ്ടത്; രേഖയ്ക്ക് അമ്മ പറഞ്ഞ് കൊടുത്തത്; 'ദൈവത്തെ പോലെ കണ്ടു'
സിനിമാ ലോകത്ത് നടി രേഖയുടെ ജീവിതം എപ്പോഴും ചർച്ചയായിട്ടുണ്ട്. നാടകീയമായ പല സംഭവങ്ങളും രേഖയുടെ ജീവിതത്തിൽ നടന്നു. പ്രണയത്തകർച്ചകൾ, ഭർത്താവിന്റെ ആത്മഹത്യ തുടങ്ങിയ സംഭവങ്ങൾ രേഖയെ വാർത്തകളിൽ നിറച്ചു. കുട്ടിക്കാലം മുതൽ രേഖയുടെ ജീവിതം പല ഘട്ടങ്ങളും കണ്ടിട്ടുണ്ട്. അന്തരിച്ച നടൻ ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടെയും മകളാണ് രേഖ. എന്നാൽ പുഷ്പവല്ലിയുമായുള്ള ബന്ധം പരസ്യമായി അംഗീകരിക്കാൻ ജെമിനി ഗണേശൻ തയ്യാറായില്ല. അച്ഛന്റെ സ്നേഹം ലഭിക്കാതെയാണ് രേഖയും സഹോദരി രാധയും വളർന്നത്.
അച്ഛന്റെ സാമീപ്യം ലഭിക്കാത്തതിനെക്കുറിച്ച് രേഖ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛനെ കുറ്റപ്പെടുത്താനൊന്നും രേഖ തയ്യാറായില്ല. പിൽക്കാലത്ത് അച്ഛനും മകളും നല്ല ബന്ധത്തിലായിട്ടുണ്ട്. അലമെലു എന്നാണ് ജെമിനി ഗണേശന്റെ ആദ്യ ഭാര്യയുടെ പേര്. നാല് മക്കളും ഈ ബന്ധത്തിൽ നടന് പിറന്നു. ഇവരുമായും നല്ല അടുപ്പം രേഖയ്ക്കുണ്ട്. ഇതിന് കാരണം നടിയുടെ അമ്മ പുഷ്പവല്ലിയാണ്.

പുഷ്പവല്ലിയും ജെമിനി ഗണേശന്റെ ആദ്യ ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഈ ആത്മബന്ധം മക്കളും പിന്തുടർന്നു. രേഖയെക്കുറിച്ച് ജെമിനി ഗണേശന്റെ ആദ്യ ബന്ധത്തിലെ മകൾ ഡോ. കമല സെൽവരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പുഷ്പവല്ലിയുടെ മക്കൾ വളരെ വ്യത്യസ്തരാണ്. എന്റെ അമ്മയെ ദൈവമായാണ് അവർ കാണുന്നത്. നിങ്ങൾക്ക് വയസായി, എന്റെ കൂടെ വന്ന് നിൽക്കൂ, നിങ്ങളെ നല്ല രീതിയിൽ നോക്കാമെന്ന് പറയും. അമ്മയെ കണ്ടാൽ കാലിൽ വീഴണം, നല്ലത് സംഭവിക്കൂയെന്ന് പുഷ്പവല്ലിയമ്മ അവരുടെ മക്കളോട് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും കമല സെൽവരാജ് ചൂണ്ടിക്കാട്ടി. അച്ഛന്റെ എല്ലാ മക്കളെയും ഒരുപോലെ കാണാനാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതെന്നും കമല വ്യക്തമാക്കി. മുമ്പൊരിക്കൽ മഹാനടി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് കമല സെൽവരാജ് ഇക്കാര്യങ്ങൾ സംസാരിച്ചത്.

ജെമിനി ഗണേശനും രണ്ടാം ഭാര്യ സാവിത്രിയെയും കുറിച്ചുള്ള കഥ പറഞ്ഞ മഹാനടിയിൽ ജെമിനി ഗണേശനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം കമല സെൽവരാജ് ഉയർത്തി. അച്ഛന്റെ രണ്ടാം ഭാര്യയായ സാവിത്രിയെ കുറ്റപ്പെടുത്തിയ കമല സെൽവരാജ് പക്ഷെ അദ്ദേഹത്തിന്റെ കാമുകിയായിരുന്ന പുഷ്പവല്ലിയെ പുകഴ്ത്തുകയാണുണ്ടായത്.
അച്ഛനെ അമ്മയിൽ നിന്നും സാവിത്രിയമ്മ അകറ്റാൻ ശ്രമിച്ചെന്ന് കമല സെൽവരാജ് ആരോപിച്ചു. പുഷ്പല്ലിയുടെയും സാവിത്രിയുടെയും മക്കളുമായും നല്ല ബന്ധമായിരുന്നു തങ്ങൾക്ക്. എന്നാൽ തന്നോട് അനുവാദം വാങ്ങാതെയാണ് സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി മഹാനടി സിനിമയെടുക്കാൻ സമ്മതം കൊടുത്തത്. അത് വലിയ തെറ്റാണെന്നും കമല സെൽവരാജ് ആരോപിച്ചു.
മഹാനടിയിൽ രേഖയുടെ കുട്ടിക്കാലവും ചെറിയൊരു സീനിൽ കാണിച്ചിട്ടുണ്ട്. മഹാനടിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് രേഖ പ്രതികരിച്ചിരുന്നില്ല. 2018 ലാണ് മഹാനടി റിലീസ് ചെയ്തത്. കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമ വൻ ഹിറ്റായി. 2005 ലാണ് ജെമിനി ഗണേശൻ മരിച്ചത്. 1981 ലാണ് സാവിത്രി മരിച്ചത്.


Click it and Unblock the Notifications