'കുഞ്ഞിനെ സ്വീകരിക്കാൻ പറ്റില്ലെന്ന് ആമിർ; ഗർഭിണിയായ കാമുകി ബന്ധമുപേക്ഷിച്ചു'; അന്ന് സംഭവിച്ചത്
ബോളിവുഡിലെ പെർഫെക്ഷനിസ്റ്റാണ് ആമിർ ഖാൻ. സൂപ്പർതാരത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്ത് നിൽക്കുന്ന നടനായിട്ടും ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെപ്പോലെ ആമിറും ആഘോഷിക്കപ്പെട്ടു. എന്നിരുന്നാലും ആരാധക തൃപ്തിക്ക് വേണ്ടി മാത്രം ഒരു സിനിമയും ആമിർ ഇതുവരെ ചെയ്തിട്ടില്ല. നടന്റെ ഓരോ സിനിമയും തീർത്തും വ്യത്യസ്തവുമാണ്. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ, താരേ സമീൻ പർ, തലാശ്, തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിൽ ആമിറിന് നല്ല സമയമല്ല.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് നടന് കരിയറിൽ കാലിടറിയത്. വൻ ബഡ്ജറ്റിലൊരുങ്ങിയ സിനിമയിൽ ആമിറും ആരാധകറും വലിയ പ്രതീക്ഷ വെച്ചു. എന്നാൽ സിനിമ പരാജയപ്പെട്ടു. തുടർന്ന് നാല് വർഷം ആമിർ അഭിനയത്തിൽ നിന്നും മാറിനിന്നു. ലാൽ സിംഗ് ഛദ്ദ എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം തിരിച്ചു വന്നെങ്കിലും ഈ സിനിമയും നടന് നിരാശയാണ് സമ്മാനിച്ചത്.

ഇതോടെ സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുകയാണെന്ന് നടൻ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇടവേളയെന്നാണ് ആമിർ നൽകിയ വിശദീകരണം. ബി ടൗണിലെ പെർഫെക്ഷനിസ്റ്റിന് ശക്തമായ തിരിച്ചുവരവുണ്ടാവുമെന്ന് ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നു.
കരിയറിൽ പെർഫെക്ഷൻ നോക്കുന്ന ആമിറിന് ജീവിതത്തിൽ പലപ്പോഴും താളം തെറ്റിയിട്ടുണ്ട്. രണ്ട് വിവാഹമോചനങ്ങൾ ആമിറിന്റെ ജീവിതത്തിൽ നടന്നു. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986 ൽ വിവാഹിതരായ ഇരുവരും 2002 ൽ വേർപിരിഞ്ഞു. പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞ രണ്ട് പേരും മക്കളുടെ കാര്യങ്ങൾക്ക് ഒരുമിച്ചെത്താറുണ്ട്. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നിവരാണ് ആമിറിനും റീനയ്ക്കും പിറന്ന മക്കൾ.
സംവിധായിക കിരൺ റാവുവിനെയാണ് ആമിർ പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ആസാദ് എന്ന മകനും ജനിച്ചു. 2021 ൽ കിരൺ റാവു ആമിറിൽ നിന്നും വിവാഹ മോചനം നേടി. ഇപ്പോഴും ആമിറിന്റെ നല്ല സുഹൃത്താണ് കിരൺ റാവു. ഇതിനിടയ്ക്ക് കോളിളക്കം സൃഷ്ടിച്ച മറ്റൊരു ഗോസിപ്പ് ആമിറിന്റെ പേരിൽ വന്നിരുന്നു.

2005 ൽ സ്റ്റാർഡസ്റ്റ് എന്ന മാഗസിനിലാണ് ആമിറിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകയായ ജെസിക ഹൈൻസുമായി ആമിർ പ്രണയത്തിലായിരുന്നെന്നായിരുന്നു റിപ്പോർട്ട്. പ്രണയകാലത്തിനിടെ ജെസിക ഗർഭിണിയായി. എന്നാൽ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റില്ലെന്ന് ആമിർ തുറന്ന് പറഞ്ഞു. അബോർഷൻ ചെയ്യണമെന്ന് ജെസികയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജെസിക ഇതിന് തയ്യാറായില്ല.
ബന്ധമുപേക്ഷിച്ച് വിദേശത്തേക്ക് തിരിച്ച് പോയ ജെസിക ആൺകുഞ്ഞിന് ജൻമം നൽകി. ജാൻ എന്ന് മകന് പേരുമിട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വാർത്ത പുറത്തുവിട്ട സൊനാലി ജാഫറിനെതിരെ ജെസിക അന്ന് രംഗത്ത് വന്നു. സ്വകാര്യതയിലേക്ക് കൈ കടത്തി എന്നായിരുന്നു ആരോപണം. എന്നാൽ താനെഴുതിയതെല്ലാം സത്യമാണെന്ന് സൊനാലി അവകാശപ്പെട്ടു. ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഇന്നുവരെ ആമിർ തയ്യാറായിട്ടില്ല.
ഇന്ത്യ വിട്ട ജെസിക്ക ലണ്ടനിലെ ബിസിനസുകാരനായ വില്യം ടൽബോട്ടിനെ വിവാഹം ചെയ്തു. മകനെ നല്ല രീതിയിൽ വില്യം നോക്കുന്നുണ്ടെന്നും വില്യമിനെയാണ് ജാൻ അച്ഛനായി കാണുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പിന്നീട് ജെസിക്ക വ്യക്തമാക്കി. കുറച്ച് നാളുകൾക്ക് ശേഷം ആമിറിനെയും ജെസിക്കയെയും കുറിച്ചുള്ള വാർത്തകൾ കെട്ടടങ്ങുകയും ചെയ്തു.


Click it and Unblock the Notifications











