'ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യ'; അച്ഛന്റെ ആശങ്ക സ്വാഭാവികമായിരുന്നു; കുടുംബത്തിലെ എതിർപ്പുകളെക്കുറിച്ച് ഹേമ
ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചത് അന്ന് വലിയ ചർച്ചയായി. ധർമ്മേന്ദ്രയുടെ രണ്ടാ ഭാര്യയായാണ് ഹേമ മാലിനി കടന്ന് വന്നത്. ആദ്യ വിവാഹബന്ധം നടൻ വേർപെടുത്തിയില്ല. പ്രകാശ് കൗറാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളുമുണ്ട്.
ഹേമ മാലിനിയുമായുള്ള ധർമ്മേന്ദ്രയുടെ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നെങ്കിലും പ്രകാശ് കൗർ വിവാഹമോചനത്തിന് തയ്യാറായില്ല. മാത്രമല്ല മാധ്യമങ്ങൾ ധർമ്മേന്ദ്രയെ മോശക്കാരനായി ചിത്രീകരിക്കുന്നതിനെ എതിർക്കുകയും ചെയ്തു. ധർമ്മേന്ദ്രയുടെ സ്ഥാനത്ത് മറ്റേത് പുരുഷനായിരുന്നെങ്കിലും എനിക്ക് പകരം ഹേമ മാലിനിയെ തെരഞ്ഞെടുക്കുമെന്നാണ് പ്രകാശ് കൗർ അന്ന് പറഞ്ഞത്.

ഭർത്താവിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും ഹേമ മാലിനിയെ പ്രകാശ് കൗർ കുറ്റപ്പെടുത്തി. ഒരു സ്ത്രീയെന്ന നിലയിൽ ഹേമ മാലിനിയെ മനസ്സിലാക്കാം. പക്ഷെ ഒരു ഭാര്യയെന്ന നിലയിൽ ഇത് അംഗീകരിക്കാൻ പറ്റില്ല. ഞാനായിരുന്നു ഹേമയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും പ്രകാശ് കൗർ അന്ന് പറഞ്ഞു.
സ്വന്തം കുടുംബത്തിൽ നിന്നും ധർമ്മേന്ദ്രയുമായുള്ള വിവാഹത്തിന് ഹേമയ്ക്ക് എതിർപ്പ് നേരിടേണ്ടി വന്നു. ഹേമയുടെ തീരുമാനം നടിയുടെ പിതാവിനെ വളരെയധികം നിരാശപ്പെടുത്തി. ഇദ്ദേഹം വിവാഹത്തെ എതിർത്തിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആപ് കി അദാലത്ത് എന്ന ഷോയിൽ പങ്കെടുത്തപ്പോൾ ഹേമ മാലിനി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ധർമ്മേന്ദ്ര നേരത്തെ വിവാഹിതനായതിനാൽ അച്ഛന്റെ ആശങ്ക സ്വാഭാവികമാണെന്ന് നടി ചൂണ്ടിക്കാട്ടി. 1980 ലാണ് ഹേമ മാലിനി ധർമ്മേന്ദ്രയെ വിവാഹം ചെയ്യുന്നത്. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നീ രണ്ട് മക്കളും താരദമ്പതികൾക്ക് പിറന്നു.

ധർമ്മേന്ദ്രയുമായുള്ള വിവാഹത്തെക്കുറിച്ച് ഹേമ മാലിനി മുമ്പും സംസാരിച്ചിട്ടുണ്ട്. ധർമ്മേന്ദ്രയെ ആദ്യം കണ്ടപ്പോൾ ഇദ്ദേഹം തന്റെ ഭർത്താകുമെന്ന് കരുതിയില്ലെന്ന് ഹേമ തുറന്ന് പറഞ്ഞു. 'ഹേമ മാലിനി ബിയോണ്ട് എന്ന ഡ്രീം ഗേൾ' എന്ന ആത്മകഥയിലാണ് താരം തന്റെ വിവാഹജീവിതം പരാമർശിച്ചത്. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷെ അവരെ ഒരുപാട് ബഹുമാനിക്കുന്നു. ലോകത്തിന് എന്റെ ജീവിതത്തെക്കുറിച്ച് വിശദമായി അറിയണം എന്നുണ്ട്. പക്ഷെ അതാരും അറിയേണ്ട കാര്യമില്ലെന്നും ആത്മകഥയിൽ ഹേമ മാലിനി എഴുതി.
വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് തുടർന്നതിനെക്കുറിച്ചും ഹേമ സംസാരിച്ചിട്ടുണ്ട്. ഭർത്താവ് ജോലി ചെയ്യുന്നതിൽ നിന്നും തന്നെ തടഞ്ഞില്ല. ഞങ്ങൾ രണ്ട് പേരും പരസ്പരം ജോലിയെ ബഹുമാനിച്ചു. യഥാസ്ഥിതിക സങ്കൽപ്പത്തിലുള്ള വിവാഹ ജീവിതമായിരുന്നു തനിക്കെങ്കിൽ ഈ നേട്ടങ്ങളൊന്നും സാധ്യമാകില്ലായിരുന്നെന്നും ഹേമ മാലിനി തുറന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ധർമ്മേന്ദ്രയുടെയും പ്രകാശ് കൗറിന്റെയും കൊച്ചുമകൻ കരൺ ഡിയോളിന്റെ വിവാഹം. വിവാഹത്തിന് ഹേമ മാലിനിയോ നടിയുടെ മക്കളോ എത്തിയില്ല. അതേസമയം രണ്ട് കുടുംബങ്ങളും തമ്മിൽ അകൽച്ചയില്ല. ധർമ്മേന്ദ്രയുടെ മകൻ നടൻ സണ്ണി ഡിയോളിനെക്കുറിച്ച് ഹേമ മാലിനി സംസാരിച്ചിട്ടുമുണ്ട്. 2015 ൽ തനിക്ക് വാഹനാപകടം സംഭവിച്ചപ്പോൾ ആദ്യം കാണാൻ വന്നത് സണ്ണി ഡിയോൾ ആണെന്ന് അന്ന് ഹേമ മാലിനി തുറന്ന് പറഞ്ഞു. സണ്ണി ഡിയോളിന്റെ മകനാണ് കഴിഞ്ഞ ദിവസം വിവാഹിതനായ കരൺ ഡിയോൾ.


Click it and Unblock the Notifications