വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; വിമാനത്തില്‍ വച്ച് കരീനയെ ചുംബിച്ച് ഹൃത്വിക്; ഞെട്ടിച്ച വാര്‍ത്ത!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന ഹൃത്വിക്കിന്റെ വ്യക്തി ജീവിതവും നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും പിരിയുന്നത്. ഇതിന് ശേഷമാണ് ഹൃത്വിക് റോഷന്‍ നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാകുന്നത്.
ഏറെനാള്‍ പ്രണയത്തിലായിരുന്ന ശേഷമായിരുന്നു ഹൃത്വിക് റോഷനും സൂസെയ്‌നും വിവാഹിതരാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ സൂസെയ്‌നെ വിവാഹം കഴിക്കും മുമ്പ് ഹൃത്വിക് റോഷനും നടി കരീന കപൂറും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2001 ല്‍ യാദേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹൃത്വിക്കും കരീനയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിമാനത്തില്‍ വച്ച് ഹൃത്വിക് റോഷനും കരീന കപൂറും ചുംബിക്കുകയുണ്ടായി എന്ന വാര്‍ത്തയും ഇക്കാലത്ത് പ്രചരിച്ചിരുന്നു. തന്റെ ബാല്യകാല സുഹൃത്തായ സൂസെയ്ന്‍ ഖാനുമായുള്ള ഹൃത്വിക് റോഷന്റെ വിവാഹത്തിന് തൊട്ടു മുമ്പായിരുന്നു കരീനയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കപ്പെടുന്നത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഹൃത്വിക് റോഷന്‍ സംസാരിച്ചിരുന്നു.
കരീനയേയും ഹൃത്വിക് റോഷനേയും ചുംബിക്കുന്നതായി കണ്ടുവെന്ന വാര്‍ത്തയെക്കുറിച്ച് അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് താരം പ്രതികരിച്ചത്. വിവാഹത്തിന് വെറും ദിവസങ്ങള്‍ മാത്രം മുമ്പ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നത് തന്നെ അസ്വസ്ഥനാക്കിയെന്നാണ് ഹൃത്വിക് പറയുന്നത്. വാര്‍ത്തയില്‍ തങ്ങളെ ഒരുമിച്ച് കണ്ടത് ഒരു ഹെയര്‍ഹോസ്റ്റസ് ആണെന്നാണ് പറയുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്.
''അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി. മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കണം, അടിസ്ഥാനരഹിതമായ ഗോസിപ്പുകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. ഞാനും കരീനയും വിമാനത്തില്‍ വച്ച് ചുംബിച്ചുവെന്ന വാര്‍ത്ത എന്നെ സാരമായി തന്നെ ബാധിച്ചിരുന്നു. ഏതോ ഒരു ഹെയര്‍ഹോസ്റ്റസ് ഞങ്ങളെ കണ്ടതായും പറയുന്നുണ്ടായിരുന്നു'' ഹൃത്വിക് റോഷന്‍ പറയുന്നു.
''എനിക്ക് കരീനയുമായി അടുപ്പമുണ്ടെന്ന് തന്നെ വെക്കുക, എങ്കില്‍ വിമാനത്തില്‍ വച്ച് ഇങ്ങനെ ചെയ്യാന്‍ മാത്രം മണ്ടനാണോ ഞാന്‍? വിമാനത്തിലാണെങ്കില്‍ എന്റെ ഓട്ടോഗ്രാഫിനായി ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. ഞാന്‍ മിക്കപ്പോഴും ക്യാബിന്‍ ക്രൂ ഏരിയയില്‍ നിന്ന് ഓട്ടോഗ്രാഫും ഫോട്ടോയുമൊക്കെ നല്‍കുന്ന തിരക്കിലായിരിക്കും. നൂറു പേര്‍ എന്നേയും കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ മറ്റൊരാളുമായി ചുംബനത്തിലേര്‍പ്പെടുന്നത് മണ്ടത്തരമല്ലേ?'' എന്നും താരം ചോദിക്കുന്നുണ്ട്.

കരീനയും ഹൃത്വിക്കും തമ്മിലുള്ള ബന്ധം വലിയ വാര്‍ത്തയായതോടെ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. തന്റെ മകന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കരീനയും തന്റെ മകനും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കവിഞ്ഞതൊന്നും ഇല്ലെന്നും രാകേഷ് റോഷന്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ തന്നെയും അസ്വസ്ഥയാക്കിയെന്നാണ് കരീന കപൂറും പ്രതികരിച്ചത്. സത്യം എന്തെന്ന് രണ്ടു പേരുടേയും കുടുംബങ്ങള്‍ക്കും അറിയാം. ഇത്തരം ഗോസിപ്പുകള്‍ വെറും തമാശയായിട്ടാണ് ഞാന്‍ കാണുന്നത്. താനും ഹൃത്വിക്കും തമ്മിലുള്ള സൗഹൃദത്തിന് ഇടയിലേക്ക് ഇത്തരം ഗോസിപ്പുകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications