അമ്മ ദുബായിലേക്ക് പോയതിന്റെ തലേദിവസം വീട്ടിൽ നടന്നത്; അവസാന നിമിഷങ്ങളെക്കുറിച്ച് മകൾ
ഇന്ത്യൻ സിനിമയിൽ ശ്രീദേവിക്ക് പകരക്കാരിയായി നടിയുടെ മകൾക്ക് പോലും ഉയർന്ന് വരാൻ കഴിഞ്ഞില്ലെന്നത് വാസ്തവമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ വിജയം കൈവരിച്ച ശ്രീദേവി ഇന്ത്യൻ സിനിമയുടെ അഭിമാനമായി ഇന്നും വാഴ്ത്തപ്പെടുന്നു. അഭിനയമികവും വശ്യ സൗന്ദര്യവും ഒത്തുചേർന്ന ശ്രീദേവി സൂപ്പർസ്റ്റാറുകളായ നടൻമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്തു. തെന്നിന്ത്യയിൽ നിന്ന് വന്ന ഒരു നടി ഹിന്ദി സിനിമാ ലോകം അടക്കിവാഴുന്നത് സിനിമാ പ്രേക്ഷകർ കൗതുകത്തോടെയാണ് കണ്ടത്.
എല്ലാ ഭാഷകളിലും സ്വന്തമായി ഡബ് ചെയ്യണമെന്ന നിർബന്ധവും ശ്രീദേവിക്കുണ്ടായിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവിന്റെ നൂറ് ശതമാനവും പുറത്തെടുക്കുന്ന നടിയാണ് ശ്രീദേവിയെന്ന് അന്തരിച്ച നടൻ ഋഷി കപൂർ മുമ്പ് പറഞ്ഞിട്ടുണ്ട്. മരിച്ചിട്ട് അഞ്ച് വർഷങ്ങൾക്കിപ്പുറവും സിനിമാലോകത്ത് ബഹുമാന്യമായ സ്ഥാനം ശ്രീദേവിക്കുണ്ട്.
ശ്രീദേവിയുടെ മരണവാർത്ത ഇന്ത്യൻ ജനത ഞെട്ടലോടെയാണ് കേട്ടത്. തീർത്തും അപ്രതീക്ഷിതമായിരുന്നു നടിയുടെ വിയോഗം. 2018 ൽ ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണാണ് മരണം. അബോധാവസ്ഥയിൽ വെള്ളത്തിൽ വീണ നടി ശ്വാസം മുട്ടിയാണ് മരിച്ചത്. ദുബായിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവി. താരത്തിന്റെ മരണം കുടുംബത്തെ പിടിച്ചുലച്ചു.

മക്കളായ ജാൻവിയും ഖുശിയും അന്ന് തീരെ ചെറുപ്പമാണ്. സിനിമാ ലോകത്തേക്ക് ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജാൻവി. പിതാവ് ബോണി കപൂർ രണ്ട് മക്കളെയും ചേർത്ത് നിർത്തി. ആശ്വസിപ്പിക്കാൻ അകന്ന് നിന്ന ബോണിയുടെ ആദ്യ വിവാഹത്തിലെ മക്കളായ അർജുൻ കപൂറും അൻഷുള കപൂറും എത്തി.
ശ്രീദേവിയെക്കുറിച്ച് മകൾ ജാൻവി കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ ദുബായിൽ പോകുന്നതിന്റെ തലേന്ന് തനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് ജാൻവി പറഞ്ഞു. അമ്മ എന്നെ ഉറക്കണമെന്നായിരുന്നു എനിക്ക്. പക്ഷെ അവർ ബാഗുകൾ പാക്ക് ചെയ്യുകയായിരുന്നു. അത് കഴിഞ്ഞ് അമ്മ വരുമ്പോഴേക്കും ഞാൻ പാതി മയക്കത്തിലായി. തന്റെ തലയിൽ അമ്മ തലോടുന്നത് തനിക്ക് അനുഭവപ്പെട്ടെന്നുമാണ് ജാൻവി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മക്കളോട് വലിയ ആത്മബന്ധം ശ്രീദേവിക്കുണ്ടായിരുന്നു. മകൾ ജാൻവിയെ സിനിമാ താരമാക്കാൻ ശ്രീദേവി ആഗ്രഹിച്ചിരുന്നില്ല. സിനിമാ ലോകത്തിന്റെ ഇരുണ്ട വശത്തെ അഭിമുഖീകരിക്കാൻ മകൾക്ക് കഴിയില്ലെന്നായിരുന്നു ശ്രീദേവിയുടെ ഭയം. മകളെ വിവാഹം കഴിപ്പിച്ചയക്കാനാണ് താൻ താൽപര്യപ്പെടുന്നെന്ന് മുമ്പ് ശ്രീദേവി പറഞ്ഞിട്ടുണ്ട്. എന്നാൽ മകളുടെ സ്വപ്നങ്ങൾ മനസ്സിലാക്കിയ ശ്രീദേവി പിന്നീട് ഒപ്പം നിന്നു. പക്ഷെ ജാൻവിയുടെ ആദ്യ സിനിമയുടെ റിലീസിന് മുമ്പ് ശ്രീദേവി മരിച്ചു. മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ.
മരണം സംബന്ധിച്ച് നേരത്തെ ദുരൂഹതകൾ ഉയർന്നിരുന്നു. മരണകാരണത്തിൽ വ്യക്തതക്കുറവുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഈ കുറച്ച് നാളുകൾക്കുള്ളിൽ ഇത്തരം സംസാരങ്ങൾ കെട്ടടങ്ങി. ശ്രീദേവിയുടെ മരണ ശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ ജാൻവിയുടെ ആദ്യ സിനിമ ധടക് റിലീസ് ചെയ്തു. സിനിമ സാമ്പത്തികമായി വിജയം കൈവരിച്ചു.
കരിയറിൽ ജാൻവിക്ക് വലിയൊരു ഹിറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. ശ്രീദേവിയുമായുള്ള താരതമ്യം ജാൻവിയെ കരിയറിൽ ബാധിക്കുന്നുണ്ട്. താരതമ്യം അനാവശ്യമാണെന്ന് നടിയുടെ ആരാധകർ പറയുന്നു. ബവാൽ ആണ് ജാൻവിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. വരുൺ ധവാനാണ് സിനിമയിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.


Click it and Unblock the Notifications











