അന്തസുള്ള പെൺകുട്ടി; എന്റെ കുടുംബത്തിലേക്ക് സ്വാഗതം; കണ്ണ് നിറഞ്ഞ് ഐശ്വര്യ; ശ്രദ്ധ നേടി വാക്കുകൾ
ബോളിവുഡിന്റെ പ്രിയ താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ജയ ബച്ചൻ തുടങ്ങി വലിയ തോതിൽ ജനശ്രദ്ധ ലഭിക്കുന്നവരാണ് ബച്ചൻ കുടുംബാംഗങ്ങൾ. ലോകമറിയപ്പെടുന്ന താരമായ ഐശ്വര്യ അഭിഷേകിന്റെ ഭാര്യയായി വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ പല തരം ചർച്ചകൾ ബി ടൗണിൽ നടന്നു. നേരത്തെ നടി കരിഷ്മ കപൂറുമായി അഭിഷേകിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഈ ബന്ധത്തിൽ നിന്ന് രണ്ട് പേരും പിൻമാറുകയായിരുന്നു.
ഇതിന് ശേഷമാണ് ഐശ്വര്യ അഭിഷേകിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനുമായി ഐശ്വര്യ പെട്ടെന്ന് അടുത്തു. പൊതുവേദികളിൽ ഐശ്വര്യയെ പ്രശംസിക്കാനും ജയ ബച്ചൻ മടച്ചില്ല. ഐശ്വര്യയെ മരുമകളായി ക്ഷണിച്ച് കൊണ്ട് ജയ ബച്ചൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'അത്ഭുതപ്പെടുത്തുന്ന, സുന്ദരിയായ ഈ പെൺകുട്ടിയുടെ അമ്മായിയമ്മ ആകാൻ പോകുകയാണ് ഞാൻ'

'മഹത്തായ മൂല്യങ്ങളുള്ള, അന്തസുള്ള, മനോഹരമായ പുഞ്ചിരിയുള്ള പെൺകുട്ടിയാണവൾ. നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു,' എന്നാണ് ജയ ബച്ചൻ പറഞ്ഞത്. ഫിലിംഫെയർ വേദിയിൽ സംസാരിക്കുകയായിരുന്നു ജയ ബച്ചൻ. വാക്കുകൾ കേട്ട് വേദിക്ക് മുമ്പിലിരുന്ന ഐശ്വര്യയുടെ കണ്ണ് നിറഞ്ഞു.
ഐശ്വര്യയും ജയ ബച്ചനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് മുമ്പൊരിക്കൽ അഭിഷേക് ബച്ചനും സംസാരിച്ചിട്ടുണ്ട്. ബംഗാളി ഭാഷ അറിയാവുന്ന രണ്ട് പേരും പരസ്പരം എല്ലാം തുറന്ന് സംസാരിക്കും. വീട്ടിൽ ഐശ്വര്യയുടെ ഏറ്റവും വലിയ വിശ്വസ്ത ജയ ബച്ചനാണെന്നും അഭിഷേക് പറഞ്ഞു. മരുമകളെക്കുറിച്ച് ജയ ബച്ചനും സംസാരിച്ചിട്ടുണ്ട്. പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ് ഞങ്ങൾ. എനിക്കൊരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് നേരിട്ട് ഐശ്വര്യയോട് പറയും. മരുമകളുടെ പിറകിൽ നിന്ന് നീക്കങ്ങൾ നടത്താറില്ല.

ഐശ്വര്യക്ക് എതിർപ്പുള്ള വിഷയങ്ങൾ തന്നോടും തുറന്ന് പറയാറുണ്ട്. ആകെയുള്ള വ്യത്യാസം തനിക്ക് പ്രായമുള്ളതിനാൽ ഐശ്വര്യ കുറച്ച് കൂടി ബഹുമാനത്തോടെ അഭിപ്രായ വ്യത്യാസം പ്രകടിക്കണം എന്നത് മാത്രമാണെന്നും ജയ ബച്ചൻ അന്ന് പറഞ്ഞു.
2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരായത്. ആരാധ്യ എന്ന മകളും ദമ്പതികൾക്ക് പിറന്നു. ചെറിയ ഇടവേള അവസാനിപ്പിച്ച് സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ അവിസ്മരണീയമായ പ്രകടനം നടി കാഴ്ച വെച്ചു.
തിരിച്ച് വരവ് ഗംഭീരമാക്കിയ ഐശ്വര്യയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർക്ക് വലിയ പ്രതീക്ഷ ഏറിയിട്ടുണ്ട്. അതേസമയം നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മറുവശത്ത് ഏറെക്കാലത്തിന് ശേഷം ജയ ബച്ചനും സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. റോക്കി ഓർ റാണി കീ പ്രേം കഹാനിയാണ് ജയ ബച്ചന്റെ പുതിയ സിനിമ.
കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളിലൊന്നാണ് ജയക്ക് ലഭിച്ചത്. ആലിയ ഭട്ട്, രൺവീർ സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ധർമ്മേന്ദ്ര, ഷബാസ ആസ്മി എന്നിവരും ചിത്രത്തിൽ അണിനിരന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 45 കോടി രൂപ റോക്കി ഓർ റാണി കി പ്രേം കഹാനി കലക്ട് ചെയ്തു.


Click it and Unblock the Notifications