'ഇവരുടെ ദാമ്പത്യം ഇത്ര നീണ്ടുനിന്നത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു'; ബച്ചനെയും ജയയെയും കുറ്റപ്പെടുത്തി ആരാധകർ
അടുത്തിടെയാണ് ബോളിവുഡിലെ എവർഗ്രീൻ ജോഡിയായ അമിതാഭ് ബച്ചനും ജയ ബച്ചനും അമ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. 1973 ജൂൺ 3നാണ് ഇരുവരും വിവാഹിതരായത്. ഹൃഷികേശ് മുഖർജിയുടെ ഗുഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് താരങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്.
ജയയുടെ കരിയറിലെ മികച്ച ചിത്രമായി അത് മാറിയെങ്കിലും ബച്ചൻ നേരത്തെ തന്നെ അതിൽ നിന്ന് പിൻ വാങ്ങിയിരുന്നു. ബച്ചൻ തന്നോടൊപ്പം അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ സംഭാഷണങ്ങൾ ജയയെ കൂടുതൽ അടുപ്പിച്ചു.
2002ൽ ടു ബി ഓർ നോട്ട് ടു ബി: അമിതാഭ് ബച്ചൻ എന്ന പുസ്തകത്തിൽ ബച്ചനെ ഗുഡ്ഡി ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതിൽ താൻ രഹസ്യമായി സന്തോഷിച്ചിരുന്നെന്ന് ജയ പറഞ്ഞിട്ടുണ്ട്. പ്രണയം മൊട്ടിട്ടതിന് പിന്നാലെ ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള മാർഗങ്ങൾ ഇരുവരും തിരഞ്ഞുകൊണ്ടേയിരുന്നു.
അതുകൊണ്ടാണ് 1973ൽ പുറത്തിറങ്ങിയ പ്രകാശ് മെഹ്റ ചിത്രം സഞ്ജീറിൽ ജയ അഭിനയിച്ചത്. മുംബൈയിൽ വെച്ച് വളരെ ലളിതമായിട്ടാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. വൈകാതെ ഇരുവരും മാതാപിക്കളുമായി.

ഇപ്പോൾ മക്കളും കൊച്ചുമക്കളും മരുമക്കളുമായി വിശ്രമ ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. അതേസമയം ഇപ്പോഴിതാ അമിതാഭ് ബച്ചൻ ഒട്ടും റൊമാന്റിക്ക് അല്ലെന്ന് ജയ കുറ്റപ്പെടുത്തുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിമി അഗർവാളിന് വളരെ വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ദാമ്പത്യ ജീവിതത്തെ കുറിച്ച് ഇരുവരും സംസാരിച്ചത്.
വീഡിയോയിൽ അമിതാഭ് റൊമാന്റിക് ആണോ എന്ന് സിമി ചോദിച്ചപ്പോൾ വളരെ പരുഷമായാണ് ജയ മറുപടി നൽകിയത്. തന്നോട് ഇതുവരെ റൊമാന്റിക്കായി പെരുമാറിയിട്ടില്ലെന്നും തന്നോട് റൊമാൻസ് കാണിക്കാൻ അദ്ദേഹത്തിന് ലജ്ജയാണെന്നും ജയ മറുപടി നൽകി.
അദ്ദേഹത്തിന് ഒരു കാമുകി ഉണ്ടായിരുന്നെങ്കിൽ ബച്ചൻ റൊമാന്റിക്കായി പെരുമാറുമായിരുന്നുവെന്നും ജയ കൂട്ടിച്ചേർത്തു. പ്രണയത്തിലായിരുന്നപ്പോൾ റൊമാന്റിക് ആയിരുന്നോ എന്നാണ് സിമി പിന്നീട് ജയയോട് ചോദിച്ചത്. തങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരുന്ന സമയത്ത് അമിതാഭ് സംസാരിച്ചിട്ടില്ലെന്ന് ജയ പറഞ്ഞു. വീഡിയോ ഇന്റർനെറ്റിൽ വൈറലായതിന് പിന്നാലെ കമന്റുകളും കുമിഞ്ഞു.
ഇരുവരുടെയും ദാമ്പത്യം സുഖകരമല്ലായിരുന്നുവെന്നത് ജയയുടെ മറുപടികളിൽ നിന്നും വ്യക്തമാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. 'ജയയുടെ പരുഷത ഇഷ്ടമല്ലെങ്കിലും... അത് എവിടെ നിന്നാണ് വരുന്നതെന്ന് ഈ വീഡിയോയിൽ നിന്നും ശരിക്കും മനസിലാക്കാൻ കഴിയും. ജയയുടെ ദാമ്പത്യ ജീവിതം എങ്ങനെയാണ് കടന്നുപോയത് എന്ന് മനസിലാക്കുമ്പോൾ ശരിക്കും ഹൃദയം വേദനിക്കുന്നു', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

'വിവാഹ ജീവിതം ജയയുടെ മാനസികാരോഗ്യത്തെ തീർച്ചയായും ബാധിച്ചിരിക്കുന്നു. പ്രായം കൂടുന്തോറും ജയ കൂടുതൽ പരുഷമായും വെറുപ്പുളവാക്കുന്ന തരത്തിലും പെരുമാറുന്നു, ഇന്റർവ്യൂ മുഴുവൻ വിചിത്രമാണ്. ഇവരുടെ ദാമ്പത്യം എത്ര വിഷലിപ്തവും നിർബന്ധിതവുമാണെന്ന് ഈ ഇന്റർവ്യു മുഴുവൻ കാണുമ്പോൾ മനസിലാകും.'
'അത് ഇത്രകാലം നീണ്ടുനിന്നതിൽ സങ്കടമുണ്ടെന്നും', കമന്റുകളുണ്ട്. എല്ലാ ദിവസവും പണിയെടുക്കുന്ന ഭാര്യയെ വേണ്ടെന്ന് വിവാഹത്തിന് മുമ്പ് ബച്ചൻ പറഞ്ഞതായി ജയ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications