എന്റെ ജീവിതം നരകമായേനെ, ഒരുപാട് പൊസസീവ് ആകരുത്; രേഖയെക്കുറിച്ച് ജയ ബച്ചൻ പറഞ്ഞത്
അമിതാഭ് ബച്ചനെയും രേഖയെയും കുറിച്ചുള്ള ഗോസിപ്പുകൾ എപ്പോഴും ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്ന ഇരുവരും ജീവിതത്തിലും പ്രണയത്തിലായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ അന്ന് അമിതാഭ് ബച്ചൻ വിവാഹിതനാണ്. സൂപ്പർതാരങ്ങൾ ഒന്നിലേറെ ഭാര്യമാരോടൊപ്പം വിവാഹ ജീവിതം നയിക്കുന്ന കാലഘട്ടമാണത്. രേഖയെ അമിതാഭ് ബച്ചൻ വിവാഹം ചെയ്യുമെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ അതുണ്ടായില്ല. ജയ ബച്ചനുമായുള്ള വിവാഹ ബന്ധത്തെ ഈ ഗോസിപ്പുകൾ ബാധിച്ചതുമില്ല.
അഭ്യൂഹങ്ങൾ പരിധി വിട്ടപ്പോഴും ജയ ബച്ചൻ മൗനം പാലിക്കുകയും കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയും ചെയ്തു. അമിതാഭ് ബച്ചനുമായി തനിക്ക് അടുപ്പമുണ്ടെന്ന് പഴയ ചില അഭിമുഖങ്ങളിൽ രേഖ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എന്നാൽ അമിതാഭ് ബച്ചൻ രേഖയുമായി തനിക്ക് ബന്ധമില്ലെന്ന് ഒന്നിലേറെ തവണ വാദിച്ചു.

പക്ഷെ സഹപ്രവർത്തകർ പോലും രേഖ-ബച്ചൻ ബന്ധത്തിന്റെ സൂചനകൾ നൽകിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നോ എന്നത് ഇന്നും കൃത്യമായ ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്നു. വർഷങ്ങൾ കഴിഞ്ഞ് ജയ ബച്ചൻ ഒരിക്കൽ ഗോസിപ്പുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 2008 ൽ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ഇത്. ബന്ധമുണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചൻ തനിക്കൊപ്പമുണ്ടാകുമായിരുന്നില്ല എന്നാണ് അന്ന് ജയ ബച്ചൻ പറഞ്ഞത്.
ആളുകൾ അവരെ ഓൺസ്ക്രീൻ ജോഡിയായി ഇഷ്ടപ്പെട്ടു. അത് കുഴപ്പമില്ല. അദ്ദേഹത്തിന്റെ എല്ലാ നായികമാരുമായി ലിങ്ക് ചെയ്യാൻ മാധ്യമങ്ങൾ ശ്രമിച്ചു. ഇതെല്ലാം ഗൗരവമായി എടുത്തിരുന്നെങ്കിൽ തന്റെ ജീവിതം നരകമായേനെയെന്ന് അന്ന് ജയ ബച്ചൻ പറഞ്ഞു. വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകുന്നതിന് താൻ ചെയ്ത കാര്യങ്ങളെക്കുറിച്ചും ജയ ബച്ചൻ അന്ന് സംസാരിച്ചു.

അദ്ദേഹത്തെ ഒറ്റയ്ക്ക് വിടുക. നമുക്ക് ബോധ്യമുണ്ടാകണം. വിവാഹം ചെയ്തത് കമ്മിറ്റ്മെന്റിൽ വിശ്വസിക്കുന്ന ഒരു നല്ല പുരുഷനെയാണ്. ഒരുപാട് പൊസസീവ് ആകാൻ പാടില്ല. പ്രത്യേകിച്ചും ഞങ്ങളുടെ പ്രൊഫഷനിൽ. ആർട്ടിസ്റ്റിനെ വട്ടുപിടിപ്പിക്കാം. അല്ലെങ്കിൽ അവനെയോ അവളെയോ വളരാൻ സഹായിക്കാം. ഭർത്താവ് വിട്ട് പോകുകയാണെങ്കിൽ അയാൾ ഒരിക്കലും തന്റേതായിരുന്നില്ലെന്ന് മനസിലാക്കുകയെന്നും ജയ ബച്ചൻ അന്ന് പറഞ്ഞു.
രേഖയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നതിനെ താൻ എതിർക്കാറില്ലെന്നും അന്ന് ജയ ബച്ചൻ പറഞ്ഞു. സിൽസില എന്ന സിനിമയിലാണ് രേഖയും അമിതാഭ് ബച്ചനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിൽ ജയ ബച്ചനും അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് രേഖ. ജയ ബച്ചൻ ഏറെക്കാലത്തിന് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ സാന്നിധ്യം അറിയിച്ചു. അതേസമയം അമിതാഭ് ബച്ചൻ ഇപ്പോഴും കരിയറിലെ തിരക്കുകളിലാണ്.


Click it and Unblock the Notifications