പെൺകുട്ടികളുടെ പിന്നാലെ നടക്കുന്നവൻ; ആരെങ്കിലും അവനെ റേപിസ്റ്റ് എന്ന് വിളിക്കുമോ?; തുറന്നടിച്ച കങ്കണ
ബോളിവുഡിലെ ഏറ്റവും വലിയ വിവാദ താരമാണ് കങ്കണ റണൗത്ത്. ബോളിവുഡ് ക്യൂൻ എന്ന പേരിലറിയപ്പെട്ടിരുന്ന നടി വൈകാതെ തന്നെ നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്ന നടിയായി മാറി. ഇതിന്റെ പേരിൽ നിരവധി പൊലീസ് കേസുകളും നടിക്ക് വന്നിട്ടുണ്ട്.
നടൻ ഹൃതിക് റോഷനുമായുണ്ടായ പ്രശ്നങ്ങൾ ഇതിന് ഉദാഹരണം ആയിരുന്നു. ഇതിന് പുറമെ കരൺ ജോഹർ, ആദിത്യ പഞ്ചോളി, തപ്സി പന്നു, ആലിയ ഭട്ട്, സ്വര ഭാസ്കർ തുടങ്ങി നിരവധി താരങ്ങൾക്ക് നേരെ നടി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു. ഒടുവിൽ വർഗീയ പരാമർശങ്ങളുടെയും മറ്റും പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.
കങ്കണ നടൻ രൺബീർ കപൂറിനെതിരെ നടത്തിയ പരാമർശങ്ങളും നേരത്തെ വലിയ വിവാദമായിരുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച സമയത്തായിരുന്നു ഈ വിവാദം ഉയർന്നത്. സുശാന്ത് ആത്മഹത്യ ചെയ്യാൻ കാരണം വിഷാദ രോഗമാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വിഷാദ രോഗിയായി സുശാന്തിനെ മുദ്രകുത്തരുതെന്നും ബോളിവുഡിലെ സ്വജനപക്ഷപാതം നടനെ ഒറ്റപ്പെടുത്തിയിരുന്നെന്നും കങ്കണ വാദിച്ചു.

ഈ പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ രൺബീറിനെതിരെയുള്ള ആരോപണങ്ങൾ. 'രൺബീർ കപൂർ സ്ത്രീകളുടെ പിന്നാലെ നടക്കുന്ന സീരിയൽ സ്കേർട്ട് ചേസറാണ്. പക്ഷെ ആരും അവനെ റേപിസ്റ്റ് എന്ന് വിളിക്കില്ല. ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗിയും. ആരും അവളെ സൈക്കോ എന്ന് വിളിക്കില്ല. ഈ പേരുകൾ ചെറിയ പട്ടണങ്ങളിൽ നിന്നും വരുന്ന സിനിമയ്ക്ക് പുറത്തു നിന്നുള്ളവർക്കായി മാറ്റി വെച്ചിരിക്കുകയാണ്,' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
രൺബീറിന് സാമൂഹിക ഉത്തരാവിദിത്വം ഇല്ലെന്നും സ്വന്തം കാര്യം മാത്രം നോക്കുന്നയാളാണെന്നും കങ്കണ ആരോപിച്ചിരുന്നു. എന്നാൽ ട്വിറ്ററിലൂടെ ഇത്തരം പരാമർശങ്ങൾ അധിക കാലം നടത്താൻ കങ്കണയ്ക്ക് കഴിഞ്ഞില്ല. നടിയുടെ അക്കൗണ്ട് ട്വിറ്റർ ചട്ട ലംഘനം ആരോപിച്ച് സസ്പെൻഡ് ചെയ്തു.

ധാക്കഡ് ആണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വൻ പരാജയമായ ചിത്രം കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി ആയാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ എമർജൻസി എന്ന സിനിമയുടെ പണിപ്പുരയിലാണ് കങ്കണ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ആണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണയുടെയും സഹോദരന്റെയും പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കിലും കങ്കണ അഭിനയിച്ചിരുന്നു. തലെെവി എന്ന ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തേജസ് എന്ന ചിത്രവും കങ്കണയുടേതായി ഇറങ്ങാനുണ്ട്. ചരിത്ര സിനിമയായ സീതയിലും കങ്കണയാണ് നായിക. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല.


Click it and Unblock the Notifications











