അവൻ ഞങ്ങളെ വിളിച്ച് വസ്ത്രം അഴിപ്പിച്ചു; എനിക്കൊന്നും മനസിലായില്ല; കങ്കണയുടെ തുറന്ന് പറച്ചിൽ
ബോളിവുഡിലെ ഏറ്റവും വലിയ വിവാദ താരമാണ് കങ്കണ റണൗത്ത്. അഭിപ്രായങ്ങൾ തുറന്നടിക്കുന്ന കങ്കണ പലപ്പോഴും ബി ടൗണിലെ പ്രമുഖർക്ക് തലവേദനയായിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കങ്കണയെന്ന് വിമർശകരും സമ്മതിക്കുന്നു. വിവാദങ്ങളില്ലായിരുന്നെങ്കിൽ ഇന്ന് ബോളിവുഡിലെ താര റാണിയായി കങ്കണയ്ക്ക് മാറാമായിരുന്നു. എന്നാൽ വിവാദ പ്രസ്താവനകൾ തുടരെ നടത്തിയത് താരത്തിന്റെ ഗ്രാഫിനെ ബാധിച്ചു. ബോളിവുഡിലെ പ്രമുഖർ ആരും കങ്കണയെ വെച്ച് സിനിമകൾ ചെയ്യാൻ തയ്യാറല്ല.
തനിക്ക് വന്ന സിനിമകൾ കങ്കണ ചെയ്തെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടു. ഒടുവിൽ പുറത്തിറങ്ങിയ തേജസ് കനത്ത പരാജയമായിരുന്നു. വിജയത്തിൽ സ്വയം മറക്കുന്ന താരങ്ങൾക്ക് കങ്കണയുടെ കരിയർ ഒരു പാഠമാണെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ട്. വലിയ സിനിമകൾ തനിക്ക് ലഭിക്കാതായോടെ സ്വന്തമായി സിനിമ നിർമ്മിച്ച്, സംവിധാനം ചെയ്ത് അതിൽ അഭിനയിക്കുകയാണ് കങ്കണ റണൗത്ത്.

എമർജൻസിയാണ് ഈ സിനിമ. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ തുടക്ക കാലത്ത് താൻ നേരിട്ട ചൂഷണങ്ങളെക്കുറിച്ച് കങ്കണ തുറന്ന് സംസാരിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് താൻ നേരിട്ട ഉപദ്രവത്തെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ ഗ്രാമത്തിലെ ഒരു പയ്യൻ മോശമായി സ്പർശിച്ചെന്ന് കങ്കണ പറയുന്നു. ഞങ്ങളുടെ നാട്ടിലെ ഒരു പയ്യൻ എന്നെ മോശമായി സ്പർശിച്ചു. ആ സമയത്ത് എനിക്കത് മനസിലാക്കാനായില്ല. നമ്മുടെ കുടുംബം കുട്ടികളെ എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും എല്ലാ കുട്ടികളും ഇതിലൂടെ കടന്ന് പോകും. കുറ്റബോധം തോന്നും. നമ്മുടെ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്.

നല്ല സ്പർശനവും മോശം സ്പർശനവും പറഞ്ഞ് കൊടുത്താൽ മതിയാവില്ല. കുട്ടികൾ മാനസികമായി വലിയ ആഘാതത്തിലാകുന്നു. ഈ പയ്യന് എന്നേക്കാൾ മൂന്നോ നാലോ വയസ് കൂടുതലാണ്. അവൻ അവന്റെ ലൈംഗികത അന്വേഷിക്കുകയായിരുന്നു. ഞങ്ങളെ വിളിച്ച് വസ്ത്രം അഴിപ്പിച്ച് പരിശോധിക്കും. ആ സമയത്ത് തനിക്ക് ഒന്നും മനസിലായില്ലെന്നും കങ്കണ റണൗത്ത് തുറന്ന് പറഞ്ഞു.
സെപ്റ്റംബർ ആറിനാണ് എമർജൻസി റിലീസ് ചെയ്യുന്നത്. അടിയന്തരാവസ്ഥ കാലമാണ് സിനിമയുടെ കഥാപശ്ചാത്തലം. മലയാളിയായ വിശാഖ് നായരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിൽ കങ്കണയ്ക്ക് എമർജൻസിയിൽ പ്രതീക്ഷകൾ ഏറെയാണ്.
ചിത്രം വിജയിച്ചാൽ ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിച്ചെന്ന ഖ്യാതി നടിക്ക് ലഭിക്കും. അതേസമയം പരാജയപ്പെട്ടാൽ ബോളിവുഡിലെ നടിയുടെ ഭാവി അനിശ്ചിതത്വത്തിലാകും. എംപിയാണെങ്കിലും സിനിമകൾ തുടർന്നും ചെയ്യാനാണ് കങ്കണയുടെ തീരുമാനം. എമർജൻസിയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ.


Click it and Unblock the Notifications











