മക്കളുടെ ജനനം എളുപ്പമായിരുന്നില്ല; പിറന്ന ശേഷം അവരെ കണ്ട് ഞാൻ വിഷമിച്ചു; കരൺ ജോഹർ പറഞ്ഞത്
ബോളിവുഡിലെ നെടുംതൂൺ ആയാണ് കരൺ ജോഹർ അറിയപ്പെടുന്നത് സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ അമരത്തിരിക്കുന്ന കരൺ ജോഹർ ഇതിനകം നിരവധി ഹിറ്റ് സിനിമകൾ ബോളിവുഡിൽ സമ്മാനിച്ചു. അന്നും ഇന്നും ബോളിവുഡിലെ ആഘോഷ സിനിമകളുടെ അമരക്കാരനാണ് കരൺ ജോഹർ. കരിയറിൽ പലപ്പോഴും വിവാദങ്ങളിലും കരൺ ജോഹർ അകപ്പെടാറുണ്ട്, ബോളിവുഡിന്റെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം കരൺ ജോഹറുമാണെന്ന് വിമർശകർ പറയുന്നു.
സിനിമയ്ക്കപ്പുറം സിനിമാ താരങ്ങളുടെ ആഘോഷങ്ങളുടെ സ്ഥലമായി ബോളിവുഡ് മാറിയെന്നാണ് കുറ്റപ്പെടുത്തൽ. താരങ്ങൾ തമ്മിൽ ശത്രുതയും അസ്വാരസ്യങ്ങളും ഉണ്ടാക്കാനിടയുള്ള ടോക് ഷോകൾ, താരങ്ങളുടെ മക്കൾക്ക് മാത്രം കൊടുക്കുന്ന പരിഗണന, അവാർഡ് ഷോകളിലെ കാപട്യം തുടങ്ങി ബോളിവുഡിനെ തകർക്കുന്ന പല കാര്യങ്ങൾക്കും കുട പിടിക്കുന്നത് കരൺ ജോഹറാണെന്ന് ആരോപണമുണ്ട്.
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണ ശേഷം ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ടത് കരൺ ജോഹറായിരുന്നു. കരൺ ജോഹറിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. 50 കാരനായ കരൺ ജോഹർ ഇപ്പോഴും അവിവാഹിതനാണ്. അതേസമയം വാടക ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനാവാൻ കരൺ ജോഹറിന് കഴിഞ്ഞു.

യാഷ്, റൂഹി എന്നാണ് മക്കൾക്ക് കരൺ ജോഹർ നൽകിയിരിക്കുന്ന പേര്. കരൺ ജോഹറിന്റെയും ഇദ്ദേഹത്തിന്റെ അമ്മയുടെയും സംരക്ഷണയിലാണ് മക്കൾ വളരുന്നത്. മക്കളുടെ ജനനത്തെക്കുറിച്ച് കരൺ മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രതീക്ഷിച്ചതിലും രണ്ട് മാസം നേരത്തെയായിരുന്നു മക്കളുടെ ജനനമെന്ന് കരണന്ന് തുറന്ന് പറഞ്ഞു. ശരീര ഭാരം വളരെ കുറവായിരുന്നു. ഈ സമയത്ത് ഒരച്ഛനെന്ന നിലയിൽ താൻ വളരെ വിഷമിച്ചെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു. കുഞ്ഞുങ്ങളുടെ ജനനത്തിൽ സങ്കീർണതകളുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ഭയന്ന് പോയി. അവരെ മുറുകെ പിടിച്ച് സംരക്ഷിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.
പക്ഷെ അവരെ എൻഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു. അവർ കാഴ്ചയിൽ എത്ര ചെറുതാണെന്നത് എന്നെ വേദനിപ്പിച്ചു. ഭാഗ്യവശാൽ എനിക്ക് വലിയ പിന്തുണയുണ്ടായിരുന്നു. റൂഹിയും യാഷും ഏറ്റവും കഴിവുള്ളവരും ക്ഷമാശീലരുമായ ഡോക്ടർമാരുടെ കൈകളിലായിരുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്, കരൺ ജോഹർ പറഞ്ഞതിങ്ങനെ.
പ്രിമെച്വൂർ കുഞ്ഞുങ്ങൾ ജനിച്ചാൽ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും ഡോക്ടർമാരുടെ സഹായത്തോടെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമെന്നും കരൺ ജോഹർ അഭിപ്രായപ്പെട്ടു. മക്കൾക്ക് അച്ഛനെന്നതിനേക്കാൾ ഒരമ്മയുടെ സ്നേഹമാണ് താൻ നൽകുന്നതെന്ന് കരൺ ജോഹർ മുമ്പ് കരൺ ജോഹർ വ്യക്തമാക്കിയിട്ടുണ്ട്.

വാടക ഗർഭധാരണ മാർഗം സ്വീകരിച്ചതിന്റെ പേരിൽ അന്ന് കരൺ ജോഹറിന് നേരെ കുറ്റപ്പെടുത്തലുകളും വന്നിരുന്നു. കുഞ്ഞിനേ വേണമെന്നുണ്ടെങ്കിൽ ദത്തെടുത്താൽ പോരെ എന്നായിരുന്നു ചിലരുടെ ചോദ്യം. കരൺ അമ്മയില്ലാതെ കുഞ്ഞുങ്ങളെ വളർത്തുന്നെന്നും ജനിപ്പിച്ച അമ്മയുടെയടുത്താണ് അവർ വളരരേണ്ടതെന്ന് പറഞ്ഞും കരൺ ജോഹറിന് നേരെ അധിക്ഷേപം വന്നു. ഒരിക്കൽ ഇതിനെതിരെ രൂക്ഷമായി കരൺ ജോഹർ പ്രതികരിച്ചിരുന്നു.
കരൺ ജോഹർ കുട്ടികൾക്ക് അമ്മയില്ലാതാക്കി എന്ന് ഒരു സ്ത്രീ ട്വീറ്റ് ചെയ്തതോടെയായിരുന്നു കരണിന്റെ പ്രതികരണം. മാം, എല്ലാ ബഹുമാനത്തോടെയും പറയട്ടേ, സ്വന്തമായി ഒരു ജീവിതം നേടൂ. രാജ്യം ഇപ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിയില്ലെങ്കിൽ അത് സുഗമമായി നടക്കും. എന്റെ കുഞ്ഞുങ്ങൾക്ക് സ്നേഹം ലഭിക്കുന്നുണ്ട്. അതാണ് പ്രാധാനം. അവർക്കൊരു അമ്മയുണ്ട്. അത് എന്റെ അമ്മയാണ്, കരൺ ജോഹർ നൽകിയ മറുപടിയിങ്ങനെ.


Click it and Unblock the Notifications