'പ്രവചനം നൂറ് ശതമാനം ഫലിച്ചു'; കുട്ടിയായിരുന്ന കരിഷ്മയെ കണ്ടമാത്രയിൽ തന്നെ അവളുടെ ഭാവി ഗോവിന്ദ പ്രവചിച്ചു!
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു കരിഷ്മ കപൂർ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ കരിഷ്മയ്ക്ക് ബോളിവുഡിൽ ലഭിച്ചിട്ടുണ്ട്. രന്ദീർ കപൂറിന്റെയും ബബിതയുടെയും മകളായ കരിഷ്മ കപൂർ 17 മത്തെ വയസിലാണ് സിനിമയിലേക്ക് വരുന്നത്. 1991ൽ കെ.മുരളി മോഹൻ റാവോ സംവിധാനം ചെയ്ത പ്രേം ഖ്വയ്ദി എന്ന ചിത്രമാണ് കരിഷ്മ കപൂറിന്റെ അരങ്ങേറ്റ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ വിജയത്തിലെത്തുകയും അതേ തുടർന്ന് അനേകം സിനിമകൾ കരിഷ്മയെ തേടിയെത്തുകെയും ചെയ്തു.
ശേഷം 1996ൽ കരിഷമ കപൂറിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. 1997ൽ കരിഷ്മ കപൂറിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഷാരൂഖാനും മാധുരിയും മുഖ്യ കഥാപാത്രങ്ങളായ ദിൽ തോ പാകൽ ഹെയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. മികവുറ്റ നേട്ടങ്ങൾ കരിഷ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായി ചില കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കരിഷ്മയ്ക്ക്.

ഇപ്പോൾ കരിഷ്മയുടെ പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. കരിഷ്മ കപൂറിനൊപ്പം ബോളിവുഡിലെ സൂപ്പർ സ്റ്റാർ ഗോവിന്ദയും വീഡിയോയിൽ ഉണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹീറോ നമ്പർ 1 എന്ന ചിത്രത്തിന്റെ 15 വർഷം ആഘോഷിക്കാൻ ഇന്ത്യാസ് ഗോട്ട് ടാലന്റ് സീസൺ 9ൽ അതിഥികളായി എത്തിയതായിരുന്നു. പഴയ ഓർമകൾ പങ്കുവെക്കുന്നതും ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതും പുതിയ വീഡിയോയിൽ കാണാം. ഹിന്ദി സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടനാണ് ഗോവിന്ദ. 120ൽ അധികം സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. കരിഷ്മയും ഗോവിന്ദയും വരുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമയിൽ എത്തും മുമ്പ് തന്നെ കരിഷ്മ ഗോവിന്ദയുടെ വലിയ ആരാധികയായിരുന്നു. നായികയായപ്പോൾ ഗോവിന്ദയ്ക്കൊപ്പം അഭിനയിക്കാനും കരിഷ്മയ്ക്ക് സാധിച്ചു.

സോണി എന്റർടെയ്ൻമെന്റ്സിലാണ് കരിഷ്മയും ഗോവിന്ദയും ഒരുമിച്ച് പങ്കെടുത്ത ഇന്ത്യാസ് ഗോട്ട് ടാലന്റ് സീസൺ 9 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യാൻ പോകുന്നത്. കരിഷ്മയും ഗോവിന്ദയും റാപ്പർ ബാദ്ഷായും ചേർന്ന് പരിപാടിയിൽ ഹുസ്ൻ ഹേ സുഹാന എന്ന ഗാനത്തിന് നൃത്തം ചെയ്യുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത് ഗോവിന്ദയെ കുറിച്ച് കരിഷ്മ പറഞ്ഞത് ഇങ്ങനെയാണ്. 'ഞാൻ ചെറുപ്പം മുതൽ ചിച്ചി ജിയുടെ (ഗോവിന്ദയുടെ) ഒരു വലിയ ആരാധികനായിരുന്നു. ഖുദ്ഗർസ് റിലീസ് ചെയ്തത് ഞാൻ ഓർക്കുന്നു. എനിക്ക് ആ പാട്ടെന്നാൽ ഭ്രാന്തായിരുന്നു. എനിക്ക് ഗോവിന്ദ ജിയെ കാണാൻ ആഗ്രഹമുണ്ടെന്ന് ഞാൻ എന്റെ അമ്മയോടും അച്ഛനോടും പറഞ്ഞു. അങ്ങനെയിരിക്കെ ചിച്ചിജിയെ ഞാൻ ഒരിക്കൽ കണ്ടു. കണ്ടമാത്രയിൽ അദ്ദേഹം എന്നോട് ചോദിച്ചത് നിനക്ക് നടിയാകാൻ ആഗ്രഹമുണ്ടോ? എന്നായിരുന്നു. ഞാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ആഗ്രഹമുള്ളതിനാൽ നീ തീർച്ചയായും നടിയാകുമെന്ന് അദ്ദേഹം പറയുകയും ചെയ്തു' കരിഷ്മ പറയുന്നു.

അന്ന് മുതൽ അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ട്. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഒരുമിച്ച് നൃത്തം ചെയ്യുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ സ്നേഹത്തിനും പ്രേക്ഷകർക്ക് വളരെ നന്ദി. ഹീറോ നമ്പർ 1 എന്ന കോമഡി ഡ്രാമ 1997ൽ പുറത്തിറങ്ങിയ സിനിമയാണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഇത് തെലുങ്കിൽ ഗോപ്പിണ്ടി അല്ലുഡു എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ സജീവമാണ് കരിഷ്മ കപൂർ. സീറോയാണ് അവസാനം റിലീസ് ചെയ്ത കരിഷ്മയുടെ സിനിമ.


Click it and Unblock the Notifications