കത്രീനയുടെ മുന്നിൽ മുൻ കാമുകന്റെ കാട്ടിക്കൂട്ടലുകൾ; പക്വമായി കൈകാര്യം ചെയ്ത് വിക്കി കൗശൽ; സംഭവമിങ്ങനെ
ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിമാരിൽ ഒരാളാണ് കത്രീന കൈഫ്. വിദേശത്ത് ജനിച്ച് വളർന്ന കത്രീന ഇന്ത്യൻ സിനിമയിലെ താരറാണിയായി മാറിയത് ഏവരെയും പ്രചോദിപ്പിക്കുന്നു. ഹിന്ദി ഭാഷ പോലും അറിയാതെ അഭിനയത്തിൽ തുടക്കം കുറിച്ച കത്രീനയ്ക്ക് തുടക്ക കാലത്ത് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. എന്നാൽ പിന്നീട് കുറവുകൾ ഓരോന്നായി മാറ്റി സിനിമാ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കാൻ കത്രീന കൈഫിന് കഴിഞ്ഞു. താരപ്പകിട്ടിനോടൊപ്പം കത്രീനയെക്കുറിച്ച് നിരവധി ഗോസിപ്പുകളും വന്നു.
നടിയുടെ പ്രണയങ്ങൾ മിക്കപ്പോഴും ബോളിവുഡ് മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. സൂപ്പർസ്റ്റാർ സൽമാൻ ഖാനും കത്രീന കൈഫും തമ്മിലുള്ള പ്രണയം ഒരുകാലത്തുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. കത്രീനയ്ക്ക് കരിയറിൽ മുന്നോട്ട് നീങ്ങാൻ സൽമാന്റെ സഹായവും തുണച്ചിട്ടുണ്ട്. സിനിമാ പശ്ചാത്തലമൊന്നും ഇല്ലാതെ മുംബൈയിലേക്ക് വന്ന കത്രീനയ്ക്ക് പലപ്പോഴും മാർഗദർശിയായത് സൽമാനാണ്. കത്രീനയുമായി സൽമാൻ കടുത്ത പ്രണയത്തിലായെന്നും അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ രൺബീർ കപൂറുമായി അടുത്തതോടെ കത്രീന സൽമാനിൽ നിന്നും അകന്നു. നടനെ അന്ന് ഇതേറെ നിരാശപ്പെടുത്തുകയുണ്ടായി. കത്രീനയ്ക്കെതിരെ പരോക്ഷമായ ചില പരിഹാസങ്ങളും സൽമാന്റെ ഭാഗത്ത് നിന്നുണ്ടായി. ബി ടൗണിലെ പ്രബലനായതിനാൽ സൽമാനെ പിണക്കാതെയാണ് കത്രീന ഈ സാഹചര്യത്തെ മറികടന്നത്. ബ്രേക്കപ്പിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടർന്നു.
മുമ്പൊരിക്കൽ കത്രീനയ്ക്ക് മുന്നിൽ സൽമാൻ പാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു അവാർഡ് നിശയിലാണ് ഈ സംഭവം ഉണ്ടായത്. കാണിയായിരുന്ന കത്രീനയ്ക്ക് മുന്നിൽ വെച്ച് സൽമാൻ രസകരമായി പാടുന്നതാണ് വീഡിയോയിൽ കാണുന്നത്. പാട്ട് കേട്ട് കത്രീന ചിരിക്കുന്നുണ്ട്. അതേസമയം ആരാധകരുടെ ശ്രദ്ധ പോയത് വീഡിയോയിൽ കത്രീനയ്ക്ക് ഒപ്പമിരിക്കുന്ന ഭർത്താവ് വിക്കി കൗശലിലേക്കാണ്. അന്ന് ഇരുവരും വിവാഹിതരായിട്ടില്ലെങ്കിലും പ്രണയത്തിലാണ്.

സ്വന്തം കാമുകിക്ക് മുൻപിൽ മുൻ കാമുകൻ ആടിപ്പാടുന്നത് കണ്ടിട്ടും സംയമനത്തോടെ സാഹചര്യം കൈകാര്യം ചെയ്ത വിക്കിയെ നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു. ചിരിച്ച് കൊണ്ട് ലാഘവത്തോടെയാണ് വിക്കി സൽമാനെ നോക്കുന്നത്. പല തരത്തിലുള്ള കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്. പുഞ്ചിരിച്ച് കൊണ്ട് സൽമാന്റെ കാട്ടിക്കൂട്ടലുകളെ നേരിടാൻ കത്രീനയ്ക്കും വിക്കി കൗശലിനും കഴിഞ്ഞെന്ന് ചിലർ അഭിപ്രായപ്പെട്ടു.
കാമുകന്റെയോ ഭർത്താവിന്റെയോ മുൻപിൽ മുൻ കാമുകൻ ഇങ്ങനെ ചെയ്താൽ ആളുകൾ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന ചോദ്യങ്ങളും കമന്റ് ബോക്സിൽ വന്നു. ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021 ഡിസംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്.
രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹം ആരാധകരും ആഘോഷമാക്കി. കരിയറിൽ വിക്കി കൗശലിനേക്കാൾ അനുഭവ സമ്പത്തുള്ള നടിയാണ് കത്രീന കൈഫ്. വിക്കി കൗശൽ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുമ്പോഴേക്കും കത്രീന കൈഫ് ബോളിവുഡിലെ താര റാണിയായി മാറിയിട്ടുണ്ട്. രണ്ട് പേരും സിനിമകളുടെ തിരക്കുകളിലാണിപ്പോൾ.
കത്രീന വന്ന ശേഷം തന്റെ ജീവിതത്തിലുണ്ടായ നല്ല മാറ്റങ്ങളെക്കുറിച്ച് വിക്കി കൗശൽ അടുത്തിടെ സംസാരിക്കുകയുണ്ടായി. ജീവിതത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾക്കെപ്പോഴും ഒരു മകളെ വേണമെന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു മകളെ ലഭിച്ചെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വിവാഹ ജീവിതം വളരെ മനോഹരമാണെന്നും വിക്കി കൗശൽ തുറന്ന് പറഞ്ഞു. കത്രീനയുടെയും വിക്കി കൗശലിന്റെയും പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











