എപ്പോഴും വിളിക്കും, പക്ഷെ ഒരു അവാർഡും തരുന്നില്ല; ദേഷ്യപ്പെട്ട കത്രീന കൈഫ്
ബോളിവുഡിലെ മുൻനിര നായിക നടിയാണ് കത്രീന കൈഫ്. രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന നടിയുടെ കരിയറിൽ ഇതിനകം നിരവധി ഹിറ്റു സിനിമകളാണുണ്ടായത്. 2003 ൽ ബൂം എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടി പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി. ബ്രിട്ടീഷ് പശ്ചാത്തലമുള്ള കത്രീനയ്ക്ക് തുടക്കത്തിൽ ഹിന്ദി ഭാഷ പ്രശ്നമായിരുന്നു.
ഇതിന്റെ പേരിൽ തുടക്ക കാലത്ത് ചില തിരിച്ചടികളും കത്രീനയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ പെട്ടന്ന് തന്നെ നടി ഹിന്ദി ഭാഷ പഠിക്കുകയും സ്വയം ഡബ്ബ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. പിന്നീട് സൂപ്പർ ഹിറ്റ് നായികയായി കത്രീന വളരുന്നതാണ് ആരാധകർ കണ്ടത്. കൊമേഴ്ഷ്യൽ സിനിമകളിലെ നായികയാണ് കത്രീന കൂടുതലും ബിഗ് സ്ക്രീനിൽ എത്തിയത്. അഭിനേത്രി എന്നതിനപ്പുറം മികച്ച ഡാൻസർ കൂടിയായ കത്രീന ബോളിവുഡിലെ നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളിലും തിളങ്ങി.

അതേസമയം വർഷങ്ങൾ നീണ്ട കരിയറിൽ വലിയ പുരസ്കാരങ്ങളൊന്നും കത്രീനയ്ക്ക് ലഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ നടിക്ക് ഒരു ഘട്ടത്തിൽ വലിയ വിഷമവും ഉണ്ടായിരുന്നെന്നാണ് വിവരം. 2012 ലെ സ്ക്രീൻ അവാർഡിന്റെ സമയത്ത് കത്രീന കരയുകയുമുണ്ടായി.
ഷോയുടെ സിഇഒയായ ശേഖർ ഗുപ്തയാണ് അന്ന് ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞത്. അവാർഡ് ഷോയിൽ ഡാൻസ് ചെയ്യാൻ കത്രീനയ്ക്ക് മുഴുവൻ പ്രതിഫലവും അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ പെർഫോം ചെയ്യുന്നതിന് കുറച്ച് സമയം മുമ്പ് കത്രീന ആകെ വിഷമിക്കുകയും തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

എപ്പോഴും അവാർഡ് പരിപാടികൾക്ക് വിളിച്ചിട്ട് ഒരു അവാർഡ് തനിക്ക് തരാത്തതെന്താണെന്ന് കത്രീന ചോദിച്ചു. ആദ്യം ദേഷ്യപ്പെട്ട കത്രീന പിന്നീട് കരഞ്ഞു. കരഞ്ഞു തുടങ്ങിയതോടെ കത്രീനയുടെ മേക്കപ്പുകൾ മായ്ഞ്ഞു. ഒടുവിൽ നടിയുടെ പ്രയാസം മനസ്സിലാക്കി പീപ്പിൾസ് ചോയ്സ് അവാർഡ് എന്ന പുതിയ കാറ്റഗറി അണിയറ പ്രവർത്തകർ ഉണ്ടാക്കുകയും ചെയ്തെന്നാണ് അന്ന് പുറത്തു വന്ന വിവരം.


Click it and Unblock the Notifications