അമ്മയോട് എങ്ങനെയിത് ചെയ്യാൻ കഴിഞ്ഞു; ആ പെൺകുട്ടിയെ എനിക്കിഷ്ടമല്ല; ശ്രീദേവിയുടെ ഇളയ മകൾ പറഞ്ഞത്
ഇന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത നടിയാണ് ശ്രീദേവി. എൺപതുകളിൽ ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായികയായി കരിയറിൽ തിളങ്ങി നിന്ന ശ്രീദേവിക്ക് ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. താരമൂല്യവും അഭിനയ മികവും ഉയരങ്ങളിലേക്ക് ശ്രീദേവിയെ എത്തിച്ചു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ തീരുമാനിച്ച സമയത്താണ് ശ്രീദേവി അഭിനയ രംഗത്ത് നിന്നും മാറി നിന്നത്.
ആരാധകരെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു ഇത്. ശ്രീദേവിയെ മാത്രം മനസിൽ കണ്ട് സിനിമയെടുക്കാൻ അക്കാലത്ത് ഫിലിം മേക്കേർസ് തയ്യാറായിരുന്നു. എന്നാൽ തന്റെ പെൺമക്കളെ വളർത്താൻ വേണ്ടി അഭിനയത്തിൽ നിന്ന് മാറി നിൽക്കാമെന്ന് ശ്രീദേവി തീരുമാനിച്ചു. ഖുശി കപൂർ, ജാൻവി കപൂർ എന്നിവരാണ് ശ്രീദേവിയുടെ മക്കൾ. മക്കൾ ശ്രീദേവിക്ക് എല്ലാമായിരുന്നു.

രണ്ട് പേരെയും പിരിഞ്ഞിരിക്കാൻ നടി ഇഷ്ടപ്പെട്ടില്ല. വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെയാണ് ശ്രീദേവി അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാറിന്റെ തിരിച്ച് വരവ് ആരാധകർ ആഘോഷമാക്കി.
ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങി ഇംഗ്ലീഷ് വിംഗ്ലീഷ് മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി. ഏറെക്കാലത്തിന് ശേഷമാണ് 2012 ൽ ബോളിവുഡിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ വന്നത്. സിനിമ സാമ്പത്തിക വിജയം കൂടി നേടിയതോടെ ശ്രീദേവിക്കുള്ള ഖ്യാതി ഇരട്ടിച്ചു. തിരിച്ച് വരവ് അവിസ്മരണീയമാക്കിയ ശ്രീദേവി ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടത്തിന് താനെന്ത് കൊണ്ടും യോഗ്യയാണെന്ന് തെളിയിച്ചു.

സിനിമ കണ്ടശേഷമുള്ള മക്കളുടെ പ്രതികരണത്തെക്കുറിച്ച് ശ്രീദേവി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകളുടെയും ഭർത്താവിന്റെയും അവഗണനയും പരിഹാസവും നേരിടുന്ന കഥാപാത്രത്തെയാണ് ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷിൽ അവതരിപ്പിച്ചത്. അമ്മയെ ഇങ്ങനെയൊരു കഥാപാത്രമായി കണ്ടപ്പോൾ ജാൻവിക്കും ഖുശിക്കും വിഷമം തോന്നി. ഇതേക്കുറിച്ചാണ് ശ്രീദേവി സംസാരിച്ചത്.
സിനിമ കണ്ടശേഷം അവർ വിഷമിച്ചു. പ്രത്യേകിച്ചും ഇളയ മകൾ. അമ്മേ, എനിക്ക് വിഷമമായി. ആ പെൺകുട്ടിയെ എനിക്ക് ഇഷ്ടമായില്ല. അവൾക്ക് എന്റെ അമ്മയോട് എങ്ങനെയിത് ചെയ്യാൻ കഴിഞ്ഞു എന്ന് മകൾ ചോദിച്ചെന്നും ശ്രീദേവി അന്ന് വ്യക്തമാക്കി. ഖുശിയും ജാൻവിയും ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസ് ചെയ്യുന്ന സമയത്ത് ചെറിയ കുട്ടികളാണ്. ചേച്ചി ജാൻവിയെ പോലെ സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് ഖുശി കപൂർ.
ആർക്കീസ് എന്ന സിനിമയിലൂടെയാണ് ഖുശി കപൂർ അരങ്ങേറുന്നത്. മറുവശത്ത് ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിയാണ്. കഴിഞ്ഞ ദിവസമാണ് ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ഭർത്താവ് ബോണി കപൂർ ചില തുറന്ന് പറച്ചിലുകൾ നടത്തിയത്. കഠിനമായ ഡയറ്റിംഗ് ആണ് ശ്രീദേവിയെ ബാധിച്ചതെന്ന് ബോണി കപൂർ തുറന്ന് പറഞ്ഞു. ശരീരം മെലിയാൻ വേണ്ടി ഉപ്പ് പൂർണമായും ശ്രീദേവി ഒഴിവാക്കി.
ഇത് കാരണം ഒന്നിലേറെ തവണ തലകറങ്ങി വീണിട്ടുണ്ടെന്നും ബോണി കപൂർ തുറന്ന് പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം വന്നു. ബോണി കപൂറിനെ ദുബായിലെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയുമുണ്ടായി.


Click it and Unblock the Notifications











