'മദ്യപിച്ച് നശിക്കാൻ രേഖ തയ്യാറായില്ല; തനിക്ക് പറ്റിയ അബദ്ധങ്ങൾ സംഭവിക്കരുതെന്ന് ശ്രീദേവിക്ക് ഉപദേശവും'
ഇന്ത്യൻ സിനിമയിൽ രേഖ എന്ന നായിക നടി ഉണ്ടാക്കിയ തരംഗം ചെറുതല്ല. 68 കാരിയായ രേഖയുടെ മാസ്മരിക സ്ക്രീൻ പ്രസൻസിന് ഇന്നും കോട്ടം തട്ടിയിട്ടില്ല. സിനിമയേക്കാൾ നാടകീയമായാണ് രേഖയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. പ്രണയത്തകർച്ചകൾ, ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണം, പിന്നീട് ഒറ്റയ്ക്കുള്ള ജീവിതം തുടങ്ങി പല ഘട്ടങ്ങൾ ഇക്കാലയളവിനിടെ രേഖ കണ്ടു.
രേഖയുടെ സ്വകാര്യ ജീവിതത്തിൽ എന്നും മാധ്യമങ്ങൾക്കും ആരാധകർക്കും കൗതുകം തോന്നിയിട്ടുണ്ട്. ഒരു കാലത്ത് തന്റെ പ്രണയങ്ങളെക്കുറിച്ചും ജീവിതത്തിലെ സുഖ ദുഖങ്ങളെക്കുറിച്ചും തുറന്ന് പറയാൻ നടി മടിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോൾ അഭിമുഖങ്ങളിൽ നിന്നും രേഖ അകന്ന് നിൽക്കാറാണ് പതിവ്. അതേസമയം ഏറെക്കാലത്തിന് ശേഷം അടുത്തിടെ വോഗ് മാഗസിന് അഭിമുഖം നൽകിയിട്ടുണ്ട്.

രേഖയെക്കുറിച്ച് നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രേഖ ജീവിതത്തിൽ പുലർത്തുന്ന ചിട്ടകളെക്കുറിച്ചും മറ്റും കുട്ടി പത്മിനി അന്ന് സംസാരിച്ചു. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ രേഖ ചെയ്യൂ. ആർക്കും താൽപര്യമില്ലാത്ത ഒരു കാര്യത്തിന് അവരെ നിർബന്ധിക്കാൻ പറ്റില്ലെന്ന് കുട്ടി പത്മിനി പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും തന്റെ ആരോഗ്യവും സൗന്ദര്യവും അവർ ശ്രദ്ധിച്ചു. യോഗയും വ്യായാമങ്ങളും മുടക്കിയില്ല. പ്രണയം തകർന്ന പഴയ കാലത്തെ പല നടിമാരും സ്വന്തം ജീവിതം നശിപ്പിച്ചു.
എന്നാൽ രേഖ ഒരിക്കലും അതിന് തയ്യാറായില്ലെന്ന് കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. അമിതാഭ് ബച്ചനോട് രേഖയ്ക്ക് സ്നേഹം ഉണ്ടായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെ പോലെ മറ്റൊരാളെ തനിക്ക് ലഭിക്കില്ലെന്ന് രേഖ കരുതി. ബച്ചന്റെ പെർഫെക്ഷൻ, വിനയം, വിവേകം തുടങ്ങിയവ രേഖയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അദ്ദേഹം വിവാഹിതനാണ്. അതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിൽ നിന്നും രേഖയ്ക്ക് സ്നേഹം ലഭിച്ചില്ല.

അതിന്റെ പേരിൽ വിഷമിച്ച്, പ്രണയം നടന്നില്ല എന്നും പറഞ്ഞ് മദ്യപിച്ച് സ്വയം നശിപ്പിക്കാൻ അവർ തയ്യാറായില്ല. വളരെ ബോൾഡായി, കുഴപ്പമില്ല, ഞാനിനിയും സന്തോഷകരമായി ജീവിക്കും എന്ന് തീരുമാനിച്ചു. എന്നെ സംബന്ധിച്ച് രേഖ ഒരു സാധാരണ സ്ത്രീയല്ല. വളരെ അപൂർവമായ കോംബിനേഷനാണവർ. വളരെ സത്യസന്ധയും.
ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അതൊന്നും ഗൗനിക്കാതെ നല്ല രീതിയിൽ തന്റെ ജീവിതം ജീവിച്ചു. രേഖയുടെ അമ്മ എപ്പോഴും പട്ടുസാരി ധരിക്കുമായിരുന്നു. അത് രേഖയും തുടർന്നു. രേഖയുടെ മേക്കപ്പും ഡ്രസിഗും എല്ലാവരും ശ്രദ്ധിക്കും. നടി ശ്രീദേവി ബോംബെയിലേക്ക് വന്ന സമയത്ത് കണ്ണ് എങ്ങനെ എഴുതണം, എന്തൊക്കെ മേക്കപ്പുകൾ ചെയ്യണം എന്നൊക്കെ പറഞ്ഞ് കൊടുത്തത് രേഖയാണ്.
ബോംബെയിൽ എങ്ങനെ ജീവിക്കണം, തനിക്ക് പറ്റിയ തെറ്റുകൾ ആവർത്തിക്കരുത് എന്നൊക്കെ അവർ ശ്രീദേവിയെ ഉപദേശിച്ചു. ശ്രീദേവിയുടെ മരണം അവരെ വല്ലാതെ ബാധിച്ചു. പൊതുവെ അധികമാരുമായും അടുക്കുന്ന ആളല്ല രേഖ. പക്ഷെ അവർക്ക് ശ്രീദേവിയെ വളരെ ഇഷ്ടമായിരുന്നു. രേഖയുടെ സഹായികളെല്ലാം വർഷങ്ങളായി ഒപ്പം ഉള്ളവരാണ്. അവരോടൊക്കെ രേഖയ്ക്ക് വളരെ സ്നേഹമാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.
രേഖയുടെ ഫാഷൻ സെൻസിനെക്കുറിച്ച് കുട്ടി പത്മിനിക്ക് പുറമെ നിരവധി പേർ സംസാരിച്ചിട്ടുണ്ട്. കാലത്തിന് മുന്നേ സഞ്ചരിചച താരമായാണ് രേഖയെ പുതുതലമുറ വിശേഷിപ്പിക്കുന്നത്. എഴുപതുകളിലും എൺപതുകളിലും രേഖയുടേതായി പുറത്ത് വന്ന പല കവർചിത്രങ്ങളും ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നു.


Click it and Unblock the Notifications