'മദ്യം വാങ്ങി കൂളായി നടന്നു പോയി ദീപിക!'; വ്യാജ ഫോട്ടോയിലുണ്ടായിരുന്നത് മറ്റൊരു നടി
ബോളിവുഡിൽ ഇന്ന് പകരം വെക്കാനില്ലാത്ത നായിക നടിയാണ് ദീപിക പദുകോൺ. നിരന്തരം ഹിറ്റുകൾ സമ്മാനിച്ച് കൊണ്ട് ദീപിക പടുത്തുയർത്തിയ തന്റെ സിനിമാ അഭിനയ കരിയർ ഏവരെയും അമ്പരിപ്പിക്കുന്നതാണ്. 2006 ൽ ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെയാണ് ദീപിക അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്.
പിന്നീട് ഫറാ ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് നടി കടന്നു വന്നു. സൂപ്പർ ഹിറ്റായ ചിത്രത്തിൽ ഷാരൂഖ് ഖാനായിരുന്നു നായകൻ. പിന്നീട് 2013 ഓടെ ബോളിവുഡിലെ സൂപ്പർ ഹിറ്റ് നായികയായി ദീപിക മാറി. ചെന്നെെ എക്സ്പ്രസ്, രാം ലീല, യെഹ് ജവാനി ഹേ ദീവാനി തുടങ്ങിയ സിനിമകളിലൂടെ നടി തിളങ്ങി. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോൺ.

നടിയെക്കുറിച്ച് നിരന്തരം ഗോസിപ്പുകളും ഉണ്ടാവാറുണ്ട്. 2020 ൽ ദീപികയുടെ പേരിൽ ഇത്തരത്തിൽ ഒരു പ്രചരണം നടന്നിരുന്നു. ലോക്ഡൗൺ സമയത്ത് മദ്യശാലയിൽ നിന്നും മദ്യം വാങ്ങു പോവുന്ന ദീപിക എന്ന പേരിൽ ഒരു ചിത്രം വ്യപകമായി പ്രചരിച്ചിരുന്നു. മാസ്ക് വെച്ച ഒരു യുവതിയെയായിരുന്നു ചിത്രത്തിൽ കാണാനാവുന്നത്.
മദ്യത്തിനടിമയായ ദീപികയ്ക്ക് ലോക്ഡൗൺ സമയത്ത് പോലും മദ്യമില്ലാതെ പറ്റുന്നില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ആരോപണങ്ങളുയർന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ ഉണ്ടായിരുന്നത് ദീപിക അല്ലായിരുന്നു. നടി രകുൽ പ്രീത് സിംഗ് ആയിരുന്നു. മദ്യം വാങ്ങി പോവുകയായിരുന്നില്ല രകുൽ. മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങിയതായിരുന്നു.
രകുൽ പ്രീത് സിംഗ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. മെഡിക്കൽ ഷോപ്പുകളിൽ മദ്യമാണ് വിൽക്കുന്നതെന്ന് അറിയില്ലായിരുന്നെന്ന പരിഹാസ ട്വീറ്റോടെയായിരുന്നു രകുൽ പ്രീത് സിംഗ് ഇതിനോട് പ്രതികരിച്ചത്.

ബോളിവുഡിൽ മദ്യത്തോട് നോ പറയുന്ന നടിമാരിലൊരാളാണ് ദീപികയെന്നാണ് സംസാരം. ഈ പശ്ചാത്തലത്തിലാണ് വ്യാജ ഫോട്ടോയുടെ പേരിൽ ദീപികയ്ക്കെതിരെ ട്രോളുകൾ വന്നത്. ഒരുപിടി ചിത്രങ്ങളാണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പ്രൊജക്ട് കെ, പഥാൻ, ഫൈറ്റർ എന്നിവയാണ് ദീപിക നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകൾ.
പ്രൊജക്ട് കെയിൽ പ്രഭാസ് ആണ് നായകൻ. ഫൈറ്ററിൽ ഹൃതിക് റോഷനും. ഇരുവരോടൊപ്പവും ആദ്യമായാണ് ദീപിക അഭിനയിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷമാണ് ഈ സിനിമകളിൽ ദീപിക ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന വിവരം. പഥാനിൽ ഷാരൂഖ് ഖാനൊപ്പമാണ് ദീപിക അഭിനയിക്കുന്നത്.
ഹിറ്റ് ജോഡികളായ ദീപികയും ഷാരൂഖും ഓം ശാന്തി ഓം, ചെന്നെെ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആമസോൺ പ്രെെമിലിറങ്ങിയ ഗെഹരിയാനാണ് ദീപികയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.


Click it and Unblock the Notifications