സ്ത്രീകൾ പിന്നാലെ നടക്കുന്നതിൽ ബച്ചൻ ആനന്ദിക്കുന്നു; ദൈവമാണെന്ന് സ്വയം കരുതുന്നു; തുറന്നടിച്ച മഹേഷ് ഭട്ട്
74 കാരനായ മഹേഷ് ഭട്ട് പ്രായാധിക്യം മൂലം സിനിമാ രംഗത്ത് സജീവമല്ലെങ്കിലും ഇന്നും ഈ ഫിലിം മേക്കർ പ്രേക്ഷകർക്കിടയിൽ സംസാര വിഷയമാണ്. ശ്രദ്ധേയമായ സിനിമകൾക്കൊപ്പം ബി ടൗണിലെ വിവാദ പുരുഷനുമായിരുന്നു ഇദ്ദേഹം. നാടകീയമായാണ് മഹേഷ് ഭട്ടിന്റെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. ലോറിയൻ ബ്രെെറ്റ് ആയിരുന്നു മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ പൂജ ഭട്ട് എന്ന മകളും രാഹുൽ ഭട്ട് എന്ന മകനും ജനിച്ചു.
പൂജ പിൽക്കാലത്ത് അച്ഛന്റെ പാത പിന്തുടർന്ന് സംവിധാന രംഗത്തേക്ക് കടന്നു. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ആദ്യവിവാഹ ബന്ധം നിലനിൽക്കെ നടി പർവീൺ ബാബിയുമായി മഹേഷ് ഭട്ട് അടുത്തു. 70 കളിൽ തിളങ്ങി നിന്ന പർവീൺ ബാബിയുമായുള്ള ഇദ്ദേഹത്തിന്റെ പ്രണയം അന്ന് വലിയ ചർച്ചയായിരുന്നു. അക്കാലത്ത് നടൻ അമിതാഭ് ബച്ചനുമായി മഹേഷ് ഭട്ട് ശത്രുതയിലായിരുന്നു.

ഇതിന് പർവീൺ ബാബിയും കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന പർവീൺ ബാബി ബച്ചനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് അമിതാഭ് ബച്ചനോട് മഹേഷ് ഭട്ടിന് അകൽച്ച തോന്നാനുള്ള കാരണമെന്നാണ് ബി ടൗണിലെ സംസാരം. ബച്ചനെതിരെ രൂക്ഷമായ ഭാഷയിൽ അന്ന് മഹേഷ് ഭട്ട് സംസാരിച്ചിട്ടുമുണ്ട്.
വെള്ള കുർത്തയും ഷാളും ധരിക്കുന്ന ബച്ചൻ സ്വയം കരുതുന്നത് താൻ മിശിഹ ആണെന്നാണ്. പക്ഷെ യഥാർത്ഥത്തിൽ സ്ത്രീകൾക്ക് തന്നോട് ഭ്രമം തോന്നി പിന്നാലെ നടക്കുന്നത് കണ്ട് ആനന്ദിക്കുന്ന ആളാണ് അദ്ദേഹം. അത് അദ്ദേഹത്തിന് സ്വയം ദൈവമാണെന്ന തോന്നലുണ്ടാക്കുന്നെന്നും മഹേഷ് ഭട്ട് തുറന്നടിച്ചു.
സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അന്ന് മഹേഷ് ഭട്ട് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. എന്നാൽ ഈ അഭിപ്രായത്തോട് പ്രതികരിക്കാൻ അന്ന് ബച്ചൻ തയ്യാറായില്ല. അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങൾക്ക് കാരണമെന്തായിരുന്നെന്ന് കൃത്യമായ വിവരമില്ല. അതേസമയം പിൽക്കാലത്ത് അസ്വാരസ്യങ്ങൾ ഒഴിവാക്കി ഇരുവരും നല്ല സുഹൃത്തുക്കളുമായി.

മഹേഷ് ഭട്ടുമായുള്ള പ്രണയകാലത്ത് നടി പർവീൺ ബാബി മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. പാരാനോയ്ഡ് സ്കീസോഫ്രീനിയ എന്ന മാനസികാവസ്ഥയാണ് പർവീൺ ബാബിയെ ബാധിച്ചത്. ഈ ഘട്ടത്തിലാണ് ബച്ചനും മറ്റ് പ്രമുഖർക്കുമെതിരെ പർവീൺ ബാബി ആരോപണങ്ങൾ ഉന്നയിച്ചത്.
അമിതാഭ് ബച്ചൻ ഒരു ഗ്യാങ്സ്റ്ററാണ്, തന്നെ കൊല്ലാൻ നോക്കിയെന്ന് വരെ പർവീൺ ബാബി പറഞ്ഞു. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി തോന്നുന്ന പാരാനോയ്ഡ് സ്കീസോഫ്രീനിയ മൂലമാണ് പർവീൺ ബാബി ആരോപണം ഉന്നയിക്കുന്നതെന്ന വാദം അന്ന് വന്നു. കാലിയ, ദീവാർ,നമക് ഹലാൽ എന്നീ സിനിമകളിൽ അമിതാഭ് ബച്ചനും പർവീൺ ബാബിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
പർവീൺ ബാബിയും മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധം കുറച്ച് വർഷങ്ങൾക്കുള്ളിൽ അവസാനിച്ചു. 1986 ൽ നടി സോണി റസ്ദനെ മഹേഷ് ഭട്ട് വിവാഹം ചെയ്തു. ആദ്യ ഭാര്യയുമായി പിരിയാതെയായിരുന്നു രണ്ടാം വിവാഹം. ഷഹീൻ ഭട്ട്, ആലിയ ഭട്ട് എന്നീ രണ്ട് മക്കൾ ഇവർക്ക് പിറന്നു. ആലിയ ഭട്ട് ഇന്ന് ബോളിവുഡിലെ മുൻനിര നായിക നടിയാണ്. മകളുടെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മഹേഷ് ഭട്ട് പറഞ്ഞിരുന്നു.


Click it and Unblock the Notifications