'രൺബീറിന്റെ കാര്യത്തിൽ പോലും അച്ഛനും മകൾക്കും രണ്ട് അഭിപ്രായം'; ആലിയയെ രൺബീർ ഭാര്യയാക്കിയപ്പോൾ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവർക്കും രാഹ എന്ന മകളും പിറന്നു. പല കാരണങ്ങളാൽ ആലിയ ഭട്ട്-രൺബീർ പ്രണയം നേരത്തെ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. രൺബീറിനോട് തനിക്ക് ഇഷ്ടമാണെന്ന് സിനിമയിലേക്ക് വന്ന തുടക്ക കാലം മുതൽ ആലിയ ഭട്ട് പറയുന്നുണ്ട്. അന്ന് കത്രീന കൈഫുമായി പ്രണയത്തിലാണ് രൺബീർ. വർഷങ്ങൾക്ക് ശേഷം കത്രീനയുമായി അകന്ന നടൻ ആലിയയുമായി അടുത്തു.
എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടു നിൽക്കില്ലെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. രൺബീറിനുള്ള പ്രതിഛായയായിരുന്നു ഇതിന് കാരണം. പ്രണയബന്ധങ്ങളിൽ ആത്മാർത്ഥത കാണിക്കാത്ത വ്യക്തിയാണ് രൺബീറെന്ന് പൊതുവെ സംസാരമുണ്ട്. ദീപിക പദുകോണുമായി അകന്ന ശേഷമാണ് നടൻ കത്രീന കൈഫുമായി അടുത്തത്. രൺബീർ തന്നെ വഞ്ചിച്ചെന്ന് അന്ന് പല അഭിമുഖങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും ദീപിക പറഞ്ഞിട്ടുണ്ട്. കത്രീനയുമായുള്ള ബ്രേക്ക് അപ്പിന് കാരണവും നടൻ വിവാഹത്തോട് മുഖം തിരിച്ചതാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ആലിയയെയും സമാന സാഹചര്യമാണ് ഈ ബന്ധത്തിൽ കാത്തിരിക്കുന്നതെന്ന് അഭിപ്രായങ്ങൾ വന്നു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. രൺബീർ ആലിയയെ വിവാഹം ചെയ്തു. താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഇതിനിടെ ആലിയ അറിയിച്ചു. രണ്ട് കുടുംബങ്ങളുടെയും സമ്മത പ്രകാരമാണ് വിവാഹം നടന്നത്. 40 കാരനായ രൺബീർ വിവാഹത്തോട് മുഖം തിരിക്കുന്നതിൽ നടന്റെ അമ്മയ്ക്കുൾപ്പെടെ ആശങ്കയുണ്ടായിരുന്നു. വിവാഹം നടന്നതോടെ കുടുംബവും ആശ്വസിച്ചു.
ആലിയയെ സംബന്ധിച്ച് വിവാഹമെന്നത് വലിയൊരു തീരുമാനമായിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് നടി വിവാഹിതയായത്. പെട്ടെന്ന് തന്നെ നടി അമ്മയുമായി. വിവാഹവും കുഞ്ഞുമൊന്നും കരിയറിനെ ബാധിക്കുന്ന ഘടകം അല്ലെന്നാണ് ആലിയ വ്യക്തമാക്കിയത്. പ്രമുഖ ഫിലിം മേക്കർ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. രൺബീറും ആലിയയും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനും വർഷങ്ങൾക്ക് മുമ്പ് മഹേഷ് ഭട്ട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ രൺബീറിനെക്കുറിച്ച് മഹേഷ് ഭട്ട് സംസാരിച്ചിരുന്നു. രൺബീറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ലേഡീസ് മാൻ എന്ന് മഹേഷ് ഭട്ട് മറുപടി നൽകി. രൺബീറിന്റെ പ്രണയങ്ങൾ ബോളിവുഡിൽ ചർച്ചയായിരിക്കുന്ന കാലത്താണ് മഹേഷ് ഭട്ട് ഇങ്ങനെ പറഞ്ഞത്. അഭിമുഖത്തിലെ പരാമർശം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
അതേസമയം തനിക്ക് രൺബീറിന്റെ ഏറ്റവും മികച്ച സിനിമയായി തോന്നിയത് ബർഫിയാണെന്ന് ആലിയ അടുത്തിടെ പറഞ്ഞിരുന്നു. ഓവർ റേറ്റഡ് ആയി തോന്നിയ സംവിധായകൻ ആരെന്ന ചോദ്യത്തിന് സഞ്ജയ് ലീല ഭൻസാലി എന്നാണ് മഹേഷ് ഭട്ട് നൽകിയ മറുപടി. സഞ്ജയ് ലീല ഭൻസാലി താൻ ഏറെ ആരാധനയോടെ കാണുന്ന സംവിധായകനാണെന്ന് ആലിയ മുമ്പ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











