അങ്ങനെയൊരു വിവാഹം കായലിലേക്ക് എടുത്ത് ചാടുന്നത് പോലെ; ഫിറോസ് ഖാനെക്കുറിച്ച് മുംതാസ് പറഞ്ഞത്
ബോളിവുഡിൽ ഒരു കാലത്തെ സെൻസേഷനായിരുന്നു അന്തരിച്ച നടൻ ഫിറോസ് ഖാൻ. സുമുഖനായ ഫിറോസ് ഖാൻ അറുപതുകളിലും എഴുപതുകളിലും വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. പ്രിയ നടന്റെ ജന്മ വാർഷിക ദിനമാണിന്ന്. 1939 ൽ ബാംഗ്ലൂരിലാണ് ഫിറോസ് ഖാൻ ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ സാദിഖ് അലി ഖാൻ അഫ്ഘാൻകാരനും അമ്മ ഫാത്തിമ ഇറാനിയുമാണ്. ബാംഗ്ലൂരിലെ പഠന കാലത്തിന് ശേഷമാണ് ഫിറോസ് ഖാൻ മുംബെെയിലേക്ക് എത്തുന്നത്. ദീദി എന്ന ചിത്രത്തിൽ സഹനായകനായി തുടക്കം കുറിച്ചു.
തുടക്ക കാലത്ത് ചെറിയ സിനിമകളുടെ ഭാഗമായെങ്കിലും പിന്നീട് മുൻനിര നടനായി ഫിറോസ് ഖാൻ വളർന്നു. അക്കാലത്ത് ഒപ്പം അഭിനയിച്ച നായിക നടിമാർക്കും ഫിറോസ് ഖാൻ പ്രിയങ്കരനായിരുന്നു. നടനെക്കുറിച്ച് നടി മുംതാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് മുംതാസ്-ഫിറോസ് ഖാൻ ഗോസിപ്പുകളും ബോളിവുഡിൽ പ്രചരിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം നൽകിയ അഭിമുഖത്തിൽ മുംതാസ് ഈ ഗോസിപ്പുകൾ നിഷേധിക്കുകയാണുണ്ടായത്.

ഫിറോസ് ഖാൻ എന്നെ ഒരിക്കലും പ്രൊപ്പോസ് ചെയ്തിട്ടില്ല. അക്കാലത്ത് അദ്ദേഹം ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്നു. അതേസമയം താനും ഫിറോസ് ഖാനും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്നും മുംതാസ് പറയുന്നു. സൗഹൃദത്തിനപ്പുറത്ത് ഫിറോസ് ഖാനെ പ്രണയിച്ച് വിവാഹം ചെയ്തിരുന്നെങ്കിൽ ബന്ധം പിരിഞ്ഞ് മനസ് തകർന്നേനെ.
കായലിലേക്ക് എടുത്ത് ചാടുന്നത് പോലെയായെനെ അത്. ഷമ്മി കപൂറുമായി അകന്നപ്പോൾ ഉണ്ടായ ആഘാതം തന്നെ നേരത്തെ ബാധിച്ചതാണ്. ഒരു പ്രണയ ബന്ധത്തിലേക്ക് കടക്കുന്നത് ഫിറോസ് ഖാനുമായുള്ള സൗഹൃദത്തെ അപകടത്തിലാക്കുമായിരുന്നെന്നും മുംതാസ് അന്ന് തുറന്ന് പറഞ്ഞു.

പഴയ കാല നടി സൈറ ബാനുവും ഒരിക്കൽ ഫിറോസ് ഖാനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് ബോളിവുഡിലെ സ്റ്റെെൽ ഐക്കൺ ആയിരുന്നു ഫിറോസ് ഖാനെന്ന് നടി ഓർത്തു. സുമുഖനായ അദ്ദേഹം തന്റെ വളരെ പ്രശസ്തിയാർജിച്ചു. മാന്യമായി പെരുമാറുകയും മൃദുവായി സംസാരിക്കുകയും ചെയ്യുന്ന താരമായിരുന്നു ഫിറോസ് ഖാനെന്നും നടി ഓർത്തു.
1965 ൽ സുന്ദരി ഖാനെ വിവാഹം ചെയ്ത ഫിറോസ് ഖാന് രണ്ട് മക്കളും പിറന്നു. ലൈല ഖാൻ, ഫർദീൻ ഖാൻ എന്നിവരാണ് മക്കൾ. ഫർദീൻ പിൽക്കാലത്ത് അഭിനയ രംഗത്തേക്ക് കടന്ന് വന്നു. കോസ്റ്റ്യൂം ഡിസൈനറാണ് ലൈല ഖാൻ. 1985 ൽ ഫിറോസ് ഖാനും സുന്ദരി ഖാനും വേർപിരിഞ്ഞതാണ്. 2009 ഏപ്രിൽ 27 നാണ് ഫിറോസ് ഖാൻ മരിച്ചത്. ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ബാംഗ്ലൂരിൽ നടന്റെ അമ്മയെ അടക്കിയതിനടുത്താണ് ഫിറോസ് ഖാനെയും അടക്കിയത്.


Click it and Unblock the Notifications











