ഭർത്താവിന് പിന്നാലെ മകനും; രേഖ മന്ത്രവാദിനിയെ പോലെ; നർഗീസ് ദത്ത് അന്ന് പറഞ്ഞത്
എഴുപതുകളിൽ ഇന്ത്യൻ സിനിമയുടെ നായികാ മുഖമായി തിളങ്ങിയ താരമാണ് രേഖ. കാലത്തിന് മുന്നേ സഞ്ചരിച്ച നടിയെന്ന വിശേഷണമുള്ള രേഖ വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെന്നിന്ത്യയിൽ ജനിച്ച് വളർന്ന രേഖയ്ക്ക് ഹിന്ദി സിനിമാ രംഗത്ത് ചുവടുറപ്പിക്കൽ എളുപ്പമായിരുന്നില്ല. എന്നാൽ രേഖ എന്ന പേര് സിനിമാ രംഗത്ത് അടയാളപ്പെടുത്താൻ നടിക്ക് സാധിച്ചു. സിനിമാക്കഥ പോലെയാണ് രേഖയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്.
പിതാവായ നടൻ ജെമിനി ഗണേശന്റെ അവഗണന, സിനിമാ രംഗത്തെ വിവാദങ്ങളും മത്സരവും, പ്രണയത്തകർച്ചകൾ തുടങ്ങി പല സംഭവങ്ങൾ രേഖയുടെ ജീവിതത്തെയും കരിയറിനെയും വാർത്തകളിൽ നിറച്ചു. 68 വയസ്സിലും ഒറ്റയ്ക്ക് ജീവിക്കുന്ന രേഖ ജീവിതത്തിൽ നാടകീയമായ പല സംഭവങ്ങളിലൂടെയും കടന്ന് പോയി.

അമിതാഭ് ബച്ചനും രേഖയ്ക്കും ഇടയിൽ സംഭവിച്ചതെന്തെന്ന് ഇന്നും വ്യക്തമായി പലർക്കും അറിയില്ല. ഭർത്താവ് മുകേഷ് അഗർവാളിന്റെ ആത്മഹത്യക്ക് ശേഷം നടിക്ക് നേരെ വ്യാപക അധിക്ഷേപം വന്നിരുന്നു. ഗോസിപ്പുകൾ എക്കാലവും രേഖയെ തേടി വന്നിട്ടുണ്ട്.
സിനിമാ രംഗത്ത് കടുത്ത മത്സരവും രേഖയ്ക്ക് ഒരുകാലത്ത് നേരിടേണ്ടി വന്നു. ചില നടിമാരുമായി രേഖ സ്വരച്ചേർച്ചയിലുമായിരുന്നില്ല. രേഖയോട് എതിർപ്പുണ്ടായിരുന്ന വ്യക്തിയാണ് നടൻ സഞ്ജയ് ദത്തിന്റെ അമ്മയും നടിയുമായിരുന്ന നർഗീസ് ദത്ത്.
സഞ്ജയ് ദത്തും രേഖയും സമീൻ ആസ്മാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സഞ്ജയും രേഖയും തമ്മിൽ അടുത്തെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രേഖയെക്കുറിച്ച് നടന്റെ അമ്മയ്ക്ക് തീരെ മതിപ്പുണ്ടായിരുന്നില്ല. മാത്രമല്ല രേഖയെ അധിക്ഷേപിച്ച് കൊണ്ട് നർഗീസ് സംസാരിക്കുകയുമുണ്ടായി.

'താൻ എളുപ്പത്തിൽ ലഭിക്കുന്ന സ്ത്രീയാണെന്ന സൂചന രേഖ പുരുഷൻമാർക്ക് നൽകാറുണ്ട്. ചിലർ രേഖയെ ഒരു മന്ത്രവാദിനിയെ പോലെയാണ് കാണുന്നത്. ചിലപ്പോൾ അവളെ എനിക്ക് മനസ്സിലാക്കാനാവും. മാനസികമായ പ്രശ്നങ്ങളുളള ഒരുപാട് കുട്ടികൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അവൾക്ക് അവളെത്തന്നെ നഷ്ടപ്പെട്ടു. അവൾക്ക് ശക്തനായ പുരുഷനെ ആവശ്യമാണ്,' നർഗീസ് അന്ന് പറഞ്ഞതിങ്ങനെ.
കൗതുകരമെന്നോണം നർഗീസിന്റെ മകൻ മാത്രമല്ല രേഖയ്ക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. നർഗീസിന്റെ ഭർത്താവ് സുനിൽ ദത്തും രേഖയും തമ്മിൽ പ്രണയത്തിലാണെന്ന് മുമ്പ് ഗോസിപ്പുകളുണ്ടായിരുന്നു. അഹിംസ എന്ന സിനിമയിലുൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1891 ലാണ് നർഗീസ് ദത്ത് മരിക്കുന്നത്.
നടിയുടെ മകൻ സഞ്ജയ് ദത്ത് ഒരു കാലത്ത് ബോളിവുഡിലെ വിവാദപുരുഷനായിരുന്നു. രേഖ അഭിനയ രംഗത്ത് നിന്നും കുറേ വർഷങ്ങളായി മാറി നിൽക്കുകയാണ്. അതേസമയം അവാർഡ് ഷോകളിലും മറ്റും രേഖ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്.
പല നടൻമാരുമായും ചേർത്ത് രേഖയുടെ പേരിൽ ഗോസിപ്പുകൾ വന്നെങ്കിലും ഇവയെല്ലാം കാലക്രമേണ കെട്ടടങ്ങുകയാണുണ്ടായത്. എന്നാൽ ഇന്നും അമിതാഭ് ബച്ചൻ-രേഖ ബന്ധം ചർച്ചയാവാറുണ്ട്. രേഖയുമായി പ്രണയത്തിലാണെന്ന് ബച്ചൻ ഒരിക്കൽ പോലും പാെതുവിടങ്ങളിൽ പറഞ്ഞിട്ടില്ല. എന്നാൽ രേഖ പലയിടങ്ങളിലും ഇതിന്റെ സൂചന നൽകി. ഇതാണ് ഗോസിപ്പുകൾക്ക് ആയുസ് നൽകിയത്. എന്നാൽ ഇപ്പോൾ ഇതേക്കുറിച്ച് രേഖയോ ബച്ചനോ സംസാരിക്കാറേ ഇല്ല.
ഹിന്ദി സിനിമാ രംഗത്തിന്റെ ചരിത്രം പേറുന്ന രേഖയുടെ ജീവിതത്തെക്കുറിച്ച് പല പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 'രേഖ ദ അൺ ടോൾഡ് സ്റ്റോറി' എന്ന പുസ്തകത്തിൽ നടിയുടെ ജീവിതത്തെയും കരിയറിനെയും കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. യാസർ ഉസ്മാൻ ആണ് ഈ പുസ്തകം എഴുതിയത്.


Click it and Unblock the Notifications