ലോക സുന്ദരിയാണോ ഈ ചെരുപ്പ് ധരിച്ച് വന്നിരിക്കുന്നത്?; ഐശ്വര്യ റായിക്ക് കേട്ട വിമർശനം
ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐശ്വര്യ റായിയെ ആരാധകർ കാണുന്നത്. മികച്ച സിനിമകൾ ചെയ്ത നടി പക്ഷെ സിനിമകളേക്കാൾ കൂടുതൽ ഫാഷൻ വേദികളിലൂടെയാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ലോക സുന്ദരിപ്പട്ടം ചൂടി 90 കളിൽ വിനോദ ലോകത്തേക്ക് കടന്ന് വന്ന ഐശ്വര്യ പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി.

ഇന്ത്യയിലെ നായികമാരിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വശ്യ ഭംഗിയായിരുന്നു ഐശ്വര്യയുടെ മുതൽക്കൂട്ട്. നടിയുടെ സൗന്ദര്യം ഇന്ത്യ മുഴുവൻ അക്കാലത്ത് ചർച്ചയായി. 48 കാരിയായ ഐശ്വര്യയെ തന്നെയാണ് ഭംഗിയുടെ കാര്യം വരുമ്പോൾ മിക്ക ആളുകളും ഇന്ന് ഉപമിക്കുന്നത്. ഫാഷൻ വേദികളിലും ഒരു കാലത്ത് ഐശ്വര്യയായിരുന്നു അടക്കി വാണിരുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകൾ വരെ ഐശ്വര്യയെ തങ്ങളുടെ മുഖമായി കിട്ടാനാഗ്രഹിച്ചിരുന്നു.

കാൻ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ 18 വർഷമായി അതിഥിയായെത്തുന്ന താരമാണ് ഐശ്വര്യ. കാനിലെ റെഡ് കാർപറ്റിൽ ഐശ്വര്യ എപ്പോഴും തിളങ്ങാറുണ്ട്. റെഡ് കാർപറ്റിൽ ഐശ്വര്യ കോസ്റ്റ്യൂമിലും മേക്കപ്പിലും നടത്തുന്ന പരീക്ഷണങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. ഇതിൽ പ്രശംസകളും വിമർശനങ്ങളും ഒരുപോലെ താരത്തിന് ലഭിക്കാറുണ്ട്.
മുമ്പൊരിക്കൽ ഐശ്വര്യ റെഡ് കാർപറ്റിൽ സാധാരണ ചെരുപ്പ് ധരിച്ചെത്തിയെന്ന് ആരോപിച്ച് വരെ അക്കാലത്ത് വിമർശനങ്ങൾ ഉണ്ടായിരുന്നു. 2003 ലായിരുന്നു സംഭവം. പൊതുവെ വളരെ സ്റ്റെെലിഷായി എത്തിയിരുന്ന ഐശ്വര്യ അന്ന് ഒരു സാധാരണ ചെരുപ്പും മോശം ഫാഷൻ സെൻസിലുള്ള ഒരു വസ്ത്രവും ആയിരുന്നു ധരിച്ചത്. ഇതാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് കാരണമായത്.

അതേസമയം അന്ന് ഐശ്വര്യക്ക് സിനിമാ ഷൂട്ടിനിടെ പറ്റിയ പരുക്ക് ഭേദമായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. ഒരു മാസം വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും നടി കാനിൽ എത്തുകയായിരുന്നു. ഹീലില്ലാത്ത ചെരുപ്പാണ് പരുക്ക് കാരണം നടി ധരിച്ചത്. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിലും ഐശ്വര്യ പങ്കെടുത്തിരുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായ ചില വിമർശനങ്ങളും ഐശ്വര്യക്ക് ഇത്തവണ കേൾക്കേണ്ടി വന്നു. പ്രായം കുറച്ച് കാണിക്കാൻ നടി ബോടോക്സ് ഉപയോഗിച്ചെന്നും സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെട്ടെന്നുമായിരുന്നു കുറ്റപ്പെടുത്തലുകൾ. അതേസമയം നടിയെ പ്രശംസിച്ചവരും ഏറെയാണ്.

എന്നാൽ വിമർശനങ്ങൾക്ക് അന്നും ഇന്നും ഐശ്വര്യ ചെവി കൊടുക്കാറില്ല. അപൂർവമായി മാത്രമേ ഇത്തരം വിഷയങ്ങളിൽ ഐശ്വര്യ പ്രതികരിച്ചിട്ടുള്ളൂ. ഒരിടവേളയ്ക്ക് ശേഷം മണിരത്നം ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിൽ എത്താനൊരുങ്ങുകയാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് മണിരത്നം.
സംവിധായകന്റെ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് അഭിനയത്തിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് രാവൺ ഉൾപ്പെടെ സംവിധായകന്റെ ഒരുപിടി സിനിമകളിൽ ഐശ്വര്യ നായിക ആയെത്തി.


Click it and Unblock the Notifications