മെസേജും പ്രണയവും പെട്ടെന്ന് വിവാഹവും; ബിൽ കണ്ട് ഞെട്ടി നിക് ജോനാസ്; വിവാഹത്തെക്കുറിച്ച് നിക് പറഞ്ഞത്
ഇന്ത്യൻ സിനിമാ രംഗത്ത് പ്രിയങ്ക ചോപ്രയെ പോലെ ആഗോള തലത്തിൽ പ്രശസ്തി നേടാൻ കഴിഞ്ഞ മറ്റൊരു താരമില്ല. ഐശ്വര്യ റായ്ക്ക് പോലും ചെറിയൊരു കാലയളവിൽ മാത്രമേ ഹോളിവുഡിൽ പ്രസക്തിയുണ്ടായുള്ളൂ. എന്നാൽ പ്രിയങ്ക വർഷങ്ങൾ കൊണ്ട് ഹിന്ദി സിനിമാ രംഗത്ത് നേടിയെടുത്ത പേരും പ്രശസ്തിയും മാറ്റി വെച്ച് ഒരു പുതുമുഖത്തെ പോലെ ഹോളിവുഡിലേക്ക് കടന്ന് ചെല്ലുകയും വിജയം നേടിയെടുക്കുകയും ചെയ്തു. പ്രിയങ്കയുടെ ജീവിതത്തിലും ഇക്കാലയളവിനിടെ ഒട്ടേറെ മാറ്റങ്ങളുണ്ടായി.
പോപ് ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ വാടക ഗർഭധാരണത്തിലൂടെ പെൺകുഞ്ഞിനെയും താര ദമ്പതികൾ സ്വീകരിച്ചു. 39ാം വയസിലാണ് പ്രിയങ്ക ചോപ്ര അമ്മയായത്. മകൾക്കൊപ്പമുള്ള ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

പ്രിയങ്ക ചോപ്രയുടെ വിവാഹം ഇന്ത്യയിൽ വലിയ തോതിൽ വാർത്തയായതാണ്. രണ്ട് സംസ്കാരങ്ങളിൽ വളർന്നവർ ഒന്നിച്ചപ്പോൾ പലർക്കും കൗതുകമായി. ഇന്ത്യൻ സംസ്കാരത്തെ പ്രിയങ്ക ഇന്നും മുറുകെ പിടിക്കാറുണ്ട്. രണ്ട് പേരുടെയും മതാചാര പ്രകാരമാണ് രണ്ട് ദിവസങ്ങളിൽ വിവാഹ ചടങ്ങ് നടന്നു. വിദേശിയായ നിക് ജോനാസിനെ സംബന്ധിച്ച് ഇന്ത്യയിൽ നടക്കുന്ന വിവാഹ ആഘോഷങ്ങൾ പലപ്പോഴും കൗതുകമായിരുന്നു. ഇതേക്കുറിച്ച് നടൻ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
ഒന്നിലേറെ വിവാഹ ചടങ്ങുകൾ തനിക്ക് മടുപ്പുണ്ടാക്കിയെന്ന് നിക് തുറന്ന് പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യൻ വിവാഹ ചടങ്ങുകളുടെ ബില്ലുകൾ കണ്ടപ്പോൾ അങ്ങനെ തോന്നിയെന്ന് നിക് തമാശയോടെ പറഞ്ഞു. അന്ന് അഭിമുഖത്തിൽ നിക് ജോനാസിനൊപ്പം പങ്കെടുത്ത കെവിൻ ജോനാസും സമാന അഭിപ്രായം പങ്കുവെച്ചു. ചടങ്ങുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും എപ്പോഴാണ് ഇവ അവസാനിക്കുകയെന്ന് തോന്നിയെന്നും കെവിൻ ജോനാസ് തുറന്ന് പറഞ്ഞു.

നിക് ജോനാസ് വളരെ നേരത്തെയാണ് വിവാഹം ചെയ്യുന്നതെന്ന് അന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ടായിരുന്നു. 26ാം വയസിലാണ് നിക് ജോനാസ് വിവാഹിതനായത്. അന്ന് പ്രിയങ്ക ചോപ്രയുടെ പ്രായം 36 ആണ്. പത്ത് വയസിന്റെ പ്രായ വ്യത്യാസം സോഷ്യൽ മീഡിയയിൽ ചർച്ചയായി. എന്നാൽ പ്രായ വ്യത്യാസം താര ദമ്പതികളുടെ ജീവിതത്തെ ബാധിച്ചു. 41 കാരിയാണ് പ്രിയങ്ക ചോപ്രയിന്ന്. നിക് ജോനാസിന്റെ പ്രായം 31 ഉം. നിക് ജോനാസിന്റെ പ്രായക്കുറവ് മൂലം പ്രണയത്തിലാകാൻ താൻ മടിച്ചിരുന്നെന്ന് പ്രിയങ്ക ചോപ്ര നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
നികിന്റെ പക്വതയും ആത്മാർത്ഥതയുമാണ് തന്നെ ബന്ധത്തിലേക്ക് ആകർഷിച്ചതെന്നും നടി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്. നിക്ക് ആണ് ആദ്യം മെസേജ് അയക്കുന്നത്. അന്ന് താൻ മറ്റൊരു പ്രണയ ബന്ധത്തിലായിരുന്നെന്നും അത് തകർച്ചയുടെ വക്കിലായിരുന്നെന്നും പ്രിയങ്ക നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. 2018 ലാണ് ഇരുവരും ഡേറ്റിംഗ് തുടങ്ങിയത് ആ വർഷം തന്നെ വിവാഹവും നടന്നു.
അമേരിക്കയിലാണ് ഭർത്താവിനും മകൾക്കുമൊപ്പം പ്രിയങ്ക താമസിക്കുന്നത്. ഹിന്ദി സിനിമകളിൽ നടിയെ കണ്ടിട്ട് വർഷങ്ങളായി. ഹോളിവുഡിലെ തിരക്കുകളാണ് നടി മാറി നിൽക്കുന്നതിന് കാരണം. സിതാഡെൽ എന്ന സീരീസിലാണ് പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. പ്രിയങ്കയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











