ഞാനായിരുന്നു ഹേമയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യില്ല; പിരിയാഞ്ഞതിന് കാരണം; ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ പറഞ്ഞത്
ബോളിവുഡിൽ ഒരു കാലത്ത് ചർച്ചാ വിഷയമായ വിവാഹമാണ് ഹേമ മാലിനിയുടേയും ധർമ്മേന്ദ്രയുടെയും. ആരാധകരുടെ ഡ്രീം ഗേളായ ഹേമ ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയായത് വിമർശനങ്ങൾക്കും വഴിവെച്ചു. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ധർമ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്യുന്നത്. പ്രകാശ് കൗറെന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. തും ഹസീൻ മേം ജവാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഹേമ മാലിനിയും ധർമ്മേന്ദ്രയും പ്രണയത്തിലായത്.
തുടക്കത്തിൽ ധർമ്മേന്ദ്രയെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് നടനുമായി ഹേമ കടുത്ത പ്രണയത്തിലായി. വിവാഹ ശേഷം തന്റെ തറവാട്ടിലേക്കല്ല ഹേമയെ ധർമ്മേന്ദ്ര കൊണ്ടുവന്നത്. പകരം ഹേമയ്ക്കായി മറ്റൊരു വീട് വാങ്ങി. ആദ്യ ഭാര്യയും മക്കളുമാണ് തറവാട്ടിൽ താമസിച്ചത്. ഈ വീട്ടിലേക്ക് ഹേമ മാലിനി പോവാറില്ല. ആദ്യ വിവാഹ ബന്ധം തകർക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഹേമ മാലിനി മുമ്പ് പറഞ്ഞിട്ടുണ്ട്.

ഹേമ മാലിനിയും ആദ്യ ഭാര്യ പ്രകാശ് കൗറും തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഇവർ ഒരുമിച്ചുള്ള കൂടിക്കാഴ്ചകൾ ഉണ്ടാവാറില്ല. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളാണ് പ്രകാശ് കൗറിനുള്ളത്. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് ഹേമ മാലിനിയുടെ മക്കൾ. രണ്ട് ഭാര്യമാരിലായുള്ള ആറ് മക്കൾക്കും ധർമ്മേന്ദ്ര ഒരുപോലെ ശ്രദ്ധ നൽകി.
മുമ്പൊരിക്കൽ ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പ്രകാശ് കൗർ സംസാരിച്ചിരുന്നു. മറ്റൊരു സ്ത്രീ ഭർത്താവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടും എന്തുകൊണ്ട് ഈ ബന്ധം പിരിഞ്ഞില്ല, ഹേമ മാലിനിയെക്കുറിച്ചുള്ള അഭിപ്രായം എന്നിവ അന്ന് സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് കൗർ പങ്കുവെച്ചു. 'അദ്ദേഹം ഒരു നല്ല ഭർത്താവായിരിക്കില്ല. പക്ഷെ തീർച്ചയായും നല്ല അച്ഛനാണ്. കുട്ടികൾക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്'

'അദ്ദേഹം ഒരിക്കലും അവരെ അവഗണിച്ചിട്ടില്ല. എന്റെ മകനെ സിനിമയിലേക്ക് കൊണ്ടുവരാം എന്ന ധാരണയിലാണ് ഭർത്താവിനെ രണ്ടാം വിവാഹത്തിന് അനുവദിച്ചതെന്ന് എല്ലാവരും കരുതി. അതെങ്ങനെ സാധ്യമാവും? സണ്ണി എന്റെ മകനാണെന്നത് പോലെ തന്നെ അദ്ദേഹത്തിന്റെയും മകനല്ലേ,' അന്ന് പ്രകാശ് കൗർ ചോദിച്ചു.
ഭർത്താവും ഞാനുമായുള്ള ബന്ധത്തെ ലോകം എങ്ങനെ കാണുന്നു എന്ന് ഞാൻ ഗൗനിക്കുന്നില്ല. ഞങ്ങളെ അദ്ദേഹം സംരക്ഷിക്കുന്നു. എല്ലാ ദിവസവും വീട്ടിൽ വരുകയും മക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. എനിക്ക് വേണ്ടിയാണ് അദ്ദേഹം വീട്ടിൽ വരുന്നതെന്ന് പറയുന്നില്ല. പക്ഷെ അദ്ദേഹം വരുന്നുണ്ടെന്നതാണ് പ്രധാനമെന്നും പ്രകാശ് കൗർ അന്ന് പറഞ്ഞു. രണ്ടാം ഭാര്യയാവാമെന്ന ഹേമ മാലിനിയുടെ തീരുമാനത്തെ താനംഗീകരിക്കുന്നില്ലെന്നും പ്രകാശ് കൗർ അന്ന് പറഞ്ഞു.
'ഹേമ കടന്ന് പോവുന്ന സാഹചര്യം എനിക്ക് മനസ്സിലാക്കാം. അവൾക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കേണ്ടി വരും. പക്ഷെ ഞാനായിരുന്നു ഹേമയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ അവളെ മനസ്സിലാക്കാം. പക്ഷെ ഒരു ഭാര്യയെന്ന നിലയിൽ അത് ഞാൻ അംഗീകരിക്കില്ല,' പ്രകാശ് കൗർ പറഞ്ഞു.
ഹേമ മാലിനിയുടെയും പ്രകാശ് കൗറിന്റെയും മക്കൾ ചെറുപ്പകാലം മുതൽ അടുത്തിടപഴകിയിട്ടില്ല. ധർമ്മേന്ദ്രയുടെ തറവാട്ടിലേക്ക് മക്കളെ ഹേമ മാലിനി അയച്ചിരുന്നുമില്ല. എന്നാൽ ഒരു വട്ടം മകൾ ഇഷയെ ഈ വീട്ടിലേക്ക് ഹേമ അയച്ചിട്ടുണ്ട്. ധർമ്മേന്ദ്രയുടെ സഹോദരൻ അജിത്ത് ഡിയോൾ അസുഖം ബാധിച്ച് കിടപ്പിലായ സമയത്തായിരുന്നു ഇത്. അന്ന് ഇഷയെ പ്രകാശ് കൗർ വീട്ടിലേക്ക് സ്വീകരിക്കുകയും ചെയ്തു.


Click it and Unblock the Notifications