'ഒരേ സമയം രണ്ട് നടൻമാരുമായി ബന്ധം'; പ്രിയങ്ക ചോപ്രയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്ന മുൻ മാനേജർ
ഇന്ത്യൻ സിനിമിയിൽ സമാനതകളില്ലാത്ത കരിയർ വളർച്ച സംഭവിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി ഗ്ലോബൽ ഐക്കൺ ആയി തിളങ്ങുന്ന പ്രിയങ്കയ്ക്ക് ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. 2000 ലെ മിസ് വേൾഡ് പട്ടം ചൂടി വിനോദ ലോകത്തേക്ക് ചുവടുവെച്ച പ്രിയങ്ക പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി.

തമിഴൻ എന്ന ആദ്യ തെന്നിന്ത്യൻ സിനിമയ്ക്ക് ശേഷം ഹിറോ ദ ലവ് സ്റ്റോറി ഓഫ് എ സ്പെെ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് പ്രിയങ്ക കടന്നു വന്നു. ഫാഷൻ, ദിൽ ദഡക്നേ ദൊ, ബാജിരാവോ മസ്താനി, ഡോൺ, കൃഷ്, ബർഫി, മേരി കോം തുടങ്ങിയ സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു. കരിയറിൽ തിളങ്ങുമ്പോഴും പ്രിയങ്കയുടെ വ്യക്തിജീവിതം എല്ലായ്പ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. തുടക്കകാലത്ത് ബോളിവുഡിലെ മുൻനിര നായകൻമാരുമായി പ്രിയങ്ക പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുണ്ടായിരുന്നു.

നടൻ അക്ഷയ് കുമാറുമായി ചേർത്ത് വന്ന ഗോസിപ്പായിരുന്നു ഇതിലൊന്ന്. അന്ധാസ്, ഐത്രാസ്, വക്ത് ദ റേസ് എഗെയ്ൻസ്റ്റ് ടെെം, മുജ്സെ ശാദി കരോഗി എന്നീ സിനിമകളിൽ പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാറും പ്രിയങ്കയും അടുത്തതോടെ നടന്റെ ഭാര്യ ട്വിങ്കിൾ ഇടപെടുകയും പ്രിയങ്കയോടൊപ്പം അഭിനയിക്കരുതെന്ന് നടന് മുന്നറിയിപ്പ് നൽകുകയും ചെയ്തത്ര. പ്രിയങ്കയുടെ മുൻ മാനേജറും ഇതേപറ്റി സംസാരിച്ചിരുന്നു.

പ്രിയങ്കയുടെ മുൻ മാനേജരായ പ്രകാശ് ജാജുവാണ് 2004 ൽ നടിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. അന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ഒരേസമയം രണ്ട് പേരെ ഡേറ്റ് ചെയ്യുകയാണെന്ന് പ്രകാശ് ജാജു ആരോപിച്ചു. അക്ഷയ് കുമാറിനെയും ലവ് സ്റ്റോറി 2050 എന്ന സിനിമയിൽ ഒപ്പമഭിനയിച്ച ഹർമാൻ ബവേജയെയും താരം ഒരേ സമയം ഡേറ്റ് ചെയ്തെന്നായിരുന്നു ആരോപണം.

'പ്രിയങ്ക അക്ഷയ് കുമാറിനെ നിരന്തരം വിളിക്കുമായിരുന്നു. അത്യാവശ്യമായിട്ട് അവരോട് സംസാരിക്കണമെങ്കിൽ മണിക്കൂറുകളോളം എനിക്ക് കാത്തിരിക്കേണ്ടി വന്നു. കാരണം അവരുടെ ഫോൺ എപ്പോഴും ബിസി ആയിരുന്നു. അവളുടെ ഫോൺ ബിൽ വളരെ കൂടുതലായിരുന്നു. ഇതേസമയം തന്നെ അവർക്ക് ഹർമൻ ബവേജയുമായും ബന്ധമുണ്ടായിരുന്നു. സത്യം പറഞ്ഞാൽ അക്ഷയ് ഒരു കുട്ടിയെ പോലെയാണ്'
'പ്രിയങ്ക അദ്ദേഹത്തിന് എസ്എംഎസ് അയക്കുകയും കോൾ ചെയ്യുകയും ചെയ്താൽ അതെടുക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റ് വഴിയില്ല. ഇതിനിടയിൽ വേദനിക്കപ്പെട്ട ട്വിങ്കിളിന്റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്,' മുൻ മാനേജർ പറഞ്ഞതിങ്ങനെ.

എന്നാൽ പ്രിയങ്ക ചോപ്ര ഈ ആരോപണങ്ങൾ നിഷേധിക്കുകയാണുണ്ടായത്. നേരത്തെ ഈ മാനേജരെ പ്രിയങ്ക പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടിക്കെതിരെ ഇയാൾ രംഗത്ത് വന്നത്. അക്ഷയുമായുള്ള ഗോസിപ്പിന് കാരണം ഇയാളാണെന്ന് പറഞ്ഞായിരുന്നത്രെ പ്രിയങ്ക പുറത്താക്കിയത്.


Click it and Unblock the Notifications