പ്രിയങ്കയ്ക്ക് ഡാൻസ് വശമില്ല; അക്ഷയ് കുമാറിന്റെ മകന്റെ ജനനവും; ഷൂട്ടിംഗിനിടെ സംഭവിച്ചതിനെക്കുറിച്ച് നിർമാതാവ്
നടി പ്രിയങ്ക ചോപ്ര കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ ഏവർക്കും പ്രചോദനമാണ്. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന പ്രിയങ്ക ഇന്ന് ഒരു ഇന്ത്യൻ നടി എന്നതിനപ്പുറം ഗ്ലോബൽ ഐക്കൺ ആണ്. ഹിന്ദി സിനിമകളിൽ പ്രിയങ്കയെ കണ്ടിട്ട് നാളുകൾ ഏറെയായി. ഹോളിവുഡിൽ സീരീസുകളുടെയും സിനിമകളുടെയും ഷോകളുടെയും തിരക്കിലാണ് പ്രിയങ്ക ചോപ്ര. അതിനാൽ തന്നെ മറ്റ് ഹിന്ദി സിനിമകൾക്ക് ഡേറ്റ് നൽകാൻ കഴിയുന്നില്ല. വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് പ്രിയങ്ക ഹോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെയാണ് ഇത്തരമൊരു സാഹസത്തിന് പ്രിയങ്ക ചോപ്ര തയ്യാറായത്. ഒരുപക്ഷെ പരാജയപ്പെട്ടിരുന്നെങ്കിൽ വലിയ വീഴ്ചയായേനെ നടിയുടെ കരിയറിൽ സംഭവിക്കുക. നടി എന്നതിനൊപ്പം നിർമാതാവ്, ബിസിനസ് സംരഭക തുടങ്ങി പല ഖ്യാതികൾ പ്രിയങ്കയ്ക്ക് ഇന്നുണ്ട്. ഒന്നിലേറെ ബിസിനസുകളാണ് അമേരിക്കയിൽ പ്രിയങ്ക നടത്തുന്നത്. അതേസമയം ഇന്നത്തെ താരത്തിളക്കത്തിനപ്പുറം കരിയറിൽ പ്രിയങ്കയുടെ തുടക്കകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.

ലോക സുന്ദരി പട്ടം ചൂടിയ ശേഷമാണ് സിനിമാ രംഗത്തേക്കുള്ള ചുവട് വെപ്പെങ്കിലും മോഡലിംഗിലെ മികവ് പ്രിയങ്കയെ ബോളിവുഡിൽ തുണച്ചില്ല എന്നാൽ പരിമിതികൾ മറികടന്ന് മുന്നോട്ട് പോകാൻ പ്രിയങ്കയ്ക്ക് സാധിച്ചു. 2003 ൽ പുറത്തിറങ്ങിയ അന്ധാസ് എന്ന സിനിമയിലൂടെയാണ് പ്രിയങ്ക ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. അക്ഷയ് കുമാർ നായകനായ ചിത്രത്തിൽ ലാറ ദത്തയും പ്രധാന വേഷത്തിലെത്തി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓർമ്മകൾ പങ്കുവെക്കുകയാണ് നിർമാതാവ് സുനിൽ ദർശൻ.
ബോളിവുഡ് സ്റ്റെെൽ ഡാൻസ് പ്രിയങ്കയ്ക്ക് വശമില്ലായിരുന്നെന്ന് സുനിൽ ദർശൻ പറയുന്നു. സൗത്ത് ആഫ്രിക്കയിൽ വെച്ചാണ് പ്രിയങ്കയുടെ ഭൂരിഭാഗം സീനുകളുമെടുത്തത്. പ്രിയങ്കയ്ക്ക് ഡാൻസ് വലിയ വശമില്ലെന്ന് തിരിച്ചറിഞ്ഞു. അള്ളാ കരേ ദിൽ നാ ലഗേ എന്ന ഗാനരംഗമാണ് എടുത്ത് കൊണ്ടിരുന്നത്. 2002 സെപ്റ്റംബർ 15 ന് അക്ഷയ് കുമാറിന്റെ മൂത്ത മകൻ ജനിച്ചു. അപ്പോൾ സാഹചര്യം മാറി. ഷൂട്ടിംഗ് ഉപേക്ഷിച്ച് മുംബൈയിലേക്ക് തിരിച്ച് പോയി. വീണ്ടും തിരികെ വന്ന് ഷൂട്ട് ചെയ്യാമെന്നും തീരുമാനിച്ചു.

മുംബൈയിലേക്ക് തിരിച്ചെത്തിയ ശേഷം പ്രിയങ്കയെ കൊറിയോഗ്രാഫർ വീരു കൃഷ്ണയ്ക്കടുത്ത് പരിശീലനത്തിന് അയച്ചു. രാവിലെ ഏഴ് മണി മുതൽ രാത്രി വരെ പ്രിയങ്ക അമ്മയ്ക്കൊപ്പമെത്തി പരിശീലനം നടത്തു. മുപ്പത് ദിവസം അതിനായി പ്രിയങ്ക സമർപ്പിച്ചു. ഷൂട്ടിംഗിന് തിരിച്ചെത്തിയപ്പോൾ പ്രിയങ്കയ്ക്ക് ഒരുപാട് മാറ്റം വന്നെന്നും നല്ല രീതിയിൽ നടി ഡാൻസ് ചെയ്തെന്നും സുനിൽ ദർശൻ ഓർത്തു. പ്രിയങ്ക കരിയറിനോട് തുടക്ക കാലം മുതൽ കാണിക്കുന്ന ആത്മാർത്ഥതയെ ഇദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയ പ്രിയങ്ക ചോപ്ര പിന്നീട് സ്ത്രീ കേന്ദ്രീകൃത സിനിമകളും ചെയ്തു. 2008 ൽ ഫാഷൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയങ്ക ചോപ്ര നേടി. കരിയറിലെ താരത്തിളക്കത്തിനൊപ്പം പ്രിയങ്കയെ തേടി ഗോസിപ്പുകളും വന്നു. അക്ഷയ് കുമാറുമായി നടിക്ക് ബന്ധമുണ്ടായിരുന്നെന്നാണ് ഒരു ഘട്ടത്തിൽ വന്ന ഗോസിപ്പ്. പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും ഭാര്യ ട്വിങ്കിൾ ഖന്ന നടനെ വിലക്കിയെന്നും അക്കാലത്ത് അഭ്യൂഹം വന്നു.


Click it and Unblock the Notifications