അന്നവൾ ധരിച്ച വസ്ത്രം പോലും ഓർമ്മയുണ്ട്; ദീപികയുമായുള്ള ആദ്യ ഡേറ്റിംഗിനെക്കുറിച്ച് രൺബീർ
ബോളിവുഡിൽ ഒരുമിക്കാതെ പോയ പല കാമുകീ കാമുകൻമാരുണ്ട്. ഇക്കൂട്ടത്തിൽ എപ്പോഴും ചർച്ചയാകുന്നവരാണ് ദീപിക പദുകോണും രൺബീർ കപൂറും. പ്രണയകാലത്തെ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോഴും ചർച്ചയാകാറുണ്ട്. പ്രണയബന്ധം അവസാനിപ്പിച്ച രൺബീറും ദീപികയും ജീവിതത്തിൽ രണ്ട് ദിശയിലേക്ക് നീങ്ങി. എന്നാൽ ഇവർ പിരിഞ്ഞത് ഇന്നും ആരാധകർക്ക് നിരാശയാണ്. ഒന്നര വർഷം മാത്രമാണ് ഇവരുടെ ബന്ധം നീണ്ടു നിന്നത്.
രൺബീറുമായി കടുത്ത പ്രണയത്തിലായ ദീപിക നടന്റെ പേര് ശരീരത്തിൽ പച്ചകുത്തുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ ഈ ബന്ധത്തിൽ ആത്മാർത്ഥ കാണിച്ചിരുന്നില്ല. കത്രീന കൈഫിനെ പരിചയപ്പെട്ടതോടെ ദീപികയുമായുള്ള ബന്ധം നടൻ ഉപേക്ഷിക്കുകയും ചെയ്തു. ദീപികയെ ഏറെ ബാധിച്ച സംഭവമായിരുന്നു ഇത്. പിന്നീടിങ്ങോട്ട് കരിയറിന് പ്രാധാന്യം നൽകിയ ദീപിക താരറാണിയായി വളർന്നു.

രൺബീറിനോട് ആദ്യം നീരസം തോന്നിയെങ്കിലും പിന്നീട് ഇവർ സുഹൃത്തുക്കളായി. തമാശ, യഹ് ജവാനി ഹെ ദീവാനി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ദീപികയെക്കുറിച്ച് മുമ്പൊരിക്കൽ രൺബീർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദീപികയുമായുള്ള ആദ്യ ഡേറ്റിംഗിനെക്കുറിച്ചാണ് രൺബീർ സംസാരിച്ചത്. സുഹൃത്തുക്കളാണ് രണ്ട് പേരെയും പരിചയപ്പെടുത്തിയത്. ഗ്രാന്റ് ഹയാത്ത് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ രൺബീർ നടിയെ ക്ഷണിച്ചു. പിന്നീട് രണ്ട് പേരും ഒരുമിച്ച് സിനിമയ്ക്ക് പോയി. ഒരു കാർ ഡ്രെെവും കൂടെ കഴിഞ്ഞതോടെ ഇരുവരും വളരെ അടുത്തു.
ദീപിക അന്ന് ധരിച്ച വസ്ത്രം പോലും തനിക്ക് ഓർമ്മയുണ്ടെന്ന് രൺബീർ തുറന്ന് പറഞ്ഞു. വെള്ള നിറത്തിലുള്ള വസ്ത്രമാണ് ദീപിക ധരിച്ചിരുന്നത്. മുടി കെട്ടിവെച്ചിരുന്നെന്നും രൺബീർ ഓർത്തു. അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത ദീപികയ്ക്ക് ആദ്യ ഡേറ്റിംഗിന് രൺബീർ ധരിച്ച മോശം ഷൂസാണ് ഓർമ്മ വന്നത്.

തമാശ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. ബ്രേക്കപ്പായി കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് ഇവർ ഈ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചത്. അടുത്തിടെ പോലും ദീപികയും രൺബീറും വാർത്തകളിൽ നിറഞ്ഞിരുന്നു. യഹ് ജവാനി ഹെ ദിവാനി എന്ന സിനിമ റിലീസ് ചെയ്തിട്ട് പത്ത് പൂർത്തിയായതിന്റെ ആഘോഷത്തിന് എത്തിയതായിരുന്നു താരങ്ങൾ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി. ഇതിന് മുമ്പൊന്നും ഇത്ര സന്തോഷത്തിൽ രൺബീറിനെയോ ദീപികയെയോ കണ്ടിട്ടില്ലെന്ന് പലരും കമന്റ് ചെയ്തു.
നടി ആലിയ ഭട്ടിനെയാണ് രൺബീർ കപൂർ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ ആലിയക്കും രൺബീറിനും രാഹ എന്ന മകൾ പിറന്നു. ആലിയക്ക് മുമ്പ് കത്രീന കൈഫുമായി രൺബീർ പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും പിരിഞ്ഞു. ദീപികയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് രൺബീർ കത്രീനയുമായി അടുത്തത്. ദീപികയും കത്രീനയും ശത്രുതയിലാണെന്ന് അക്കാലത്ത് ബോളിവുഡിൽ സംസാരം ഉണ്ടായിരുന്നെങ്കിലും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ഇവർ വ്യക്തമാക്കി.
കത്രീനയുമായി പിരിഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ രൺബീറിനാണ് കുറ്റപ്പെടുത്തൽ കേട്ടത്. നടൻ വിക്കി കൗശലിനെയാണ് കത്രീന പിന്നീട് വിവാഹം ചെയ്തത്. 2021 ലായിരുന്നു വിവാഹം. മറുവശത്ത് ദീപിക നടൻ രൺവീർ സിംഗിനെയാണ് വിവാഹം ചെയ്തത്. 2018 ലായിരുന്നു താരങ്ങളുടെ വിവാഹം. രാം ലീല എന്ന സിനിമയ്ക്കിടെയാണ് ദീപിക രൺവീർ സിംഗുമായി അടുക്കുന്നത്.


Click it and Unblock the Notifications