അച്ഛനും അമ്മയും തമ്മിൽ പൊരിഞ്ഞ വഴക്ക്; എല്ലാം കേട്ട് നിന്നു; ഋഷി കപൂറിന്റെ വിവാഹേതര ബന്ധങ്ങൾ പ്രശ്നമായപ്പോൾ
മികച്ച നടനായിട്ടും രൺബീർ കപൂറിനെ വേണ്ട വിധം ഫിലിം മേക്കേർസ് ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതി അവസാനിച്ചിരിക്കുകയാണ്. പുതിയ ചിത്രം അനിമലിൽ അവിസ്മരണീയ പ്രകടനമാണ് രൺബീർ കാഴ്ച വെച്ചത്. സിനിമ സ്ത്രീ വിരുദ്ധമാണെന്ന വിമർശനം പരക്കെ ഉയരുന്നുണ്ടെങ്കിലും ബോക്സ് ഓഫീസിൽ അനിമലിന്റെ തേരോട്ടമാണ്. അടുത്ത കാലത്തായി വിവാഹമുൾപ്പെടെയുള്ള വ്യക്തി ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് രൺബീർ വാർത്താ പ്രാധാന്യം നേടിയത്. അനിമൽ നടന്റെ കരിയർ ഗ്രാഫിന് പുതുജീവൻ നൽകിയിരിക്കുകയാണ്. അന്തരിച്ച നടൻ ഋഷി കപൂറിന്റെ മകനാണ് രൺബീർ.
അച്ഛനേക്കാളും അമ്മ നീതു കപൂറുമായാണ് തനിക്ക് കൂടുതൽ ആത്മബന്ധം ഉണ്ടായിരുന്നെന്ന് രൺബീർ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ബഹുമാനത്തോടെയുള്ള അകൽച്ച രൺബീറിന് പിതാവിനോടുണ്ടായിരുന്നു. മുമ്പൊരിക്കൽ തന്റെ വീട്ടിലെ വഴക്കുകളെക്കുറിച്ച് രൺബീർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണ ഘട്ടത്തെക്കുറിച്ചാണ് രൺബീർ സംസാരിച്ചത്.

ഞാനൊരു ബംഗ്ലാവിലാണ് കഴിഞ്ഞത്. മുകളിലത്തെ നിലയിലാണ് ഞാൻ. പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെ സ്റ്റെയർ കെയ്സിലിരുന്ന് അവരുടെ വഴക്കിടലും എറിഞ്ഞുടയ്ക്കലും കേൾക്കുന്നത് എനിക്കോർമ്മയുണ്ട്. എല്ലാവരും ഇങ്ങനെയൊരു ഘട്ടത്തിലൂടെ കടന്ന് പോകും. പക്ഷെ എന്റെ മാതാപിതാക്കൾ സെലിബ്രിറ്റികളായതിനാൽ പത്രങ്ങളിൽ വാർത്തയാകും. സ്കൂളിൽ ചെറിയ തോതിൽ ഇത് നാണക്കേടായിരുന്നു. നല്ല സുഹൃത്തുക്കളായതിനാൽ അവർ അതേക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും രൺബീർ കപൂർ ഓർത്തു.
അതേസമയം വഴക്കുകൾ മാറ്റി വെച്ച് പിന്നീട് അച്ഛനും അമ്മയും വീണ്ടും സന്തോഷകരമായി ജീവിച്ചെന്നും രൺബീർ കപൂർ അന്ന് വ്യക്തമാക്കി. വിവാഹിതനായിരിക്കെ ഋഷി കപൂറിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ഇത് വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഒരു കാലത്ത് ഗോസിപ്പുണ്ടായിരുന്നു. ഭർത്താവിന്റെ ബന്ധങ്ങളെക്കുറിച്ച് നീതു കപൂർ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. നൂറ് തവണ അദ്ദേഹത്തിന്റെ ഫ്ലേർട്ടിംഗ് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. ലൊക്കേഷനിലെ അദ്ദേഹത്തിന്റെ ബന്ധങ്ങളെക്കുറിച്ച് ആദ്യം അറിയുന്നത് ഞാനായിരിക്കും.

പക്ഷെ അവ വൺ നൈറ്റ് സ്റ്റാന്റുകളാണെന്ന് എനിക്കറിയാം. രണ്ട് വർഷത്തിന് മുമ്പ് ഇതിന്റെ പേരിൽ അദ്ദേഹവുമായി വഴക്കിടുമായിരുന്നു. എന്നാലിപ്പോൾ ഇതെത്ര നാൾ പോകുമെന്ന് നോക്കാം എന്ന മനോഭാവം വന്നെന്നും നീതു കപൂർ വ്യക്തമാക്കി. 2020 ലാണ് ഋഷി കപൂർ മരിച്ചത്. കാൻസർ ബാധിച്ച് രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു ഋഷി കപൂർ.
അച്ഛനെ പോലെ തന്നെ രൺബീറിന്റെ ജീവിതവും നേരത്തെ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായതാണ്. ഒന്നിലേറെ ബന്ധങ്ങൾ നടന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ ചർച്ചയായി. ആറ് വർഷം നീണ്ട പ്രണയ ബന്ധമായിരുന്നു കത്രീനയും രൺബീറും തമ്മിൽ.
എന്നാൽ പിന്നീട് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. വിവാഹത്തോട് രൺബീർ കപൂർ മുഖം തിരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. കത്രീനയുമായി അകന്ന ശേഷം നടി ആലിയ ഭട്ടുമായി അടുത്ത രൺബീർ കഴിഞ്ഞ വർഷം നടിയെ വിവാഹം ചെയ്തു. രാഹ എന്ന മകളും താര ദമ്പതികൾക്ക് പിറന്നു. രൺബീറിനെ പോലെ ആലിയ ഭട്ടും ബോളിവുഡിലെ തിരക്കേറിയ താരമാണ്.


Click it and Unblock the Notifications