ഇരുപതാം വയസിൽ അച്ഛനാകാൻ ആഗ്രഹിച്ചിരുന്ന രൺബീർ കപൂർ, മനസ് മാറ്റിയത് സംവിധായകൻ!
ബോളിവുഡ് സിനിമാ ആസ്വാദകരെ ഏറെ സന്തോഷിപ്പിച്ച താര വിവാഹമായിരുന്നു ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹം. ഏപ്രിൽ 14ന് മുംബൈ ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും ആഢംബര വിവാഹം നടന്നത്.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് താരജോഡി ഒന്നായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ ആലിയ അമ്മയാകാൻ പോവുകയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗം കൂടി വരുന്ന സന്തോഷം ആലിയയാണ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്കാനിംഗ് മുറിയിൽ നിന്നും രൺബീറിനൊപ്പമുള്ള ഫോട്ടോയും ആലിയപങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആലിയയുടെ മുഖത്തെ പറഞ്ഞറിയാക്കാനാകാത്ത സന്തോഷവും കാണാം.
പ്രിയങ്ക ചോപ്ര അടക്കം സിനിമാലോകത്ത് നിന്നുള്ള സെലിബ്രിറ്റികളും പല പ്രമുഖരും ആലിയയ്ക്കും രൺബീറിനും ആശംസകളുമായി എത്തിയിട്ടുണ്ട്. ഇരുവർക്കും ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിക്കട്ടെയെന്നാണ് ഏവരുടെയും ആശംസ.
പ്രിയങ്കയ്ക്ക് പുറമെ മലൈക അറോറ, കൃതി സനോൺ, രൺബീറിൻറെ സഹോദരി റിദ്ധിമ കപൂർ, രാകുൽ പ്രീത് സിങ്, കരൺ ജോഹർ, പരിണീതി ചോപ്ര, ഇഷാൻ ഖട്ടർ, ടൈഗർ ഷ്റോഫ് തുടങ്ങി നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ ആശംസ അറിയിച്ചത്.
ഇരുപത്തിയൊമ്പതുകാരിയായ ആലിയയും മുപ്പത്തിയൊമ്പതുകാരനായ രൺബീറും വിവാഹിതരായതിൽ ഏറ്റവുമധികം സന്തോഷിച്ചിട്ടുള്ളത് താരങ്ങളുടെ കുടുംബങ്ങളാണ്. ഇക്കാര്യം പലപ്പോഴായി രൺബീറിൻറെ അമ്മ നീതു കപൂർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡിലെ പ്രബലരായ രണ്ട് താരകുടുംബങ്ങളാണ് ഇരുവരുടേതും. ഈ കുടുംബങ്ങളുടെ സമാഗമം കൂടിയായിരുന്നു ആലിയ-രൺബീർ വിവാഹത്തിലൂടെ നടന്നത്.

അതേസമയം അച്ഛനാകുന്നതിനെ കുറിച്ച് മുമ്പൊരിക്കൽ രൺബീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹം, കുട്ടികൾ എന്നിവയുടെ വിലങ്ങുതടികളില്ലാതെ തന്റേതായ രീതിയിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്ന നടനായിരുന്നു രൺബീർ കപൂർ.
ഇടയ്ക്ക് നിരവധി പ്രണയങ്ങൾ രൺബീറിന്റെ ജീവിതത്തിലുണ്ടായി എങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. ഇരുപതാം വയസിൽ രൺബീറിന്റെ ഏറ്റവും വലിയ ആഗ്രഹം വിവാഹം കഴിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നതായിരുന്നുവെന്ന് രൺബീർ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന് പ്രായത്തിന്റെ സമയപരിധി നൽകേണ്ടതില്ലെന്ന ചിന്തയിലേക്ക് നമ്മൾ ഇപ്പോൾ എത്തികൊണ്ടിരിക്കുകയാണ്.
'ഒരാൾ പ്രണയത്തിലാകുമ്പോൾ കല്യാണം നടക്കും പിന്നെ കുട്ടികൾ ജനിക്കും. എല്ലാം സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. എനിക്ക് ഇരുപത് വയസായിരുന്നപ്പോൾ കല്യാണം കഴിക്കാനുള്ള തിരക്കായിരുന്നു.'
'എനിക്ക് കല്യാണം കഴിക്കണം.... എനിക്ക് കല്യാണം കഴിക്കണം.... എനിക്ക് കുട്ടികളുണ്ടാകണം... എന്ന് ഞാൻ പറഞ്ഞ് നടക്കുമായിരുന്നു. ഒരിക്കൽ ഇത് ശ്രദ്ധയിൽപ്പെട്ട് സംവിധായകൻ അയൻ മുഖർജിയാണ് എന്നെ തിരുത്തിയത്.'
'തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. നീ ഇപ്പോൾ നിന്റെ കരിയറിന്റെ തുടക്കത്തിലാണ്. ആളുകളെ കണ്ടുമുട്ടുക. നിങ്ങളുടെ ജീവിതം അൽപ്പം ജീവിക്കുക. ശേഷം വിവാഹം കഴിക്കുക എന്നാണ് അദ്ദേഹം എന്നെ ഉപദേശിച്ചത്' എന്നാണ് രൺബീർ കപൂർ അഭിമുഖത്തിൽ പറഞ്ഞത്.
രൺബീർ കപൂറിന്റെ മറ്റൊരു പുതിയ വിശേഷം താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഷംഷേര റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ്. ജൂലൈ 22ന് തിയറ്ററുകളിലെത്താൻ തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിൻറെ ടീസർ അണിയറക്കാർ പുറത്തുവിട്ടപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.
പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രൺബീർ കപൂർ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സഞ്ജയ് ദത്ത് പ്രതിനായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വാണി കപൂറാണ് നായിക.
2018 ഡിസംബറിൽ ആരംഭിച്ച ചിത്രീകരണം 2020 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. ബാഹുബലിയെയും കെജിഎഫിനെയുമൊക്കെ എവിടെയൊക്കെയോ ഓർമ്മിപ്പിക്കുന്ന ചില ഫ്രെയിമുകൾ ടീസറിലുണ്ട്.


Click it and Unblock the Notifications