വിവാഹത്തിന് മുമ്പ് സെക്സ്; രേഖയും സീനത്ത് അമാനും പറഞ്ഞത് വിവാദമായപ്പോൾ; അന്ന് നടന്നത്
എഴുപതുകളിൽ ബോളിവുഡിൽ തിരക്കേറിയ നായിക നടിമാരായിരുന്നു സീനത്ത് അമാനും രേഖയും. ശ്രദ്ധേയമായ ഒട്ടനവധി സിനിമകൾ രണ്ട് പേർക്കും ലഭിച്ചു. അജ്നബീ, വാറന്റ്, തുടങ്ങിയ സിനിമകളിലൂടെയാണ് സീനത്ത് അമാൻ ഹിന്ദി സിനിമാ രംഗത്തെ താരറാണിയായി മാറുന്നത്. രേഖയും അന്ന് വിലപിടിപ്പുള്ള നായിക നടിയാണ്. രണ്ട് പേരും കാലത്തിന് മുമ്പേ സഞ്ചരിച്ച വ്യക്തികളാണെന്ന് ആരാധകർ പറയാറുണ്ട്. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുകളുള്ളവരാണ് രേഖയും സീനത്തും.
യഥാസ്ഥിതിക വാദങ്ങൾ ശക്തമായ എഴുപതുകളിൽ തങ്ങളുടേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഇരുവരും മടിച്ചില്ല. അതിനാൽ തന്നെ സീനത്തിനെയും രേഖയെയും വെറുത്തവരും സിനിമാ രംഗത്തുണ്ട്. പ്രത്യേകിച്ചും രേഖയ്ക്കാണ് കുറ്റപ്പെടുത്തലുകളും ആക്ഷേപവും കൂടുതൽ കേട്ടത്. അമിതാഭ് ബച്ചനുൾപ്പെടെയുള്ള നടൻമാരുമായുള്ള പ്രണയം, ഫോട്ടോഷൂട്ടുകൾ തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്.

എഴുപതുകളിൽ വിവാദമായ രേഖയുടെയും സീനത്ത് അമാന്റെയും പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാണ് അന്ന് രേഖയും സീനത്തും ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്. കിളികളും തേനീച്ചകളുമെല്ലാം ഇങ്ങനെ ചെയ്യുന്നുണ്ട്, എന്തുകൊണ്ട് സ്ത്രീക്കും പുരുഷനും അത് ചെയ്ത് കൂടാ. മാത്രവുമല്ല രൂപഭംഗിക്ക് ഏറ്റവും നല്ല കാര്യമാണിതെന്നും അന്ന് സീനത്ത് അമാൻ അഭിപ്രായപ്പെട്ടു.
സമാനമായ അഭിപ്രായമാണ് രേഖയും അന്ന് പങ്കുവെച്ചത്. അത് വളരെ സ്വാഭാവികമാണ്. സിംഗിളായ സ്ത്രീ അവളുടെ ആദ്യ രാത്രിയിൽ മാത്രമേ ലെെംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന് പറയുന്ന എല്ലാ അഹങ്കാരികളും സംസാരിക്കുന്ന കാളകളാണെന്ന് രേഖ തുറന്നടിച്ചു. സെക്സെന്നത് പ്രണയത്തോടൊപ്പം വരുന്നതാണ്. പ്രണയിക്കാതെ ഒരു സ്ത്രീക്ക് ഒരിക്കലും ഒരു പുരുഷനുമായി അടുക്കാൻ സാധിക്കില്ലെന്നും അന്ന് രേഖ അഭിപ്രായപ്പെട്ടു.

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം വലിയ തെറ്റായി കാണുന്ന എഴുപതുകളിലാണ് രേഖയും സീനത്ത് അമാനും ഈ തുറന്ന് പറച്ചിൽ നടത്തിയത്. പഴയ വാക്കുകൾ വീണ്ടും വൈറലായിരിക്കെ സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇരുവരും അന്ന് കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചു.
ബി ടൗൺ മാധ്യമങ്ങളിൽ രേഖയെയും സീനത്ത് അമാനെയും കുറിച്ച് നിരവധി ഗോസിപ്പുകൾ ഒരു കാലത്ത് വന്നിട്ടുണ്ട്. അമിതാഭ് ബച്ചനെയും രേഖയെയും ചേർത്ത് വന്ന അഭ്യൂഹങ്ങളാണ് ഇതിലേറെ ചർച്ചയായത്. ജയ ബച്ചനെ വിവാഹം ചെയ്ത അമിതാഭ് ബച്ചൻ രേഖയുമായി വിവാഹേതര ബന്ധത്തിലായിരുന്നെന്ന് അന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇക്കാര്യം തുറന്ന് സമ്മതിക്കുന്ന ചില പരാമർശങ്ങളും രേഖയിൽ നിന്നുണ്ടായി. എന്നാൽ ബച്ചൻ ഗോസിപ്പുകളെയെല്ലാം നിഷേധിക്കുകയാണുണ്ടായത്. വർഷങ്ങൾക്കിപ്പുറവും ഇവരെക്കുറിച്ചുള്ള കഥകൾ ബോളിവുഡിൽ സംസാര വിഷയമാണ്.
മറുവശത്ത് സീനത്ത് അമാന്റെ ജീവിതവും സംഭവ ബഹുലമായാണ് മുന്നോട്ട് പോയത്. നടൻ സഞ്ജയ് ഖാനെയാണ് സീനത്ത് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം അവസാനിച്ചതോടെ നടൻ മസർ ഖാനെ സീനത്ത് വിവാഹം ചെയ്തു. 1985 ലായിരുന്നു വിവാഹം. രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. 1998 ൽ മസർ ഖാൻ മരിച്ചു. ഭർത്താവ് മരിച്ച് ഒരു വർഷത്തിനുള്ളിൽ സീനത്ത് നൽകിയ അഭിമുഖം വലിയ തോതിൽ ചർച്ചയായി.
മസർ ഖാനോടൊപ്പം സന്തോഷകരമായ കുടുംബ ജീവിതമായിരുന്നില്ല തനിക്കെന്ന് സീനത്ത് ഖാൻ തുറന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തീരുമാനം തെറ്റാണെന്ന് മനസിലായെങ്കിലും ബന്ധം തുടരാൻ താൻ തീരുമാനിച്ചെന്നും സീനത്ത് അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications