കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹമത് ചെയ്തത്; ഞങ്ങളുടെ പ്രണയം മറ്റുള്ളവർ അറിയേണ്ട; രേഖ പറഞ്ഞത്
ഇന്ത്യൻ സിനിമയിൽ നിരവധി താരജോഡികൾ വന്നെങ്കിലും അമിതാഭ് ബച്ചനെയും രേഖയെയും പോലെ ചർച്ചയായവർ കുറവാണ്. ജീവിതത്തിൽ ഒരുമിക്കാതെ പോയ നായകനും നായികയുമായാണ് ഇന്നും ആരാധകർ ഇവരെ കാണുന്നത്. വർഷങ്ങൾക്കിപ്പുറവും ഈ ഗോസിപ്പുകൾ താര ജോഡികളെ വിട്ട് പോയിട്ടില്ല. അതേസമയം ഇതേക്കുറിച്ച് എവിടെയും രേഖയോ ബച്ചനോ ഇപ്പോൾ സംസാരിക്കാറില്ല. ഒരു കാലത്ത് ബി ടൗണിൽ കോളിളക്കം സൃഷ്ടിച്ച ഈ പ്രണയത്തിൽ സംഭവിച്ചതെന്തെന്ന് ഇന്നും പലർക്കും അറിയില്ല.
ജയ ബച്ചനുമായുള്ള കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ അമിതാഭ് ബച്ചൻ ഗോസിപ്പുകളിൽ നിന്ന് പരമാവധി മാറി നിൽക്കാൻ നടൻ ശ്രമിച്ചു. മറുവശത്ത് രേഖയുടെ ജീവിതം ഉയർച്ചകളും താഴ്ചകളുമായി മുന്നോട്ട് നീങ്ങി. നഷ്ട പ്രണയത്തിന്റെ പ്രതീകമായാണ് രേഖയെ ഇന്നും ആരാധകർ കാണുന്നത്.

ബച്ചനുമായുള്ള ബന്ധത്തെക്കുറിച്ച് രേഖ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരു ബന്ധം ഇല്ലെന്നാണ് ബച്ചൻ അന്ന് ആവർത്തിച്ച് പറഞ്ഞത്. അദ്ദേഹം എന്തുകൊണ്ടാണ് പ്രണയം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് സമ്മതിക്കാത്തതെന്ന ചോദ്യം ഒരു ഘട്ടത്തിൽ രേഖയ്ക്ക് നേരിടേണ്ടി വന്നു. രേഖ മടിക്കാതെ ഇതിന് മറുപടിയും നൽകി.
ബച്ചൻ എന്തിനത് തുറന്ന് സമ്മതിക്കണം എന്നാണ് രേഖ ചോദിച്ചത്. അദ്ദേഹം കുടുംബത്തെയും തന്റെ പ്രതിച്ഛായയെയും സംരക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത് മനോഹരമാണെന്ന് ഞാൻ കരുതുന്നു. പൊതുജനം അത് എങ്ങനെ എടുക്കുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. ഞങ്ങളുടെ സ്നേഹം എന്തിനാണ് പുറം ലോകം അറിയുന്നത്. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന് എന്നെയും. അത്രയും മതിയെന്ന് രേഖ വ്യക്തമാക്കി.

എന്നോട് നേരിട്ട് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ വിഷമം തോന്നിയേനെ. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്തോ. പിന്നെ എന്തിനാണ് പൊതുവിടത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ താൻ ഗൗനിക്കുന്നത്. ബച്ചൻ ഇപ്പോഴും പരമ്പരാഗത ചിന്താഗതിക്കാരനാണ്. ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തയാൾ. പിന്നെ എന്തിന് സ്വന്തം ഭാര്യയെ വിഷമിപ്പിക്കണമെന്നും രേഖ അന്ന് ചോദിച്ചു.
1984 ൽ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം പറഞ്ഞത്. അന്ന് രേഖയുടെ പരാമർശം വലിയ ചർച്ചയായി. ഈ അഭിമുഖത്തിന് കുറച്ച് വർഷങ്ങൾക്ക് മുമ്പും കോളിളക്കം സൃഷ്ടിച്ച മറ്റൊരു പ്രവൃത്തി രേഖയിൽ നിന്നുണ്ടായി. നടൻ ഋഷി കപൂറിന്റെയും നീതു കപൂറിന്റെയും വിവാഹത്തിന് എത്തിയതായിരുന്നു രേഖ.
നെറ്റിയിൽ സിന്ദൂരം ധരിച്ചാണ് രേഖ വന്നത്. അവിവാഹിതയായ രേഖ സിന്ദൂരം ചാർത്തിയത് മാധ്യമശ്രദ്ധ പിടിച്ചു പറ്റി. ഇത് ബച്ചൻ-രേഖ ഗോസിപ്പിന് ആക്കം കൂട്ടി. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ വിവാഹത്തിന് വന്നതിനാൽ സിന്ദൂരം മായ്ക്കാൻ മറന്ന് പോയെന്നാണ് അന്ന് രേഖ നൽകിയ വിശദീകരണം.
അക്കാലത്ത് തുടരെ ഗോസിപ്പുകൾ വന്നപ്പോഴും ജയ ബച്ചനുമായി അമിതാഭ് ബച്ചന്റെ വിവാഹ ബന്ധത്തെ ഇത് ബാധിച്ചില്ല. അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ജയ ബച്ചൻ തയ്യാറായതുമില്ല. രേഖ പിന്നീട് മുകേഷ് അഗർവാൾ എന്ന ബിസിനസുകാരനാെപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും ഈ ബന്ധവും നീണ്ടു നിന്നില്ല. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ മുകേഷ് അഗർവാൾ ആത്മഹത്യ ചെയ്തു. പിന്നീട് മറ്റൊരു വിവാഹത്തിന് രേഖ തയ്യാറായില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ രംഗത്ത് രേഖ സജീവമല്ല. അതേസമയം അമിതാഭ് ബച്ചൻ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications