എന്റെ കരിയറിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്, നീ ക്ഷമിക്കണം; അരുണയോട് സത്യം തുറന്ന് പറഞ്ഞ രേഖ
ഇന്ത്യൻ സിനിമയിലെ നായികാ മുഖമായി ഒരു കാലത്ത് നിറഞ്ഞ് നിന്ന താരമാണ് നടി രേഖ. ദക്ഷിണേന്ത്യക്കാരിയാണെങ്കിലും ഹിന്ദി സിനിമകളിലാണ് രേഖ തിളങ്ങിയത്. 70 കളിലും 80 കളിലും തരംഗം സൃഷ്ടിച്ച രേഖ അന്ന് സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ഏറെ പ്രശംസ പിടിച്ചു പറ്റി.
കരിയറിൽ പല പരീക്ഷണങ്ങളും നടത്തിയ രേഖ അന്നത്തെ നായികമാരിൽ നിന്നും വ്യത്യസ്തമായിരുന്നു. ബോൾഡ് ഫോട്ടോഷൂട്ടുകൾക്ക് അന്നേ രേഖ തയ്യാറായി. ഒരു സ്റ്റെെൽ ഐക്കണായി രേഖ അറിയപ്പെട്ടു. നടൻ അമിതാഭ് ബച്ചന്റെ ഹിറ്റ് ഓൺസ്ക്രീൻ ജോഡ് ആയിരുന്നു രേഖ.

ഇരുവരും ഒരുമിച്ച നിരവധി സിനിമകൾ അന്ന് വൻ ഹിറ്റായി. അമിതാഭ്- രേഖ ഗോസിപ്പ് പരക്കുന്നതും ഇക്കാലഘട്ടത്തിൽ ആണ് . അന്നും ഇന്നും രേഖയെ ഈ ഗോസിപ്പ് വിടാതെ പിന്തുടരുന്നു. രേഖ ഇപ്പോഴും ബച്ചന്റെ കാമുകി ആണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. സൂപ്പർ താരമായിരുന്ന ജെമിനി ഗണേശന്റെ മകളാണ് രേഖ. എന്നാൽ രേഖ തന്റെ മകളാണെന്ന് ജെമിനി ഗണേശൻ പരസ്യമായി അംഗീകരിച്ചിരുന്നില്ല.

ജെമിനി ഗണേശനും രേഖയുടെ അമ്മ പുഷ്പവല്ലിയുമായുള്ള വിവാഹത്തിന് മുമ്പാണ് രേഖ ജനിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്ന് മുതലേ രേഖയുടെ വ്യക്തി ജീവിതം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് രേഖ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഹിന്ദി ഭാഷ അറിയില്ലെന്ന കടമ്പ വളരെ പെട്ടെന്ന് രേഖ മറി കടന്നു, സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടി എടുത്തു.

രേഖയെക്കുറിച്ച് അരുണ ഇറാനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രേഖ തന്നെ ഒരു സിനിമയിൽ നിന്നും മാറ്റിയതിനെക്കുറിച്ചാണ് അരുണ ഇറാനി സംസാരിച്ചത്. 1981 ൽ പുറത്തിറങ്ങിയ മംഗൽസൂത്ര എന്ന സിനിമയിൽ നിന്നാണ് രേഖ അരുണയെ മാറ്റിയത്.
എഎൻഐ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി. രേഖ തന്റെ നല്ല സുഹൃത്താണെന്ന് അരുണ പറയുന്നു. അതേസമയം രേഖ മൂലമാണ് തനിക്ക് പ്രധാനപ്പെട്ട വേഷം നഷ്ടം ആയതെന്നും അരുണ തുറന്ന് പറഞ്ഞു.

സിനിമയിലെ നായകന്റെ രണ്ട് ഭാര്യമാരുടെ വേഷമാണ് രേഖയ്ക്കും അരുണയ്ക്കും ലഭിച്ചിരുന്നത്. അരുണയായിരുന്നു ആദ്യ ഭാര്യ. രേഖയുടെ കഥാപാത്രം രണ്ടാം ഭാര്യയും. മരണപ്പെട്ട ആദ്യ ഭാര്യ സിനിമയിൽ പ്രേതമായി വരുന്നുണ്ട്.
അഭിനയ പ്രാധാന്യം ഉണ്ടായിരുന്ന ഈ വേഷം പക്ഷെ അരുണയുടെ കൈയിൽ നിന്ന് പോയി. അന്വേഷിച്ചപ്പോൾ തന്നെ മാറ്റിയതിന് കാരണം രേഖയാണെന്ന് അണിയറ പ്രവർത്തകർ തുറന്ന് പറയുകയും ചെയ്തെന്ന് നടി ഓർത്തു.

രേഖയോട് തന്നെ ഇതേപറ്റി അരുണ ചോദിച്ചു. സത്യാവസ്ഥ രേഖ തുറന്ന് പറയുകയും ചെയ്തു. നിന്റെ കഥാപാത്രത്തിന്റെ പ്രകടനം സിനിമയിൽ ശ്രദ്ധിക്കപ്പെട്ടാൽ എന്റെ കഥാപാത്രം വെറുതെയാവുമെന്നാണത്രെ രേഖ നൽകിയ വിശദീകരണം.
അരുണയോട് മാപ്പ് പറയുകയും കരിയറിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും രേഖ വ്യക്തമാക്കി. 'ക്ഷമിക്കണം പക്ഷെ എന്ത് ചെയ്യാൻ പറ്റും ഇത് എന്റെ കരിയറിന് വേണ്ടിയാണ്' എന്നായിരുന്നത്രെ രേഖയുടെ വാക്കുകൾ. അതേസമയം ഇന്ന് രണ്ട് പേരും എല്ലാം മറന്ന് നല്ല സുഹൃത്തുക്കളാണ്.


Click it and Unblock the Notifications