എത്ര പെട്ടെന്നാണ് ശ്രീദേവി മൃതശരീരം മാത്രമായത്? രോഷം കൊണ്ട ഋഷി കപൂർ; നടൻ പറഞ്ഞത്
നടി ശ്രീദേവിയുടെ മരണം സിനിമാ ലോകത്തെ സംബന്ധിച്ചും ഇന്നും ഒരു ഞെട്ടലാണ്. തീർത്തും അപ്രതീക്ഷിതമായ വാർത്തയാണ് 2018 ഫെബ്രുവരി 24ന് ഇന്ത്യൻ ജനത കേട്ടത്. ദുബായിലെ ഹോട്ടൽമുറിയിൽ ബാത്ത് ടബ്ബിൽ മരിച്ച നിലയിലായിരുന്നു ശ്രീദേവി. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് അന്ന് അഭ്യൂഹങ്ങൾ ഉയർന്നു. ബാത്ത് ടബ്ബിൽ വീണുള്ള മരണം എന്ന വാദം വിശ്വസിക്കാൻ പറ്റില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ പിന്നീട് ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി.
ശ്രീദേവിയുടെ മരണം ബോളിവുഡിലുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. നടി മദ്യപിച്ചിരുന്നെന്നും ഇതാണ് അബോധാവസ്ഥയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ വന്നു. ശ്രീദേവി ചെയ്ത ഒട്ടനവധി പ്ലാസ്റ്റിക് സർജറികളും ഇതിനിടെ വാർത്തകളിൽ നിറഞ്ഞു. നിറം പിടിപ്പിച്ച പല കഥകളും ഇക്കൂട്ടത്തിൽ പുറത്ത് വന്നു. കുറച്ച് നാളുകൾക്ക് ശേഷമാണ് ഇതെല്ലാം കെട്ടടങ്ങിയത്.

ശ്രീദേവിയുടെ മരണം നടൻ ഋഷി കപൂറിനെ ഏറെ വിഷമിപ്പിച്ചിരുന്നു. നാഗിന, ചാന്ദ്നി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണശേഷം മാധ്യമങ്ങൾ അനാദരവ് കാണിച്ചെന്ന ആരോപണവും ഋഷി കപൂർ ഉന്നയിച്ചു. ശ്രീദേവിയുടെ ശരീരം എന്ന പ്രയോഗമാണ് ഋഷിയെ പ്രകോപിച്ചത്.
'എങ്ങനെയാണ് ഇത്ര പെട്ടെന്ന് ശ്രീദേവി മൃതശരീരം മാത്രമായത്? രാത്രിയോടെ മൃതശരീരം മുംബൈയിൽ എത്തിക്കുമെന്നാണ് എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്യുന്നത്. പെട്ടെന്ന് നമ്മുടെ വ്യക്തിത്വം ഇല്ലാതാവുകയും ഒരു ശരീരം മാത്രമായി മാറുകയും ചെയ്യുമോ?' എന്ന് ഋഷി കപൂർ ട്വീറ്റും ചെയ്തു. നിരവധി പേർ ഋഷി കപൂറിനെ പിന്തുണച്ച് അന്ന് രംഗത്ത് വന്നു.
ശ്രീദേവിയുടെ അഭിനയമികവിനെക്കുറിച്ച് ഋഷി കപൂർ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഏത് സീനിലും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതാണ് ശ്രീദേവിയെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് ഋഷി കപൂർ അഭിപ്രായപ്പെട്ടു. നാഗിന എന്ന സിനിമയിൽ ശ്രീദേവിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ഓർമ്മകളും ഋഷി കപൂർ പങ്കുവെച്ചു.

'തെന്നിന്ത്യയിൽ നിന്നും വന്ന പുതിയ നടിയായതിനാൽ ശ്രീദേവി അധികം സംസാരിച്ചിരുന്നില്ല. ഞങ്ങൾ ഒരു പ്രണയ രംഗത്തിൽ അഭിനയിക്കുകയായിരുന്നു. പെട്ടെന്ന് അസിസ്റ്റന്റ് ക്യാമറമാൻ ഫിലിം തീർന്നെന്ന് പറഞ്ഞു. വല്ലാത്തൊരു നിശബ്ദത ഞങ്ങൾക്കിടയിൽ വന്നു. സർ, ഖേൽ ഖേൽ മെയ്ൻ സിനിമ ഞാൻ നാല് തവണ കണ്ടിട്ടുണ്ടെന്ന് ശ്രീദേവി പറഞ്ഞു. നീ നന്നായി ഡാൻസ് ചെയ്തതെന്ന് ഞാനും പറഞ്ഞു,' ഋഷി കപൂർ ഓർത്തു.
നാഗിന, മിസ്റ്റർ ഇന്ത്യ എന്നീ സിനിമകൾക്ക് ശേഷം ശ്രീദേവി താരമായി. പക്ഷെ ഒരിക്കൽ പോലും അവർ താരജാഡകൾ കാണിച്ചില്ല. ഒറ്റ നോട്ടത്തിൽ അവർ അഹങ്കാരിയാണെന്ന് തോന്നിയേക്കാം. പക്ഷെ അത് ഭാഷ വശമില്ലാത്ത് കൊണ്ട് തോന്നുന്നതാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ ശ്രീദേവി എല്ലാവരോടും സംസാരിച്ച് തുടങ്ങിയെന്നും ഋഷി കപൂർ അന്ന് പറഞ്ഞു. 2020 ലാണ് ഋഷി കപൂർ മരിച്ചത്.
ഉത്തരേന്ത്യക്കാരിയായ ശ്രീദേവിക്ക് ഹിന്ദി സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. ഹിന്ദി നന്നായി അറിയില്ലായിരുന്നെങ്കിലും തുടക്കകാലത്ത് ശ്രീദേവി തന്നെ ഹിന്ദി സിനിമകളുടെ ഡബ്ബിംഗും ചെയ്തു. അഭിനയിച്ച ഭാഷകളിലെല്ലാം സ്വയം ഡബ് ചെയ്യണമെന്ന നിർബന്ധം ശ്രീദേവിക്കുണ്ടായിരുന്നു.


Click it and Unblock the Notifications