എന്റെ മകനെയും നിന്നെപ്പോലെയാക്കരുത്; സഞ്ജയ് ദത്തിനെ വിളിച്ച് ചീത്ത പറഞ്ഞ ഋഷി കപൂർ; അന്ന് നടന്നത്
അനിമൽ എന്ന സിനിമയിലൂടെ കരിയറിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് രൺബീർ കപൂർ. തുടരെ വന്ന പരാജയ സിനിമകൾ കാരണം രൺബീറിന്റെ ആരാധകർ നിരാശയിലായിരുന്നു. എന്നാൽ അനിമൽ ഈ പരാതിരളെല്ലാം ഇല്ലാതാക്കി. മികച്ച പ്രകടനാണ് രൺബീർ ചിത്രത്തിൽ കാഴ്ച വെച്ചത്. ബോക്സ് ഓഫീസിൽ കുതിക്കുമ്പോഴും അനിമലിന് നേരെ വിമർശനങ്ങൾ വരുന്നുണ്ട്. സ്ത്രീ വിരുദ്ധ ആശയങ്ങൾ സിനിമയിലുണ്ടെന്നാണ് വിമർശനം. എന്നാൽ രൺബീറിന്റെ ആരാധകർ ഇത്തരം വാദങ്ങളൊന്നും അംഗീകരിക്കുന്നില്ല.
ഏറെക്കാലത്തിന് ശേഷമാണ് രൺബീറിന്റെ മികച്ച പ്രകടനം പ്രേക്ഷകർ കാണുന്നത്. ഇതിന് മുമ്പ് 2018 ൽ പുറത്തിറങ്ങിയ സഞ്ജു എന്ന സിനിമയിലാണ് രൺബീറിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഏവരും കണ്ടത്. നടൻ സഞ്ജയ് ദത്തിന്റെ ബയോപിക്കാണ് സഞ്ജു. വലിയ മേക്കോവറോടെയാണ് രൺബീർ ഈ ചിത്രത്തിൽ അഭിനയിച്ചത്. സിനിമയിൽ രൺബീറിന് സഞ്ജയ് ദത്തുമായുള്ള രൂപ സാദൃശ്യം ഏവരും എടുത്ത് പറഞ്ഞു. സഞ്ജയ് ദത്തും രൺബീറും തമ്മിൽ വലിയ ആത്മബന്ധമുണ്ട്.

സഞ്ജയ് ദത്തുമായുള്ള അടുപ്പത്തെക്കുറിച്ച് മുമ്പൊരിക്കൽ രൺബീർ കപൂർ പറഞ്ഞ വാക്കകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ പിറന്നാളിന് ഹാർലി ഡേവിഡ്സണിന്റെ ബൈക്ക് അദ്ദേഹം എനിക്ക് സമ്മാനിച്ചു. രാത്രി എന്നെ പിക് ചെയ്ത് ഫെരാരിയിൽ ഞങ്ങൾ സവാരി ചെയ്യുമായിരുന്നു. അദ്ദേഹത്തെ ഓൺസ്ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം തനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നെന്നും രൺബീർ കപൂർ വ്യക്തമാക്കി.
എന്നാൽ തിരക്കഥ വായിച്ചപ്പോൾ സഞ്ജയ് സാറുടെ മാനുഷിക വശം ഞാൻ കണ്ടു. നമ്മൾക്ക് അറിയുന്ന സഞ്ജയ് ദത്ത് അല്ല അത്. ഇപ്പോൾ തനിക്കദ്ദേഹത്തോട് കുറേക്കൂടി ബഹുമാനവും ആരാധനയും തോന്നുന്നെന്നും രൺബീർ കപൂർ വ്യക്തമാക്കി. രൺബീറും സഞ്ജയ് ദത്തും തമ്മിലുള്ള അടുപ്പത്തിൽ രൺബീറിന്റെ പിതാവ് ഋഷി കപൂറിന് ആശങ്ക തോന്നിയിരുന്നു. സഞ്ജുവിന്റെ പ്രൊമോഷൻ ചടങ്ങുകളിൽ വെച്ച് രൺബീർ കപൂർ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

അച്ഛന് ബൈക്കുകൾ ഇഷ്ടമല്ല. സഞ്ജയ് ദത്ത് സമ്മാനിച്ച ബൈക്ക് തനിക്ക് ഏറെക്കാലം അദ്ദേഹത്തിൽ നിന്നും ഒളിപ്പിച്ച് വെക്കേണ്ടി വന്നു. ഒരുദിവസം പിതാവ് കണ്ടപ്പോൾ അദ്ദേഹം സഞ്ജയ് ദത്തിെന വിളിച്ച് വഴക്ക് പറഞ്ഞു. എന്റെ മകനെ വഷളാക്കുന്നത് നിർത്ത്, ഇവനെ നിന്നെപ്പോലെയാക്കരുതെന്ന് പറഞ്ഞെന്നും രൺബീർ കപൂർ ഓർത്തു. ബോളിവുഡിൽ ഒരു കാലത്തെ വിവാദ നായകനായിരുന്നു സഞ്ജയ് ദത്ത്. നടനെക്കുറിച്ച് ബയോപിക് വന്നപ്പോൾ വിമർശനങ്ങളും വന്നിരുന്നു.
രൺബീർ കപൂറിനും പിതാവ് ഋഷി കപൂറിനും ഇടയിൽ പ്രശ്നങ്ങളുണ്ടെന്ന് ഒരു കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. അച്ഛനേക്കാളും അമ്മയോടാണ് തനിക്ക് അടുപ്പമെന്ന് മുമ്പൊരിക്കൽ രൺബീർ തുറന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനുമായി രൺബീറിനുള്ള അകൽച്ച പലപ്പോഴും പൊതുവേദികളിൽ പ്രകടവുമായിരുന്നു. 2020 ലാണ് ഋഷി കപൂർ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു നടൻ.
രൺബീറിന്റെ വിവാഹം കാണാൻ ഋഷി കപൂർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹത്തിന് സാക്ഷിയാകാനോ രൺബീറിന് പിറന്ന മകളെ കാണാനോ ഋഷി കപൂറിന് കഴിഞ്ഞില്ല. കഴിഞ്ഞ വർഷമാണ് രൺബീറും നടി ആലിയ ഭട്ടും വിവാഹിതരായത്. രാഹ എന്ന മകളും താര ദമ്പതികൾക്ക് പിറന്നു.


Click it and Unblock the Notifications











