അന്നവൾ ചെറിയ പെൺകുട്ടിയായിരുന്നു, ഞാനന്നേ അവളെ ശ്രദ്ധിച്ചിരുന്നു; കരീനയെക്കുറിച്ച് സെയ്ഫ് പറഞ്ഞത്
ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന രണ്ട് പേർക്കും പെട്ടെന്ന് തന്നെ സിനിമകളിൽ പേരെടുക്കാനായി. അന്തരിച്ച രാജ് കപൂറിന്റെ കൊച്ചു മകളാണ് കരീന കപൂർ. നടി ശർമിള ടാഗോറിന്റെ മകനാണ് സെയ്ഫ് അലി ഖാൻ.
നായിക നിരയിൽ നിന്നും ചേച്ചി കരിഷ്മ കപൂർ മാറിത്തുടങ്ങിയപ്പോഴാണ് കരീന എന്ന താരത്തിന്റെ ഉദയം. 2000 ൽ റെഫ്യൂജി എന്ന സിനിമയിൽ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച് കൊണ്ട് കരീന സിനിമാ രംഗത്തേക്ക് കടന്ന് വന്നു.

തുടക്ക കാലത്ത് ചമേലിയുൾപ്പെടെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കരീന തെരഞ്ഞെടുത്തെങ്കിലും സിനിമാ ലോകത്തെ മാറ്റങ്ങളും കരിയറിലെ നില നിൽപ്പും പരിഗണിച്ച് സൂപ്പർ സ്റ്റാർ സിനിമകളിലെ പ്രാധാന്യം കുറഞ്ഞ നായികാ വേഷങ്ങൾ കരീന തെരഞ്ഞെടുത്തു.
അത്യന്തികമായി ഒരു സിനിമയുടെ ബോക്സ് ഓഫീസ് വിജയമാണ് എല്ലാവരും ശ്രദ്ധിക്കുന്നതെന്നാണ് കരീന അന്ന് ഇതിന് നൽകിയ വിശദീകരണം. അതേസമയം ഇടയ്ക്കൊക്കെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും കരീനയെ തേടിയെത്തി.

ജബ് വി മെറ്റ്, തലാശ്, കി ആന്റ് കാ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കരീന കാഴ്ച വെച്ചു. പഴയത് പോലെ തിരക്കു പിടിച്ച് കരീനയിപ്പോൾ സിനിമകൾ ചെയ്യുന്നില്ല. ഭർത്താവ് സെയ്ഫിനും മക്കളായ തൈമൂർ, ജഹാംഗീർ എന്നിവർക്കൊപ്പം സമയം ചെലവിടാനാണ് കരീന താൽപര്യപ്പെടുന്നത്. ലാൽ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ.

കരീനയെ പോലെ തന്നെ കരിയറിന് വലിയ പ്രാധാന്യം നൽകുന്ന നടനാണ് സെയ്ഫ് അലി ഖാൻ. വിക്രം വേദയാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2012 ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹം കഴിക്കുന്നത്.
ടഷാൻ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കവെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. മുമ്പൊരിക്കൽ കരീനയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സെയ്ഫ് അലി ഖാൻ സംസാരിച്ചിരുന്നു. കരീനയ്ക്കൊപ്പം ഒരു ഷോയിൽ പങ്കെടുത്തപ്പോഴാണ് സെയ്ഫ് ഇതേപറ്റി സംസാരിച്ചത്.

'ഇവളെ ഞാൻ ആദ്യമായി കാണുന്നത് ഫിൽമിസ്ഥാൻ സ്റ്റുഡിയോയിൽ വെച്ചാണ്. മേക്കപ്പ് റൂമിന് പുറത്ത് ഒരു ചെറിയ പെൺകുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ എന്നെ നോക്കുകയായിരുന്നു. ആരാണതെന്ന് ഞാൻ ചോദിച്ചു. കരിഷ്മ കപൂറിന്റെ അനിയത്തിയാണെന്ന് ആരോ എന്നോട് പറഞ്ഞു. അവൾ വളരെ സുന്ദരിയാണെന്ന് എനിക്ക് തോന്നി'

'അന്ന് മുതലാണ് ഞാനവളോട് ഒരു സോഫ്റ്റ് കോർണർ വെച്ചതെന്ന് തോന്നുന്നു,' സെയ്ഫ് അലി ഖാൻ പറഞ്ഞതിങ്ങനെ. കരീനയേക്കാൾ പതിമൂന്ന് വയസ് കൂടുതലാണ് സെയ്ഫിന്. നടി അമൃത സിംഗായിരുന്നു സെയ്ഫ് അലി ഖാൻ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും സെയ്ഫിനുണ്ട്. സാറ അലി ഖാൻ ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന നായിക നടിയാണ്.


Click it and Unblock the Notifications