കരീനയ്ക്കൊപ്പം ഫോട്ടോഷൂട്ട്; എല്ലാം കണ്ട് ദേഷ്യത്തിൽ സെയ്ഫിന്റെ അന്നത്തെ കാമുകി; തുറന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സെയ്ഫുമായുള്ള വിവാഹത്തിന് ശേഷമാണ് കരീന കരിയറിലെ തിരക്കുകൾ പതിയെ കുറച്ചത്. ജഹാംഗീർ അലി ഖാൻ, തൈമൂർ അലി ഖാൻ എന്നീ രണ്ട് മക്കളുടെ അമ്മയാണിന്ന് കരീന. സെയ്ഫ് അലി ഖാനാകട്ടെ ഇവരുൾപ്പെടെ നാല് മക്കളുടെ അച്ഛനാണ്. മുൻ ഭാര്യ അമൃത സിംഗുമായുള്ള ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കൾ സെയ്ഫിനുണ്ട്.
മക്കൾ നാല് പേരുടെയും കാര്യത്തിൽ സെയ്ഫ് ഒരുപോലെ ശ്രദ്ധ നൽകുന്നു. മൂത്ത മകൾ സാറ അലി ഖാൻ ഇന്ന് ബോളിവുഡിലെ യുവ നടിയാണ്. 2012 ലാണ് കരീന-സെയ്ഫ് വിവാഹം നടന്നത്. തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിനിടെയാണ് കരീന സെയ്ഫുമായി അടുക്കുന്നത്. സെയ്ഫിന്റെ മുൻ ബന്ധങ്ങളൊന്നും കരീന കാര്യമാക്കിയില്ല.

ഇപ്പോഴിതാ പ്രണയത്തിലാകുന്നതിന് ഏറെ നാളുകൾക്ക് മുമ്പ് കരീന കപൂറും സെയ്ഫ് അലി ഖാനും ഒരു ഫോട്ടോഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ദബ്ബൂ രത്നാനി എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ. അന്നത്തെ ഫോട്ടോഷൂട്ടിനിടെ സെയ്ഫ് അലി ഖാന്റെ അപ്പോഴത്തെ കാമുകി അസ്വസ്ഥതയായെന്ന് ദബ്ബൂ രത്നാനി തുറന്ന് പറഞ്ഞു.
അവർ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. സെയ്ഫിന്റെ അന്നത്തെ കാമുകിക്ക് ദേഷ്യം വന്നു. ഷൂട്ടിന്റെ സമയത്ത് അവരവിടെയുണ്ട്. എന്തിനാണ് ഈ ഷൂട്ട്, ഇവർ ഒരുമിച്ച് എന്തിന് ഷൂട്ട് ചെയ്യണം, ഇവർ ഒന്നിച്ച് സിനിമകൾ ചെയ്യുന്നില്ലല്ലോ എന്നൊക്കെ കാമുകി ചോദിച്ചെന്നും ദബ്ബൂ രത്നാനി ഓർത്തു. കരീനയ്ക്കും അന്ന് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നെന്ന് ഇദ്ദേഹം വ്യക്തമാക്കി. കരീനയുടെ കടന്ന് വരവിന് മുമ്പ് സെയ്ഫ് അലി ഖാൻ ഇറ്റാലിയൻ മോഡൽ റോസ കാറ്റലോനയുമായി പ്രണയത്തിലായിരുന്നു.

കരീനയുമായി അഞ്ച് വർഷം ലിവിംഗ് ടുഗെദറിൽ കഴിഞ്ഞ ശേഷമാണ് സെയ്ഫ് നടിയെ വിവാഹം ചെയ്യുന്നത്. കരിയറിൽ തിരക്കേറിയ സമയത്താണ് കരീന വിവാഹിതയാകുന്നത്. വിവാഹം അനുചിതമായ സമയത്താണെന്ന് പലരും ഉപദേശിച്ചെങ്കിലും കരീന ഇതിനൊന്നും ചെവി കൊടുത്തില്ല. വിവാഹം കഴിഞ്ഞും അഭിനയിക്കാൻ നടിf തയ്യാറായി. എന്നാൽ മകൻ പിറന്ന ശേഷം സിനിമാ തിരക്കുകൾ കരീന കുറച്ചു. രണ്ട് കുട്ടികൾക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ കഴിയില്ലെന്ന് കരീന വ്യക്തമാക്കി.
അതേസമയം അമ്മയാകുന്നത് കരിയറിന് തടസമല്ലെന്നും തനിക്കത് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. കരിയറിൽ വിവാദങ്ങളും ഗോസിപ്പുകളും മിക്കപ്പോഴും കരീനയെ തേടി വന്നിട്ടുണ്ട്. ഷാഹിദ് കപൂറുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം വലിയ തോതിൽ ചർച്ചയായിരുന്നു. ഇന്ന് വിവാദങ്ങളിൽ നിന്നെല്ലാം മാറി നിൽക്കാൻ കരീന ശ്രദ്ധിക്കുന്നു.
ജാനേ ജാൻ ആണ് കരീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സെയ്ഫ് അലി ഖാനും കരിയറിൽ കുറച്ച് കാലമായി ഹിറ്റ് സിനിമകൾ ഇല്ല. വലിയ പ്രതീക്ഷയോടെ എത്തിയ വിക്രം വേദ തിയറ്ററിൽ പരാജയപ്പെട്ടു.


Click it and Unblock the Notifications