അവൾക്കത് താങ്ങാൻ പറ്റില്ലെന്ന് സൽമാൻ; ഐശ്വര്യയുടെ ആരോപണത്തിന് നടൻ നൽകിയ മറുപടി
ബോളിവുഡിൽ ഒരു കാലത്ത് ആഘോഷിക്കപ്പെട്ട താര ജോഡിയാണ് ഐശ്വര്യ റായും സൽമാൻ ഖാനും. ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പ്രണയത്തിലായ താരങ്ങൾ ഇക്കാര്യം തുറന്ന് പറയാനും മടിച്ചില്ല. ടോക്സിക് ബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായാണ് സൽമാൻ-ഐശ്വര്യ പ്രണയം ഇന്ന് ജനങ്ങൾ കാണുന്നത്. സൽമാന്റെ ശല്യത്തിൽ സഹികെട്ടാണ് നടി ബന്ധം ഉപേക്ഷിക്കുന്നത്. ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഐശ്വര്യക്ക് നേരിടേണ്ടി വന്നെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഐശ്വര്യ തുറന്ന് പറയുകയും ചെയ്തു. വേർപിരിഞ്ഞത് ഉൾക്കൊള്ളാൻ സൽമാന് കഴിഞ്ഞിട്ടില്ല. എന്നെ വിളിച്ച് അനാവശ്യ കാര്യങ്ങൾ സംസാരിക്കുന്നു. സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചു. എന്നെ ശാരീരികമായി ഉപദ്രവിച്ച സാഹചര്യവും ഉണ്ടായി. ഭാഗ്യത്തിന് പാടുകളൊന്നും വന്നില്ല. ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ സെറ്റിലേക്ക് പോവുകയായിരുന്നെന്നും ഐശ്വര്യ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

വേർപിരിയലിന് ശേഷം മോശം പ്രചരണങ്ങൾ വന്നതോടെ ഐശ്വര്യ പുറത്ത് വിട്ട പ്രസ്താവനയിൽ പിരിഞ്ഞതിന്റെ കാരണം വിശദമായി പറഞ്ഞിട്ടുമുണ്ട്. തന്റെയും കുടുംബത്തിന്റെയും അന്തസിനും ആത്മാഭിമാനത്തിനും വേണ്ടിയാണ് ഈ ബന്ധം ഉപേക്ഷിക്കുന്നതെന്ന് ഐശ്വര്യ വ്യക്തമാക്കി. സൽമാൻ തന്റെ ജീവിതത്തിലെ പേടി സ്വപ്നമാണ്. അത് അവസാനിച്ചതിൽ ദൈവത്തോട് നന്ദിയുണ്ട്.
സൽമാൻ ചെയ്ത തെറ്റുകളിൽ ഞാൻ മൗനം പാലിച്ചപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബവും തുടർച്ചയായ എന്നെ പറ്റി അപവാദങ്ങൾ പറഞ്ഞു. ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടി വന്നു. ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ താൻ ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്നു ഐശ്വര്യ റായ് വ്യക്തമാക്കി.

എന്നാൽ ഐശ്വര്യയുടെ ആരോപണങ്ങൾ സൽമാൻ തള്ളിക്കളയുകയാണുണ്ടായത്. സ്ത്രീകളെ അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സൽമാൻ മുമ്പൊരിക്കൽ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുറേ നാൾ മുമ്പ് ഇതേ ചോദ്യം എന്നോട് ഒരു ജേർണലിസ്റ്റ് ചോദിച്ചിരുന്നു. ഞാനൊരു സ്ത്രീയെ അടിച്ചിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. ഞാൻ ടേബിളിൽ ശക്തമായി അടിച്ചു. അവൻ ഞെട്ടി. ടേബിൾ ഏകേദശം തകർന്നു. ഞാൻ ആരെയെങ്കിലും അടിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഒരു വഴക്കായിരിക്കുമെന്ന് അവനോട് പറഞ്ഞു.
അടിക്കുന്നത് പോട്ടെ, എന്റെ ബെസ്റ്റ് ഷോട്ട് പോലെ അടിക്കുന്നത് അഭിനയിച്ചാലും അവൾക്ക് അതിജീവിക്കാൻ പറ്റില്ല. അതിനാൽ തന്നെ അടിച്ചെന്ന ആരോപണം സത്യമല്ല. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പക്ഷെ അത് വിട്ടേക്കാം എന്നും സൽമാൻ ഖാൻ പറഞ്ഞു.സൽമാന്റെ പഴയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. നിരവധി പേർ നടനെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നു. നടൻ കള്ളം പറയുകയാണെന്ന് ചിലർ ആരോപിച്ചു.
പിരിഞ്ഞ ശേഷം സൽമാനൊപ്പം സിനിമ ചെയ്യാൻ ഐശ്വര്യ തയ്യാറായില്ല. സൽമാനെക്കുറിച്ചുള്ള ചോദ്യങ്ങളും നടി ഇഷ്ടപ്പെടുന്നില്ല. 2007 ലാണ് താരം അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. ആരാധ്യ എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. 58 കാരനായ സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനാണ്. സൽമാനോടുള്ള ദേഷ്യം ഐശ്വര്യക്ക് ഇതുവരെ മാറിയിട്ടില്ലെന്നാണ് ബി ടൗണിലെ സംസാരം. സൽമാനുമായുള്ള ബന്ധം പിരിഞ്ഞ ശേഷം തന്റെ വ്യക്തി ജീവിതത്തിലെ തീരുമാനങ്ങളിൽ താരം കുറേക്കൂടി ശ്രദ്ധ പുലർത്തി.


Click it and Unblock the Notifications











