അച്ഛന്റെ രണ്ടാം വിവാഹം; അമ്മ വേദനിക്കുന്നത് എനിക്ക് സഹിച്ചില്ല; കുടുംബത്തെക്കുറിച്ച് സൽമാൻ ഖാൻ പറഞ്ഞത്
ബോളിവുഡിൽ ബാഡ് ബോയ് ഇമേജിൽ അറിയപ്പെടുന്ന സൽമാൻ 57 വയസിലും പകരം വെക്കാനില്ലാത്ത താരമാണ്. കരിയറിലെ വിജയങ്ങൾക്കൊപ്പം മിക്കപ്പോഴും വിവാദങ്ങളും സൽമാൻ ഖാനെ തേടി വന്നിട്ടുണ്ട്. ബോളിവുഡിൽ ഒരാളുടെ കരിയർ വളർത്താനും ഇല്ലാതാക്കാനുമുള്ള കെൽപ്പ് സൽമാൻ ഖാനുണ്ട്. ഇന്നത്തെ സൂപ്പർ താരമാണെങ്കിലും സൽമാന്റെ ചെറുപ്പകാലം അത്ര സുഖകരമായിരുന്നില്ല. കുടുംബത്തിലെ പ്രശ്നങ്ങൾ നടനെ ബാധിച്ചിരുന്നു. തിരക്കഥാകൃത്തായ അച്ഛൻ സലിം ഖാന് സിനിമാ ലോകത്ത് പ്രതാപകാലവും മോശം കാലവും ഉണ്ടായിട്ടുണ്ട്.
സാമ്പത്തികമായി ഏറെ പ്രതിസന്ധികൾ നേരിട്ട കാലം സലിം ഖാനും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ സലിം ഖാന്റെ രണ്ടാം വിവാഹവും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കി. സുശീല ചരക് എന്നാണ് എന്നാണ് സലിം ഖാന്റെ ആദ്യ ഭാര്യയുടെ പേര്. സലിം കരിയറിൽ ശ്രദ്ധിക്കപ്പെടാത്ത കാലത്താണ് സുശീലയെ വിവാഹം ചെയ്യുന്നത്. സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹൈൽ ഖാൻ, അൽവിര ഖാൻ എന്നീ നാല് മക്കളും ഇവർക്ക് പിറന്നു.

സലിം ഖാൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് രണ്ടാം ഭാര്യ ഹെലന്റെ കടന്ന് വരവ്. പരസ്പരം പ്രണയത്തിലായ സലിമും ഹെലനും വിവാഹിതരായി. ഇത് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കി. അമ്മയുടെ വിഷമം മകൻ സൽമാൻ ഖാന് സഹിക്കാൻ കഴിഞ്ഞില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം അമ്മയാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാൻ അമ്മയുടെ ഓമന മകനാണ്. അമ്മ വിഷമിക്കുന്നത് കാണാൻ എനിക്കാവില്ല.
അച്ഛൻ വീണ്ടും വിവാഹം ചെയ്തത് അമ്മയെ വേദനിപ്പിച്ചു. അച്ഛൻ വീട്ടിലേക്ക് വരാൻ അമ്മ കാത്തിരിക്കുന്നത് താൻ വെറുത്തിരുന്നെന്നും സൽമാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. സലിം ഖാന്റെ കുടുംബ ജീവിതതത്തിൽ താൻ കാരണം പ്രശ്നങ്ങളുണ്ടാകുന്നു എന്ന തോന്നൽ രണ്ടാം ഭാര്യ ഹെലനുമുണ്ടായി. ഇക്കാര്യത്തിൽ തനിക്ക് കുറ്റബോധം തോന്നിയിരുന്നെന്ന് ഒരിക്കൽ ഹെലൻ തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമാ രംഗത്തെ മറ്റ് പുരുഷൻമാരിൽ നിന്നും സലിം ഖാനെ വ്യത്യസ്തമാക്കുന്ന എന്തോ ഒന്നുണ്ടായിരുന്നു. തന്നെ ദുരുപയോഗം ചെയ്യാതെ സഹായിച്ചതിനാൽ സലിം ഖാനോട് തനിക്ക് വളരെ ബഹുമാനമുണ്ടായിരുന്നെന്നും ഹെലൻ അന്ന് വ്യക്തമാക്കി. എന്നാൽ രണ്ടാം വിവാഹം മൂലമുള്ള പ്രശ്നങ്ങളെല്ലാം കുറച്ച് നാളുകൾക്കുള്ളിൽ അവസാനിച്ചു. ആദ്യ ഭാര്യയോടും മക്കളോടുമുള്ള സലിം ഖാന്റെ കരുതലിൽ മാറ്റം വന്നില്ല.
രണ്ടാം ഭാര്യയെ സലിം ഖാൻ കുടുംബത്തിന് പരിചയപ്പെടുത്തി. അമ്മയെ പോലെ ഹെലനെയും ബഹുമാനിക്കണമെന്ന് മക്കളോട് പറഞ്ഞു. അമ്മയെ പോലെ കാണില്ലെന്ന് അറിയാമെങ്കിലും അവരും കുടുംബത്തിന്റെ ഭാഗമാണമെന്ന് ഉൾക്കൊള്ളാൻ മക്കളെ ഉപദേശിച്ചു. പിന്നീട് ഏവരും സന്തോഷകരമായി ജീവിക്കുകയും ചെയ്തു.
45ാം വയസിലാണ് സലിം ഖാൻ ഹെലനെ വിവാഹം ചെയ്യുന്നത്. അന്ന് ഹെലന് പ്രായം 42 ഉം. അർപിത ഖാൻ എന്ന മകളെ ഇവർ ദത്തെടുക്കുകയും ചെയ്തു. ഹെലനെ ആന്റി എന്നാണ് സൽമാനും സഹോദരങ്ങളും വിളിക്കുന്നത്. കുടുംബത്തിലെ ആഘോഷങ്ങൾക്ക് ഇവരെല്ലാം ഒത്തു ചേരാറുണ്ട്.


Click it and Unblock the Notifications