96 കിലോ ഭാരം, ഹോർമോൺ പ്രശ്നങ്ങൾ; അമ്മയുൾപ്പെടെ ആശങ്കപ്പെട്ടു; വണ്ണം കുറച്ചതിനെക്കുറിച്ച് സാറ
ബോളിവുഡിൽ ഇന്ന് മുൻ നിരയിലേക്ക് കുതിക്കുന്ന നായിക നടിയാണ് സാറ അലി ഖാൻ. സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറയ്ക്ക് സിനിമാ രംഗത്തേക്കുള്ള പ്രവേശനം താരതമ്യേന എളുപ്പമായിരുന്നു. സാറ അലി ഖാൻ, ജാൻവി കപൂർ, അനന്യ പാണ്ഡെ എന്നീ താരപുത്രിമാർക്ക് വളരെ പെട്ടെന്ന് ലഭിച്ച പ്രശസ്തി ഇപ്പോഴും ചർച്ചാ വിഷയമാണ്. ബോളിവുഡിന്റെ നോപ്പോട്ടിസം കാരണമാണ് ഇവർക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നതെന്ന് വിമർശനമുണ്ട്.
ഇതിന്റെ പേരിൽ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സോഷ്യൽ മീഡിയയിലൂടെ മൂവർക്കും നേരിടേണ്ടി വരാറുണ്ട്. എന്നാൽ സാറ അലി ഖാന് താരതമ്യേന ഹേറ്റേഴ്സിന്റെ എണ്ണം കുറവാണ്. ഇതിന് പ്രധാനം കാരണം നടി കുറേക്കൂടി സാധാരണക്കാരിയെ പോലെ പെരുമാറുന്നു എന്നതാണ്. മാത്രമല്ല ബോളിവുഡിലേക്കുള്ള പ്രവേശനത്തിനായി സാറ എടുത്ത പരിശ്രമം ചെറുതല്ല. അമിത വണ്ണം സാറയെ വലച്ചിരുന്നു.

96 കിലോയിൽ 53 കിലോയിലേക്ക് നടി ശരീര ഭാരം കുറച്ചു. ഇന്ന് സൂപ്പർ മോഡലിന്റെ ഫിറ്റ്നെസ് സാറയ്ക്കുണ്ട്. തന്റെ വണ്ണം കുറച്ചതിനെക്കുറിച്ച് സാറ അലി ഖാൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഫിലിം മേക്കർ കരൺ ജോഹറാണ് തന്നെ വണ്ണം കുറയ്ക്കാൻ പ്രേരിപ്പതെന്ന് സാറ പറയുന്നു. അദ്ദേഹം എനിക്കൊരു സിനിമ ഓഫർ ചെയ്തു.
പക്ഷെ അതിനായി വണ്ണം കുറയ്ക്കണമെന്നും പറഞ്ഞു. 45 കിലോയോളം ഞാൻ കുറച്ചു. 96 കിലോയായിരുന്നു എന്റെ ഭാരം. അത് 53 കിലോയിലേക്ക് എത്തിച്ചെന്നും സാറ അലി ഖാൻ വ്യക്തമാക്കി. ശരീരഭാരം കൂടാൻ കാരണമായ ഭക്ഷണങ്ങളെക്കുറിച്ചും താരപുത്രി സംസാരിച്ചു.

പിസ, ബർഗർ തുടങ്ങിയവയെല്ലാം ധാരാളം കഴിച്ചു. താൻ വല്ലാതെ തടിച്ചിട്ടാണെന്ന് സ്വയം തിരിച്ചറിഞ്ഞു. അതൊരിക്കലും ആരോഗ്യകരമായിരുന്നില്ല. ഹോർമോണലായി എന്നെ അത് ബാധിച്ചു. ഇപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്.
അമിത വണ്ണമുള്ളവർ ഭക്ഷണ ക്രമം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൂടെ രൂപത്തെ മാത്രമല്ല അത് ബാധിക്കുന്നത്. ഹോർമോണുകളെയും ബാധിക്കും. തനിക്ക് വണ്ണമുണ്ടായിരുന്നപ്പോൾ അമ്മ അമൃത സിംഗ് ആശങ്കപ്പെട്ടിരുന്നെന്നും സാറ അലി ഖാൻ തുറന്ന് പറഞ്ഞു. പിസ കഴിക്കുന്നതിന് എനിക്ക് കുഴപ്പമില്ല, പക്ഷെ നീ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാത്തത് ആശങ്കയുണ്ടാക്കുന്നെന്നാണ് അമ്മ പറഞ്ഞത്.
എനിക്ക് നല്ല നാളെകളില്ല, ഇന്ന് നല്ല ഭക്ഷണം കഴിക്കാം എന്നാണ് അന്ന് താൻ കരുതിയതെന്നും സാറ ഓർത്തു. 2018 ൽ കേദർനാഥ് എന്ന സിനിമയിലൂടെയാണ് സാറ അലി ഖാൻ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത് ആയിരുന്നു ചിത്രത്തിലെ നായകൻ. ആ വർഷം തന്നെ സിംബ എന്ന ചിത്രവും പുറത്തിറങ്ങി. ലവ് ആജ് കൽ, കൂലി നമ്പർ വൺ, അത്രംഗി രെ തുടങ്ങിയ സിനിമകളിൽ നടി നായികയായെത്തി.
സെയ്ഫിന്റെയും അമൃതയുടെയും മൂത്ത മകളാണ് സാറ അലി ഖാൻ. ഇബ്രാഹിം അലി ഖാൻ എന്നാണ് ഇളയ മകന്റെ പേര്. 2004 ലാണ് സെയ്ഫും അമൃത സിംഗും വേർപിരിയുന്നത്. കരീന കപൂറാണ് സെയ്ഫ് അലി ഖാന്റെ ഇപ്പോഴത്തെ ഭാര്യ. ഇരുവർക്കും തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications











