ജീവിതമില്ലെന്ന് തോന്നും, ശ്രീദേവി സ്ക്രീനിൽ കാണുന്നത് പോലെയായിരുന്നില്ല; ശബാന ആസ്മിയുടെ വാക്കുകൾ
ഇന്ത്യൻ സിനിമയിലെ വിസ്മയമായിരുന്നു അന്തരിച്ച നടി ശ്രീദേവി. വശ്യ സൗന്ദര്യവും ഭാവങ്ങളും കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിച്ച നടി. കരിയറിൽ ശ്രീദേവിക്ക് ഖ്യാതികൾ ഏറെയാണ്. ആദ്യമായി ഇന്ത്യയിൽ ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നായിക നടി ശ്രീദേവിയാണ്. ശ്രീദേവിയുടെ കോൾഷീറ്റിന് പ്രൊഡ്യൂസർമാർ കാത്തിരുന്ന കാലമുണ്ടായിരുന്നു. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന ശേഷമാണ് ശ്രീദേവിയുടെ താരമൂല്യം കുതിച്ചുയർന്നത്.
ഹിന്ദി സിനിമകളിൽ മികച്ച അവസരങ്ങൾ ശ്രീദേവിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ സൂപ്പർതാരങ്ങളായ നടൻമാരോട് ഒപ്പത്തിനൊപ്പം താരമൂല്യം ശ്രീദേവിക്കുണ്ടായിരുന്നു. എന്നാൽ ബിഗ് സ്ക്രീനിലെ വിസ്മയിപ്പിക്കുന്ന കണ്ണുകളും ഭാവങ്ങളുമായിരുന്നില്ല യഥാർത്ഥ ജീവിതത്തിൽ ശ്രീദേവിക്ക്. അന്തർമുഖയായ ശ്രീദേവി അധികമാരോടും സംസാരിക്കാറില്ലായിരുന്നു. താരമായി ആഹ്ലാദിച്ച്, ആഘോഷിച്ച് കഴിയുന്ന ശ്രീദേവിയെ സഹപ്രവർത്തകർ കണ്ടിട്ടില്ല.

മിക്കപ്പോഴും ദുഖഭാവമായിരുന്നു ശ്രീദേവിക്ക്. ഇതേക്കുറിച്ച് ഒരിക്കൽ നടി ശബാന ആസ്മി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശ്രീദേവിയുടെ കഴിവ് എനിക്കില്ല. ശ്രീദേവി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ അവരെ കാണുമ്പോൾ ഇവരുടെ ഉള്ളിൽ ജീവിതം ഇല്ലെന്ന് തോന്നും. ഒന്നും മിണ്ടാതെ ഇരിക്കും. എന്നാൽ സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറയുമ്പോൾ അവൾ പൂർണമായും മാറും. തിളക്കമുള്ള ഊർജ്വസ്വലയായ കഥാപാത്രമായി മാറും. കട്ട് പറഞ്ഞാൽ വീണ്ടും പഴയത് പോലെയാകുമെന്നാണ് ശബാന ആസ്മി പറഞ്ഞത്.
അഭിമുഖം വീണ്ടും വൈറലായിരിക്കെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഓഫ് സ്ക്രീനിൽ ശ്രീദേവി ശബാന പറഞ്ഞത് പോലെയായിരുന്നെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഒരുപക്ഷെ ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി ത്യാഗം ചെയ്ത് റോബോട്ട് പോലെയായതായിരിക്കാമെന്ന് ആരാധകർ പറയുന്നു.

ഇത് സത്യമാണെന്ന് ഞാൻ കരുതുന്നു. ഒരിക്കൽ ഞങ്ങൾ ഹൈദരബാദിലെ താജ് കൃഷ്ണയിൽ വെച്ച് കണ്ടു. മുഴുവൻ കുടുംബവുമുണ്ടായിരുന്നു. ശ്രീദേവി ഒന്നും സംസാരിച്ചില്ല. ഐസ് പോലെ ഇരുന്നു. ഒരു ഇമോഷനുമില്ല. ഞങ്ങൾക്കത് വിശ്വസിക്കാനായില്ല. ഒരുപക്ഷെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരിക്കും ശ്രീദേവിയെന്നാണ് ഒരാളുടെ കമന്റ്.
ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും ഈ സ്വഭാവത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിക്കാലത്ത് സിനിമയിലേക്ക് വന്ന ശ്രീദേവിക്ക് സാധാരണ കുട്ടികളെ പോലെയുള്ള ബാല്യകാലം കിട്ടിയിട്ടില്ല. ക്യാമറയ്ക്ക് മുന്നിലായിരുന്നു ശ്രീദേവിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും.
പ്രണയബന്ധങ്ങളിലുണ്ടായ പ്രശ്നം, അമ്മയുടെ വേർപാട്, സഹോദരിമായുണ്ടായ അകൽച്ച, ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം വന്ന കുറ്റപ്പെടുത്തൽ തുടങ്ങിയവയല്ലൊം ശ്രീദേവിയെ ബാധിച്ചിരുന്നെന്ന് ആരാധകർ പറയുന്നു. ബോണി കപൂറിന്റെ ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് നിർമാതാവ് ശ്രീദേവിയുമായി അടുക്കുന്നത്.
മോണ കപൂർ എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്. ശ്രീദേവിക്കൊപ്പം ജീവിക്കാൻ ബോണി കപൂർ തീരുമാനിച്ചത് മോണ കപൂറിനെ ഏറെ ബാധിച്ചു. അക്കാലത്ത് മോണ കപൂറും ശ്രീദേവിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. 2018 ലാണ് ശ്രീദേവി മരിച്ചത്.


Click it and Unblock the Notifications