'നിങ്ങൾ കുറച്ച് ഓവറാണ്'; ഇഷ്ടം ആമിർ ഖാന്റെ അഭിനയമെന്ന് ഷാരൂഖിനോട് പറഞ്ഞ ഭാര്യ ഗൗരി
ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടൻമാരിലാെരാണ് ഷാരൂഖ്. അഞ്ച് വർഷമായി ഇദ്ദേഹത്തിന്റെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. പക്ഷെ എന്നിട്ടും ഷാരൂഖിന്റെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് ഇദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണ ചൂണ്ടിക്കാണിക്കുന്നത്. മികച്ച നടനോടൊപ്പം തന്നെ ഒരു സെലിബ്രറ്റിയെന്ന നിലയിൽ ഷാരൂഖിനുള്ള വാക്ചാതുര്യവും നടനെ വേറിട്ട് നിർത്തുന്നു.

1992 ൽ ദീവാന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഷാരൂഖ് തുടങ്ങിയ സിനിമാ ജീവിതം മുപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ നടൻ ബോളിവിഡിൽ സൃഷ്ടിച്ച ഹിറ്റുകൾ ഏറെയാണ്.
ദിൽ വാലേ ദുൽ ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ, ചക് ദേ ഇന്ത്യ, കഭീ ഖുശി കഭീ ഖം, മൈം നേം ഈസ് ഖാൻ, ഓം ശാന്തി ഓം, റബ് നേ ബാനാ ദി ജോഡി, ചെന്നെെ എക്സ്പ്രസ് തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര തന്നെ ഷാരൂഖിന് അവകാശപ്പെടാനുണ്ട്. ഇന്ത്യയൊട്ടാകെ ഷാരൂഖ് തരംഗം ആഞ്ഞടിച്ച ഒരു കാലഘട്ടവും ഉണ്ടായിരുന്നു.
എന്നാൽ ഇന്ത്യ മുഴുവൻ ആഘോഷിക്കപ്പെടുന്ന നടനായപ്പോഴും ഭാര്യ ഗൗരി ഖാന് താരത്തിന്റെ അഭിനയത്തെ പറ്റി വലിയ മതിപ്പില്ലായിരുന്നത്ര. വർഷങ്ങൾക്ക് മുമ്പ് ആപ് കി അദാലത്ത് എന്ന അഭിമുഖ പരിപാടിയിൽ ഷാരൂഖ് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഷാരൂഖിന്റെ അഭിനയം പോരെന്ന ഗൗരിയുടെ വാക്കുകൾ ചൂണ്ടിക്കാണിച്ച് പരിപാടിയിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'അതെ എന്റെ ഭാര്യക്ക് സഞ്ജയ് ദത്തിന്റെയും ആമിർ ഖാന്റെയും അഭിനയമാണ് ഇഷ്ടം. ഞാൻ കുറച്ച് അമിതമായി അഭിനയിക്കുന്നതായി അവൾക്ക് തോന്നുന്നു. കൈകൾ, കാലുകൾ, മൂക്ക്, കണ്ണുകൾ എന്നിവ ഞാൻ വല്ലാതെ ചലിപ്പിക്കുന്നുണ്ടെന്നാണ് അവൾ പറയുന്നത്,' ഷാരൂഖ് ഖാൻ പറഞ്ഞു.

ഷാരൂഖിന് ഭാര്യയെ പേടിയാണെന്നും അതുകൊണ്ട് ദിവസവും എട്ട് തവണയോളം അവരെ ഫോണിൽ വിളിക്കുമെന്നാണല്ലോ പറഞ്ഞു കേൾക്കുന്നതെന്നായി അടുത്ത ചോദ്യം. ഇതിനും നടൻ ചിരിച്ച് കൊണ്ട് മറുപടി നൽകി. 'ഫോണും ഭയവും തമ്മിൽ എന്താണ് ബന്ധം? ഞാനെപ്പോൾ അവളെ പറ്റി ആലോചിക്കുന്നോ അപ്പോൾ വിളിക്കും.
ഓരോ അഞ്ച് മിനുട്ടിലും ഓർക്കുന്നുണ്ടെങ്കിൽ അപ്പോഴെല്ലാം വിളിക്കും. അഞ്ച് മണിക്കൂർ ഇടവിട്ടാണെങ്കിൽ അപ്പോഴും വിളിക്കും. ഞാൻ അഞ്ച് മിനുട്ടിടവിട്ട് മറ്റൊരാളുടെ ഭാര്യയെയല്ല വിളിക്കുന്നത് എന്നതിനാൽ അത് കുഴപ്പമില്ലെന്ന് കരുതുന്നു,' ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ മറുപടി പരിപാടിയുലാകെ ചിരി പടർത്തി.
Recommended Video

ഷാരൂഖുൾപ്പെടെയുള്ള മുൻ നിര നായകൻമാരുടെ ഭാര്യമാർ ഭർത്താക്കൻമാരെ വലിയ തോതിൽ നിയന്ത്രിക്കുന്നവരാണെന്ന് ഒരു കാലത്ത് സംസാരമുണ്ടായിരുന്നു. നടിമാരുമായി പറഞ്ഞു കേൾക്കുന്ന ഗോസിപ്പുകളിൽ ഇവർക്ക് ആശങ്കയുണ്ടായിരുന്നെന്നും ഭർത്താവിന്റെ സിനിമകളിലെ നായികമാരെ മാറ്റാൻ പോലും ഇവർ ആവശ്യപ്പെടാറുണ്ടെന്ന് പോലും ഗോസിപ്പ് കോളങ്ങളിൽ വാർത്ത വരാറുണ്ടായിരുന്നു.
ഷാരൂഖുമായി പതിവിൽ കവിഞ്ഞ് അടുത്ത നടി പ്രിയങ്ക ചോപ്രയോടൊപ്പം അഭിനയിക്കുന്നതിൽ നിന്ന് ഗൗരി ഖാൻ ഷാരൂഖ് ഖാനെ വിലക്കുകയും ചെയ്തെന്നാണ് ബി ടൗണിലെ മുൻകാല ഗോസിപ്പ്. ഡോൺ 2 എന്ന ചിത്രത്തിന് ശേഷം പ്രിയങ്കയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുമില്ല.


Click it and Unblock the Notifications











