ജീവിച്ചിരുന്നപ്പോൾ മാതാപിതാക്കളോട് ഇഷ്ട്ടം പറയാത്തതിൽ പശ്ചാത്തപിച്ച് ഷാരൂഖ് ഖാൻ
ബോളിവുഡിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. യാതൊരു സിനിമ ബന്ധവും ഇല്ലാത്ത ഒരു സാധാരണ കുടുംബത്തിൽ പിറന്ന ഷാരൂഖ് സ്വന്തം കഠിനപ്രയത്നം കൊണ്ട് ബോളിവുഡിന്റെ കിംഗ് ഖാനായി മാറുകയായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മീർ താജ് മുഹമ്മദ് ഖാന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി 1965 നവംബർ 2-നാണ് ഷാരൂഖ് ജനിച്ചത്. തന്റെ മാതാപിതാക്കളോട് അതിയായ സ്നേഹവും ബഹുമാനവും വച്ചുപുലർത്തിയിരുന്ന ആളായിരുന്നു ഷാരൂഖ്.
നിരവധി ടോക്ക് ഷോകളിലും അഭിമുഖങ്ങളിലും ഷാരൂഖ് തന്റെ കുടുംബത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. തന്റെ മാതാപിതാക്കളോടുള്ള താരത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്ന ഒരു പഴയ വിഡിയോ ക്ലിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒരു റിയാലിറ്റി ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.

ദസ് കാ ദം സീസൺ 3-ന്റെ മൂന്നാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിൽ നിന്നുള്ളതാണ് വീഡിയോ ക്ലിപ്പ്.
2018-ൽ സംപ്രേക്ഷണം ചെയ്ത ഈ പരിപാടിയിൽ എസ് ആർ കെ യും റാണി മുഖർജിയും പ്രത്യേക അതിഥികളായിരുന്നു.
നമ്മുടെ മാതാപിതാക്കളോട് സ്നേഹം കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഷാരൂഖ് ഖാൻ സൽമാൻ ഖാനോടും റാണി മുഖർജിയോടും പറഞ്ഞത്.
"ഞാൻ മൂന്ന് കുട്ടികളുടെ പിതാവാണ്, എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾ മാസത്തിലൊരിക്കൽ അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കൽ അതുമല്ലെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ മക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്ന് പറയും എന്ന് ആഗ്രഹിക്കും.
എന്റെ മാതാപിതാക്കൾ മരിച്ചതിന് ശേഷം, ഞാൻ അവരോട് കുറച്ച് തവണ കൂടി ഞാൻ അവരെ സ്നേഹിക്കുന്നുവെന്ന് പറയേണ്ടിയിരുന്നതായി തോന്നി"

ഷാരൂഖിന്റെ പിതാവ് താജ് മുഹമ്മദ് ഖാൻ പെഷവാറിൽ നിന്നാണ് ഇന്ത്യയിലെത്തിയത്. നടന് 15 വയസ്സുള്ളപ്പോൾ ക്യാൻസർ ബാധിച്ച് അദ്ദേഹം മരിച്ചു.
1990-ൽ ഷാരൂഖിന്റെ അമ്മ ലത്തീഫ് ഫാത്തിമ ഖാനും ദീർഘനാളത്തെ അസുഖത്തിന് ഒടുവി മരണത്തിന് കീഴടങ്ങി.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്.
"മതപിതാക്കൾ രണ്ടുപേരും കുട്ടികൾക്ക് ശരിക്കും പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ ഇരുവരും ഉണ്ടെങ്കിൽ അത് ദൈവത്തിന്റെ മഹത്തായ ദാനമാണ്.
എനിക്ക് എന്റെ മാതാപിതാക്കളെ വളരെ നേരത്തെ തന്നെ നഷ്ടപ്പെട്ടു, അതിനാൽ മറ്റുള്ളവരുടെ മാതാപിതാക്കൾക്ക് ഞാൻ വളരെയധികം പ്രാധാന്യം നൽകുന്നു.
അച്ഛനാണ് അമ്മയേക്കാൾ കൂടുതൽ പ്രധാനമെന്ന് പറഞ്ഞ് ഞാൻ എന്റെ ഭാര്യയോട് വഴക്കിടാറുണ്ട്, പക്ഷേ അത് ഞാൻ ഒരു പിതാവായതുകൊണ്ട് മാത്രം പറയുന്നതാണെന്ന് ഞാൻ ഊഹിക്കുന്നു.
ഒരു പിതാവ് എപ്പോഴും തന്റെ കുട്ടിയുടെ രക്ഷാധികാരി,രക്ഷകർത്താവ് എല്ലാം ആയിരിക്കണം എന്നാൽ ഏറ്റവും പ്രധാനമായി, ഒരു നല്ല സുഹൃത്തായിരിക്കണം.
എന്റെ പിതാവിന്റെ കണിശത, നന്മ, വിദ്യാഭ്യാസം അല്ലെങ്കിൽ അദ്ദേഹം എനിക്ക് നൽകിയ എല്ലാ ആദർശങ്ങളേക്കാളും കൂടുതൽ എനിക്ക് നഷ്ടമാകുന്നത് ആദ്ദേഹത്തിന്റെ സൗഹൃദമാണ്." കിംഗ് ഖാൻ വ്യക്തമാക്കി.

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം പത്താൻ 2023 ജനുവരി 25ന് തീയേറ്ററുകളിൽ എത്താനിരിക്കുകയാണ്.
ചിത്രത്തിൽ ഷാറൂഖ് ഖാന് പുറമെ ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ സൽമാൻ ഖാൻ കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകളുമുണ്ട്.
ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോയിൽ ഷാറൂഖ് ഖാന്റെ രൂപമാറ്റം വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴും സസ്പെൻസായി തന്നെ അത് നിലനിർത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.


Click it and Unblock the Notifications