സുഹൃത്തുക്കളുടെ പന്തയം; പ്രണയം നടിച്ചു; അവന്റെ ചതി മനസിലാക്കിയപ്പോൾ; ശിൽപ്പ ഷെട്ടി പറഞ്ഞത്
ബോളിവുഡിൽ ഭാഗ്യം തുണയ്ക്കാത്ത നടിയായാണ് ഒരു ഘട്ടത്തിൽ ശിൽപ്പ ഷെട്ടി അറിയപ്പെട്ടത്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന നടിയായിട്ടും വേണ്ടത്ര അവസരങ്ങൾ ശിൽപ്പയെ തേടി വന്നില്ല. എന്നാൽ സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന ബ്രിട്ടീഷ് ഷോയിൽ പങ്കെടുത്ത ശേഷം ശിൽപ്പ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമായി. നടിയെ തേടി തുടരെ അവസരങ്ങളും വന്നു. വിവാദങ്ങളും ഗോസിപ്പുകളും ശിൽപ്പയെ തേടി തുടരെ വന്നിരുന്നു. സെലിബ്രിറ്റി ബിഗ് ബ്രദർ ഷോയിൽ വംശീയമായ അധിക്ഷേപങ്ങൾ ശിൽപ്പയ്ക്കെതിരെ വന്നു. അന്ന് വലിയ തോതിൽ ഈ സംഭവം ചർച്ചയായി.
പിന്നീട് അമേരിക്കൻ നടൻ റിച്ചാർഡ് ഗെർ ശിൽപ്പയെ പൊതുവേദിയിൽ ചുംബിച്ചതാണ് വലിയ തോതിൽ വിവാദമായത്. 2007 ൽ എയ്ഡ്സ് ബോധവൽക്കരണ ഇവന്റിൽ വെച്ചാണ് ശിൽപ്പയെ റിച്ചാർഡ് ചുംബിച്ചത്. ഇന്ത്യയിലെ ചില സംഘടനകൾ ശിൽപ്പയ്ക്കെതിരെ ഇതിന്റെ പേരിൽ പ്രതിഷേധ റാലികൾ വരെ നടത്തി. ശിൽപ്പയെയും റിച്ചാർഡിനെയും അറസ്റ്റ് ചെയ്യണമെന്ന് വരെ ആവശ്യമുയർന്നു. എന്നാൽ കേസ് സുപ്രീം കോടതി തള്ളുകയാണുണ്ടായത്.

വിവാദങ്ങളിലെല്ലാം തളരാതെ പിടിച്ച് നിൽക്കാൻ ശിൽപ്പയ്ക്ക് കഴിഞ്ഞു. പ്രണയത്തകർച്ചയാണ് ശിൽപ്പയെ പിടിച്ചുലച്ച സംഭവം. അക്ഷയ് കുമാറുമായി ശിൽപ പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം ബ്രേക്കപ്പിൽ അവസാനിച്ചു. മാനസികമായി താൻ തകർന്ന് പോയ ഘട്ടമായിരുന്നു അതെന്ന് ശിൽപ്പ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ശിൽപ്പയുടെ മനസ് വേദനിപ്പിച്ച മറ്റൊരു പ്രണയബന്ധവും ഉണ്ടായിട്ടുണ്ട്.
ചെറുപ്പകാലത്തുണ്ടായ പ്രണയം പക്ഷെ ശിൽപ്പയ്ക്ക് നിരാശയാണ് നൽകിയത്. പന്തയത്തിന്റെ പുറത്ത് ഒരു പയ്യൻ ശിൽപ്പയുമായി പ്രണയം നടിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കൾ ആ പയ്യനുമായി പന്തയം വെച്ചു. ഞാനുമായി പ്രണയത്തിലാകുന്നതായിരുന്നു പന്തയം. കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നാം. പക്ഷെ സത്യമാണ്. പിന്നീട് ആ കാമുകൻ താനുമായി ബ്രേക്കപ്പായി. കാരണം അവന്റെ ലക്ഷ്യം പന്തയത്തിൽ ജയിക്കുക മാത്രമായിരുന്നു.

ഞാൻ വിഷാദത്തിലായെന്ന് പറയാൻ പറ്റില്ല, പക്ഷെ കുറച്ച് നാൾ തന്നെ അത് വേദനിപ്പിച്ചിരുന്നെന്നും ശിൽപ്പ ഷെട്ടി അന്ന് തുറന്ന് പറഞ്ഞു. അക്ഷയ് കുമാറുമായുള്ള ബന്ധത്തിലും ശിൽപ്പ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അക്ഷയ് തന്നെ ഉപയോഗിച്ചു. മറ്റൊരാളെ കണ്ടപ്പോൾ തന്നെ ഉപേക്ഷിച്ചു. അയാൾക്ക് അതിന് തിരിച്ചടി കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭൂതകാലം മറക്കുക എളുപ്പമല്ല.
പക്ഷെ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായതിൽ സന്തോഷമുണ്ട്. ഇന്ന് എന്നെ സംബന്ധിച്ച് അവൻ മറന്ന് പോയ അധ്യായമാണ്. ഇനി ഒരിക്കലും അക്ഷയ് കുമാറിനൊപ്പം താൻ പ്രവർത്തിക്കില്ലെന്നും ശിൽപ്പ ഷെട്ടി അന്ന് തുറന്നടിച്ചു. ദഡ്കൻ എന്ന സിനിമ ചെയ്യുമ്പോഴാണ് അക്ഷയ് തന്നെ വഞ്ചിക്കുകയാണെന്ന് ശിൽപ്പ മനസിലാക്കുന്നത്.
വൈകാതെ നടി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. നടി ട്വിങ്കിൾ ഖന്നയെയാണ് അക്ഷയ് കുമാർ വിവാഹം ചെയ്തത്. ശിൽപ്പ ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം ചെയ്തു. 2009 ലായിരുന്നു ശിൽപ്പ-രാജ് കുന്ദ്ര വിവാഹം. സിനിമകളിൽ സജീവമല്ലെങ്കിലും ഫാഷൻ ലോകത്തെ പ്രമുഖ സാന്നിധ്യമാണ് ഇന്ന് ശിൽപ്പ ഷെട്ടി.


Click it and Unblock the Notifications