അഭിഷേകിന് അമ്മയേക്കാൾ പേടി ഐശ്വര്യയെ ആണെന്ന് സഹോദരി; ബച്ചൻ കുടുംബകലഹം പരസ്യമായപ്പോൾ
പ്രശസ്ത ബോളിവുഡ് താര ദമ്പതികളായ ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ജീവിതം കുറച്ചു കാലമായി ഗോസിപ്പുകളുടെ ഇരയായിക്കൊണ്ടിരിക്കുകയാണ്. അംബാനി കുടുംബത്തിൽ കഴിഞ്ഞ വർഷം നടന്ന അനന്തിന്റെയും രാധികയുടെയും വിവാഹാഘോഷങ്ങളിൽ ഐശ്വര്യയും മകൾ ആരാധ്യയും ബച്ചൻ കുടുംബത്തോടൊപ്പം എത്താതിരുന്നതാണ് എല്ലാത്തിന്റെയും തുടക്കം. പിന്നീട്, മരുമകളെയും പേരകുട്ടിയെയും അമിതാഭ് ബച്ചനും, ഭാര്യ ജയയും, മകൾ ശ്വേതയും അവഗണിച്ചതും വാർത്തയായി.
ഇതിനിടെ, ബച്ചൻ കുടുംബത്തിലെ കലഹത്തെ കുറിച്ചും, അഭിഷേക് ബച്ചന്റെ കുടുംബത്തിൽ നിന്നും ഐശ്വര്യ മാറി താമസിക്കുന്നതിന് കാരണം ജയാ ബച്ചനും മകൾ ശ്വേതയും ആണെന്നതിനെ കുറിച്ചും ഗോസിപ്പുകൾ വന്നു തുടങ്ങി. ഇതിനിടെ, നടിയുടെ ആരാധകർ ശ്വേത ബച്ചൻ ഐശ്വര്യയെ കുറിച്ച് പരിഹാസ പൂർവ്വം സംസാരിക്കുന്ന കോഫി വിത്ത് കരൺ പരിപാടിയിലെ വിഡിയോകളും, ഈ വാദങ്ങൾക്ക് കൂടുതൽ ഗൗരവം നൽകി തുടങ്ങി.

പാപ്പരാസികളോടും ആരാധകരോടും അവരുടെ മോശം പെരുമാറ്റത്തിന് ദേഷ്യപ്പെടുന്ന വീഡിയോകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് ജയാ ബച്ചൻ. എന്നാൽ ബച്ചൻ കുടുംബത്തിൽ ആരെയാണ് ഏറ്റവും കൂടുതൽ ഭയമെന്ന് സീനിയർ നടിയുടെ മകൻ അഭിഷേകിനോട് ചോദിച്ചാൽ, ഉത്തരം മറ്റൊരാളുടെ പേരായിരിക്കും എന്നാണ് സഹോദരി ശ്വേത ബച്ചൻ പറഞ്ഞത്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ അഭിഷേക് ബച്ചനും സഹോദരി ശ്വേതയും പങ്കെടുത്ത ഒരു പഴയ വീഡിയോയിലെ സംഭാഷണങ്ങൾ, ഇപ്പോൾ വീണ്ടും വൈറലാണ്. പരിപാടിയുടെ റാപ്പിഡ് ഫയർ റൗണ്ടിൽ കരൺ ജോഹർ അഭിഷേകിനോട് ചോദിച്ചു, "നിങ്ങൾക്ക് ആരെയാണ് കൂടുതൽ ഭയം, ഭാര്യയെയോ അമ്മയെയോ?"
അഭിഷേക് തനിക്ക് അമ്മയെയാണ് ഭയം എന്ന് മറുപടി നൽകിയപ്പോൾ, സഹോദരി ശ്വേത ഉടൻ തന്നെ "ഭാര്യയെ!" എന്ന് പറഞ്ഞു. ഇതിൽ തമാശരൂപേണ ദേഷ്യപ്പെട്ട അഭിഷേക്, "ഇത് എനിക്കുള്ള ചോദ്യമാണ്, ഒന്ന് മിണ്ടാതിരിക്കൂ" എന്ന് ശ്വേതയോട് പറഞ്ഞു. ഇത് കേട്ട് അവതാരകൻ കരൺ ജോഹർ ചിരിച്ചു. എന്നാൽ, ഐശ്വര്യയുടെ ആരാധകർ പറയുന്നത്, അഭിഷേകും ശ്വേതയും പങ്കെടുത്ത എപ്പിസോഡ് പരിശോധിച്ചാൽ, സൂപ്പർ താരത്തിന്റെ മകൾക്ക് തന്റെ സഹോദരന്റെ ഭാര്യയോടുള്ള അസഹിഷ്ണുതയും, അസൂയയും നിറഞ്ഞു കാണാമെന്നാണ്. ബച്ചൻ കുടുംബത്തിലെ കലഹം അറിയാതെ എങ്കിലും ശ്വേതയുടെ പെരുമാറ്റം മൂലം പുറം ലോകം അറിഞ്ഞുവെന്നാണ് അവർ കരുതുന്നത്.

എന്നാൽ, അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പോലും അഭിഷേക് ബച്ചൻ തനിക്ക് ഭാര്യ ഐശ്വര്യയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ, കുടുംബജീവിതത്തിൽ ഐശ്വര്യയുടെ പങ്ക് എത്ര വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു: "വിവാഹശേഷം ഒരു നടൻ എന്ന നിലയിലുള്ള എന്റെ വളർച്ചയ്ക്ക് കാരണം ഐശ്വര്യയാണ്. 'നിങ്ങൾ പോയി അഭിനയിക്കൂ, ആരാധ്യയെ ഞാൻ നോക്കിക്കോളാം' എന്ന് പറഞ്ഞ് അവൾ എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ അവസരം നൽകി."
അഭിഷേകും ഐശ്വര്യയും തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വിവാഹമോചന വാർത്തകളും മറ്റ് അഭ്യൂഹങ്ങളും നേരിട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ തങ്ങളെയും കുടുംബത്തെയും എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിഷേക് തുറന്നുപറഞ്ഞു. "ഇത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. നിങ്ങൾ എന്റെ സ്ഥാനത്തല്ല, എന്റെ ജീവിതം ജീവിക്കുന്നില്ല," അദ്ദേഹം പറഞ്ഞു. മുൻപ് തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകൾ അവഗണിക്കാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ കുടുംബത്തെക്കുറിച്ച് ഇത്തരം വാർത്തകൾ വരുമ്പോൾ അത് കൂടുതൽ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം, 2007 ഏപ്രിൽ 20ന് ബച്ചൻ കുടുംബത്തിന്റെ മുംബൈയിലെ വസതിയിൽ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് അഭിഷേക് ബച്ചനും, ഐശ്വര്യ റായ് ബച്ചനും വിവാഹിതരായത്. മൂന്ന് വർഷത്തിന് ശേഷം, 2011 നവംബർ 16ന് ഇരുവർക്കും ആരാധ്യ ബച്ചൻ എന്ന മകൾ ജനിച്ചു. ഇന്ന്, കൗമാരക്കാരിയായ ആരാധ്യ, അമ്മ ഐശ്വര്യക്കൊപ്പം ഒരുപാട് അവാർഡ് ദാന ചടങ്ങുകളിലും, കാൻ ഫിലിം ഫെസ്റ്റിവലിലും ഒക്കെ സജീവ് സാന്നിധ്യമാണ്.


Click it and Unblock the Notifications











