കരിയറിൽ ആഘോഷിക്കപ്പെട്ട സിനിമ, പക്ഷെ ശ്രീദേവിയുടെ അമ്മയ്ക്കുണ്ടായ സംശയം; ചാന്ദ്നിക്കിടെ സംഭവിച്ചത്
ഇന്ത്യൻ സിനിമയിൽ ശ്രീദേവി എന്ന നടിക്കുണ്ടായിരുന്നു സ്ഥാനം ചെറുതല്ല, അഭിനയ മികവും വശ്യമായ സൗന്ദര്യവും ഒരു പോലെ ഒത്തു ചേർന്ന ശ്രീദേവിക്ക് ശേഷം ഇതേപോലെ ഒരു കരിയർ ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. പുരുഷ സൂപ്പർ സ്റ്റാറുകളുടെ തേരോട്ടം എല്ലാം ഭാഷകളിലും അലയടിക്കവെയാണ് ഇവരോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന നടിയായി ശ്രീദേവി ഉയർന്ന് വന്നത്.
പ്രതിഫലത്തിലും പല നടൻമാരുടെയും മുന്നിൽ ശ്രീദേവിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. അഭിനയിച്ച കഥാപാത്രങ്ങളിലെ വൈവിധ്യമാണ് നടിക്ക് ഇത്രയും ഖ്യാതികൾ നേടിക്കൊടുത്തത്.

റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളിലും ശ്രീദേവി തന്റെതായ കൈയൊപ്പ് ചാർത്തി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം പ്രഗൽഭരായ സംവിധായകർക്കൊപ്പം ശ്രീദേവി പ്രവർത്തിച്ചു.
കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ കൊടുത്തത്. സൂപ്പർ താരമായപ്പോൾ ശ്രീദേവിയെ പോലൊരു നടിയെ വെച്ച് ഒരു സിനിമ ചെയ്യുകയെന്നത് തെന്നിന്ത്യൻ സിനിമാ മേഖലയെ സംബന്ധിച്ച് സാമ്പത്തികമായി ശ്രമകരമായിരുന്നു.

ഹിന്ദി സിനിമാ രംഗത്തെ ശ്രീദേവിയുടെ ജൈത്ര യാത്ര സിനിമാക്കഥ പോലെ നാടകീയമായിരുന്നു പലപ്പോഴും. നടൻമാർക്ക് വരെ അസൂയ തോന്നിച്ച വളർച്ച, ഗോസിപ്പുകൾ, ബോണി കപൂറുമായുള്ള വിവാഹം തുടങ്ങി ശ്രീദേവിയുടെ ജീവിതത്തിൽ ഏറെ സംഭവങ്ങൾ നടക്കുന്നത് ഹിന്ദി സിനിമാ രംഗത്ത് പ്രവർത്തിക്കുമ്പോഴാണ്.
നടിയുടെ കരിയറിൽ ഇന്നും എടുത്ത് പറയുന്ന സിനിമയാണ് ചാന്ദ്നി. ഋഷി കപൂർ, വിനോദ് ഖന്ന, ശ്രീദേവി എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയിലേക്ക് ശ്രീദേവിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് മുമ്പ് അന്തരിച്ച ഫിലിം മേക്കർ യാഷ് ചോപ്ര സംസാരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലെ റൊമാന്റിക്സ് എന്ന സീരീസിലെ എപ്പിസോഡിലാണ് ചാന്ദ്നിയിലേക്ക് ശ്രീവേദി എത്തിയതിനെക്കുറിച്ച് ഇദ്ദേഹം സംസാരിച്ച ഭാഗങ്ങൾ കാണിക്കുന്നതും സിനിമയിൽ പ്രവർത്തിച്ചവർ സംസാരിക്കുന്നതും.
യാഷ് ചോപ്ര അതിന് മുമ്പ് ശ്രീദേവിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ മൂൻട്രാം പിറെെ എന്ന തമിഴ് സിനിമയിലെ ശ്രീദേവിയുടെ പെർഫോമൻസ് അദ്ദേഹത്തിന് ഇഷ്ടമായി.

ഈ സിനിമ യാഷ് ചോപ്രയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തതാവട്ടെ അമിതാഭ് ബച്ചനും. ശ്രീദേവിയെ എങ്ങനെ ഈ സിനിമയിലേക്ക് ക്ഷണിക്കുമെന്ന് യാഷ് ചോപ്രയ്ക്ക് അറിയില്ലായിരുന്നു. അന്ന് ചെന്നെെെയിൽ താമസിക്കുന്ന നടി അപ്പോൾ തന്നെ തിരക്കുള്ള നായിക നടിയാണ്.
നിർമാതാവ് ബോണി കപൂറിനെ ശ്രീദേവിയെ സിനിമയിലേക്ക് ക്ഷണിക്കാൻ വേണ്ടി ചെന്നെെയിലേക്ക് പറഞ്ഞയച്ചു. ശ്രീദേവിയുടെ അമ്മയെ സംബന്ധിച്ച് യാഷ് ചോപ്ര എത്ര വലിയ ഫിലിം മേക്കറാണെന്നതൊന്നും വിഷയമായിരുന്നില്ല.

പ്രതിഫലത്തിലാണ് അവർ പ്രാധാന്യം നൽകിയത്. ശ്രീദേവി സിനിമയിലേക്ക് എത്തിയതോടെ അടുത്ത ചർച്ച അവരുടെ കോസ്റ്റ്യൂമായിരുന്നു. ചാന്ദ്നി എന്ന കഥാപാത്രം വളരെ നിഷ്കളങ്കയാണ്. കോസ്റ്റ്യൂം ഭൂരിഭാഗവും വെള്ള വസ്ത്രങ്ങൾ മാത്രമായതിൽ ശ്രീദേവി ആദ്യം ആശങ്ക അറിയിച്ചിരുന്നത്ര.
എനിക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ട്. സംവിധായകനെന്ന നിലയിൽ നിങ്ങൾക്കെന്നെ വിശ്വാസമുണ്ടെങ്കിൽ താനാഗ്രഹിക്കുന്ന കോസ്റ്റ്യൂം ധരിക്കണമെന്ന് യാഷ് ചോപ്ര പറഞ്ഞത്രെ.
ശ്രീദേവിക്ക് ശേഷം നടിയുടെ അമ്മയും ഇതേ ആശങ്ക പ്രകടിപ്പിച്ചു. തങ്ങളുടെ സമൂഹത്തിൽ വെള്ള ആഘോഷത്തിന്റെ നിറമല്ലെന്നാണത്രെ ശ്രീദേവിയുടെ അമ്മ പറഞ്ഞത്. ഇവരെയും യാഷ് ചോപ്ര കാര്യങ്ങൾ ബോധ്യപ്പെടുത്തി.


Click it and Unblock the Notifications